കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ ഒടുവില്‍ പാര്‍ട്ടി നടപടി. എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാന്‍ തീരുമാനിച്ച സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് അവരെ തരംതാഴ്ത്തി.

സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നല്‍കും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ദിവ്യ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്.

അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതി ചേര്‍ത്തതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

എന്നാല്‍ പാര്‍ട്ടി നടപടിയിലേക്ക് തല്‍കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഇതില്‍ വലിയ സമ്മര്‍ദ്ദം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായതോടെയാണ് പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. ദിവ്യയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.