ബിനോയ് എം. ജെ.

പുതിയ തലമുറയെ വാർത്തെടുക്കുന്ന പ്രക്രിയയാണല്ലോ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് എന്ത് പറ്റി എന്ന ചോദ്യം ആദ്യം തന്നെ അധ്യാപകരോടും വിദ്യാഭ്യാസ വിചക്ഷണന്മാരോടും ചോദിക്കാം. നിങ്ങൾ ഒരു സാധാരണ വിദ്യാർത്ഥിയോട് സംസാരിച്ചു നോക്കൂ- അവന് യാതൊന്നും അറിഞ്ഞുകൂടാ.. അദ്ധ്യാപകരും മാതാപിതാക്കളും എന്തെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ അവന് അതറിയാം അതിനപ്പുറം അവന് യാതൊന്നും അറിഞ്ഞുകൂടാ.. ഇത് ലജ്ജാ കരമല്ലേ ?അവന് ഒരു കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കുവാൻ അറിയാം. അപ്പോൾ തന്നെ അവൻ ഒരു വ്യക്തിയല്ല ;അവൻ ഒരു മനുഷ്യൻ അല്ല;അവൻ ഒരു യന്ത്രം മാത്രം!

ഈ സമൂഹം പുരോഗതിയിലേക്ക് ആണ് നീങ്ങുന്നത് എന്ന് കരുതേണ്ട. മറിച്ച് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ആണ് അത് നീങ്ങുന്നത്. കാരണം നമ്മുടെ പൗരൻമാർക്ക് ആത്മ ബഹുമാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആത്മ ബഹുമാനം നഷ്ടപ്പെട്ടവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ആത്മ ബഹുമാനം നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അത് പണ്ടും അങ്ങിനെ തന്നെ ആയിരുന്നു. ഭാവിയിലെങ്കിലും ഇതിന് ഒരു മാറ്റം വരട്ടെ! ചെറുപ്രായത്തിൽ തൊട്ടുതന്നെ നാം കുട്ടികളെ ഉപദ്രവിച്ചു തുടങ്ങുന്നു. കുട്ടികളെ തല്ലിവളർത്തണം എന്ന് വാദിക്കുന്നവർ ആധുനിക സമൂഹത്തിലും ഉണ്ട് എന്നുള്ളതാണ് സത്യം. കുട്ടികളെ തല്ലി വളർത്തിയാൽ എന്ത് ദോഷമാണ് സംഭവിക്കുന്നത്? താൻ തല്ല് കൊള്ളേണ്ടവനാണെന്നുള്ള അപകർഷത ചെറുപ്രായത്തിൽതന്നെ അവനിൽ രൂഢമൂലമാകുന്നു. ഈ അപകർഷത മരിക്കുന്നതുവരെ അവനെ വിട്ടു മാറുകയുമില്ല.

കുട്ടികളെ പന്ത്രണ്ട് വയസ്സുവരെ യാതൊന്നും പഠിപ്പിക്കരുതെന്ന് ആർഷ ഭാരത സംസ്കൃതിയിൽ പറയുന്നു . അത് അവന്റെ മൃദുലമായ ശൈശവമാണ്. ആ പ്രായം വരെ അവനവന്റെ ജീവിതം ആസ്വദിച്ചും അവന്റേതായ രീതിയിൽ പഠിച്ചും കൊണ്ട് മുന്നോട്ടു പോകട്ടെ. ആരിൽ നിന്നും കടം എടുക്കാത്ത ഒരു വ്യക്തിത്വം അവൻ സ്വന്തമായിട്ട് സമ്പാദിക്കട്ടെ. അവൻ സ്വയം എന്തെങ്കിലും ഒക്കെ പഠിക്കട്ടെ. അത് അവന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തേക്കുക. അവൻ എന്തു പഠിക്കുന്നു എന്ന് അവൻ മാത്രം അറിഞ്ഞിരുന്നാൽ മതി. നമുക്ക് അതിൽ തലയിടാതിരിക്കാം. അവൻ എന്തെങ്കിലും സ്വന്തമായിട്ട് പഠിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുകളിൽ കൂടുതൽ അറിവിനെ പ്രതിഷ്ഠിക്കുവാൻ കഴിയും. മറിച്ച് യാതൊന്നും പഠിക്കുന്നതിനു മുമ്പേ നാം അവനെ പഠിപ്പിക്കുവാൻ ഇറങ്ങിത്തിരിച്ചാൽ അത് വളരെയധികം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. സ്വന്തമായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിൽ ഇന്ന് കുട്ടികൾ പരാജയപ്പെടുന്നു. സ്വന്തമായി എന്തെങ്കിലും പഠിക്കുവാനുള്ള കഴിവ് അവന് നഷ്ടപ്പെട്ടു പോകുന്നു.

ആരും ആരെയും ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല . ആറിവ് സമ്പാദിക്കുന്നത് മനുഷ്യസഹജമായ ഒരു വാസനയാണ്. കുട്ടികൾ താനെ പഠിച്ചു കൊള്ളും.. സ്പൂൺ ഫീഡിംങ്ങ് കൊണ്ട് ദോഷം അല്ലാതെ ഗുണമൊന്നും ഉണ്ടാകുവാൻ പോകുന്നില്ല. ‘ഗുരു’ എന്നാൽ അന്ധകാരം നീക്കുന്നവൻ എന്നാണർത്ഥം. (‘ഗു’ ശബ്ദം അന്ധകാരം, ‘രു’ ശബ്ദം തൻ തിരോധനം.) എന്നാൽ നമ്മുടെ അധ്യാപകർ കുട്ടികളിൽ നൈസർഗ്ഗികമായുള്ള അറിവിന്റെ വെളിച്ചത്തെ ആദ്യമേതന്നെ ചവിട്ടി പുറത്താക്കുന്നു. ആ അന്ധകാരത്തിലേക്ക് പുറത്തുനിന്നുള്ള വ്യാജമായ അറിവിനെ കുത്തിനിറയ്ക്കുന്നു.

കുട്ടികളെ ചവിട്ടി തൂക്കുന്നതിന് പകരം അവരെ ബഹുമാനിക്കാൻ പഠിക്കുക. അവരെ പഠിപ്പിക്കുന്നതിന് പകരം അവരിൽ നിന്നും പഠിക്കുവാൻ ശ്രമിക്കുക. അപ്പോൾ കുട്ടികളുടെ മനസ്സിൽ തങ്ങൾ വിലയുള്ളവരും മൂല്യമുള്ളവരും ആണെന്ന ബോധം നിറയുന്നു. ബാക്കി കാര്യങ്ങൾ അവൻ സ്വയം നോക്കിക്കൊള്ളും. നമുക്ക് വിരമിക്കാം.. തലോടേണ്ട പ്രായത്തിൽ ചവിട്ടിത്തൂക്കാതിരിക്കാം. അപ്പോൾ അവർക്ക് നമ്മോടും സമൂഹത്തോടും സ്നേഹബഹുമാനങ്ങൾ തോന്നും. അതല്ലേ വിദ്യാഭ്യാസം കൊണ്ടു നേടിയെടുക്കേണ്ട ഏറ്റവും വലിയ കാര്യം?

 

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.