ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസമായി മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം പുറത്തുവന്നു. ഇതിൻ പ്രകാരം പോസ്റ്റ് സ്റ്റഡി വർക്ക് വിസ തുടർന്നും യുകെയിൽ എത്തുന്ന ഇൻറർനാഷണൽ വിദ്യാർത്ഥികൾക്ക് ലഭിക്കും. പോസ്റ്റ് സ്റ്റഡി വിസയുടെ ആനുകൂല്യം ഇല്ലെങ്കിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2030 ഓടെ 6 ലക്ഷം വിദേശ വിദ്യാർത്ഥികളെയാണ് യുകെയിലെ സർവകലാശാലകൾ ലക്ഷ്യമിടുന്നത് .

പോസ്റ്റ് സ്റ്റഡി വർക്ക് വിസ ദുരുപയോഗം ചെയ്തു എന്നതിന് തെളിവില്ലെന്നാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ കണ്ടെത്തൽ. എന്നിരുന്നാലും വിദ്യാർത്ഥി വിസകളുടെ കാര്യത്തിൽ ഇടനില നിൽക്കുന്ന ഏജൻ്റുമാരുടെ ചൂഷണം ഉണ്ടാകുന്നതായി കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പോസ്റ്റ് സ്റ്റഡി വിസ നിലനിർത്തുന്നതിനെ കുറിച്ചും നിർത്തലാക്കുന്നതിനെ കുറിച്ചും ഗൗരവമായി ചർച്ചകൾ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റ് സ്റ്റഡി വിസ യുകെയിലെ സർവകലാശാലകളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമോ എന്നതും ചർച്ചാ വിഷയമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നത് ഋഷി സുനക് സർക്കാർ അടുത്തിടെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ് . ഇതിൻറെ ഭാഗമായി ഗവേഷണ വിദ്യാർത്ഥികൾക്ക് അല്ലാതെ ഉള്ളവർക്ക് ആശ്രിത വിസയിൽ ബന്ധുക്കളെ യുകെയിൽ കൊണ്ടുവരാൻ കഴിയില്ലെന്ന നിയന്ത്രണം നിലവിൽ വന്നിരുന്നു . എന്നാൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിർത്തലാക്കിയാൽ യുകെയിലെ സർവകലാശാലകൾക്ക് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ പുതിയ നിർദ്ദേശത്തിന് പിന്നിലെന്നുമാണ് പൊതുവെ കരുതുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള കനത്ത ഫീസാണ് തദേശീയരായ വിദ്യാർഥികളുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള ചിലവ് ലഘൂകരിക്കുന്നതിന് സർവ്വകലാശാലകളെ പ്രാപ്തരാക്കുന്നത്.


2023-ൽ മൊത്തം 1.14 ലക്ഷം ഗ്രാജ്വേറ്റ് റൂട്ട് വിസകളാണ് അനുവദിച്ചത് . ഇതിന്റെ ഭാഗമായി 30,000 ആശ്രിതർക്കാണ് വിസ നൽകിയത് . ഇന്ത്യ, ചൈന, പാകിസ്ഥാൻ, നൈജീരിയ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പഠനത്തിനായി യുകെയിൽ എത്തുന്നവരിൽ ഭൂരിപക്ഷവും .ഇതിൽ ആകെ അനുവദിച്ച വിസകളിൽ 40 ശതമാനവും ഇന്ത്യക്കാർക്കാണ്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിലനിർത്തിയെങ്കിലും ആശ്രിത വിസയിൽ വന്ന നയമാറ്റം മലയാളികൾക്ക് വൻ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ സമീപഭാവിയിൽ യുകയിലേയ്ക്കുള്ള മലയാളി വിദ്യാർഥികളുടെ ഒഴുക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്.