ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായ ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം രണ്ടായി പിളർന്നു. റായ്പൂരിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള വനമേഖലയായ ശ്യാമഗിരി ഹിൽസിലേക്കു പോകുന്പോഴായിരുന്നു ആക്രമണം. വചേലിയിൽനിന്നു കുവാകോണ്ടയിലേക്കു പോകുകയായിരുന്നു എംഎൽഎയും സംഘവും. ആക്രമണത്തിൽ ബിജെപി എംഎൽഎ ഭീമ മണ്ഡാവിയും നാലു പോലീസുകാരും കൊല്ലപ്പെട്ടു. മൂന്നു വാഹനങ്ങളാണു വ്യൂഹത്തിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ മണ്ഡാവി സഞ്ചരിച്ച ബുള്ളറ്റ് പ്രൂഫ് എസ് യുവി ആകാശത്തേക്ക് ഉയർന്നശേഷം രണ്ടായി പിളർന്നാണു നിലംപതിച്ചത്. മാരക പ്രഹരശേഷിയുള്ള ഐഇഡി ഉപയോഗിച്ചായിരുന്നു മാവോയിസ്റ്റുകൾ സ്ഫോടനം നടത്തിയത്. 20 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പ്രദേശവാസി എൻഡിടിവിയോടു പ്രതികരിച്ചു.
ബോംബ് സ്ഥാപിക്കുന്നതിനായി മാവോയിസ്റ്റുകൾ റോഡിനനടിയിൽ ടണൽ കുഴിച്ചിരുന്നു. സ്ഫോടനത്തിനു പിന്നാലെ മാവോയിസ്റ്റുകൾ വാഹനവ്യൂഹത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. വെടിവയ്പ് അരമണിക്കൂർ നീണ്ടു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായാണ് മാവോയിസ്റ്റുകൾ കടന്നത്. ദന്തേവാഡ ഉൾപ്പെടുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിൽ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. 2013 മേയിൽ ബസ്തറിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മുതിർന്ന കോണ്ഗ്രസ് നേതാവ് മഹേന്ദ്ര കർമ, മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല എന്നിവർ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.
Leave a Reply