ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ എന്ന യുവാവ്. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന രോഗമാണ് പ്രഭുലാലിന് പിടിപെട്ടത്.. ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്തിൽ ഒരു ചെറിയ മറുക് ഉണ്ടായിരുന്നു. പ്രഭൂലാലിനൊപ്പം മറുകും വളർന്നു. ഇപ്പോൾ തല മുതൽ വയറിന്റെ മുക്കാൽ ഭാഗം വരെ മറുക് മൂടികഴിഞ്ഞു. ചെവി വളർന്ന് തോളത്ത് മുട്ടുന്ന അവസ്ഥയാണ്. കൂലിവേല ചെയ്യുന്ന പ്രഭുലാലിന്റെ അമ്മയും അച്ഛനും മകന്റെ ചികിത്സയ്ക്കായി പോകാൻ ഇനി ആശുപത്രികളില്ല. ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറുക് മുഴപോലെ വരുന്ന അവസ്ഥയിലാണിപ്പോൾ പ്രഭുലാൽ. വേദന അസഹനീയമാകുമ്പോൾ പഴുപ്പ് കുത്തിക്കളയും.
തന്റെ ജീവിതത്തിലെ അനുഭവങ്ങെക്കുറിച്ച് പ്രേംലാൽ മനസ്സ് തുറക്കുന്നു.
പ്രേംലാലിന്റെ വാക്കുകൾ ഇങ്ങനെ, സ്‌കൂൾ കാലഘട്ടം മുതൽ എന്റെ മുഖത്തെ കറുപ്പിന്റെ വേദന ഞാൻ അറിഞ്ഞു. കൂട്ടുകാർക്ക് എന്നെ കാണുന്നതേ പേടിയായിരുന്നു. പലരും അകന്നു മാറി. അവരൊക്കെ എന്നെ പേടിയോടെ നോക്കി നിന്ന നിമിഷം ഇന്നും കൺമുന്നിലുണ്ട്. ഒരാൾക്കും കൂട്ടു കൂടാനാകാത്ത… ചേർത്തു നിർത്താനാകാത്ത എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണ് ആ കാലത്തെ ഞാൻ ഓർക്കുന്നത്.അങ്ങനെയൊരു വേദന ആർക്കും വരാതിരിക്കട്ടെ.
എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് മറ്റൊരു സംഭവം ഉണ്ടായത്.ഒരിക്കൽ ഉത്സവസത്തിന് പോയി മടങ്ങാൻ നേരം ബസിൽ ഓടിക്കയറി. കയറിയ പാടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് ശ്രദ്ധയിൽ പെട്ടു. ഞാൻ ഒന്നും നോക്കാതെ ആ സീറ്റിൽ പോയിരുന്നു. പക്ഷേ അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും അലറിവിളിച്ചു. അത് ബസിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ശ്രദ്ധിച്ചു.ആ നിമിഷം മുതൽ ബസിൽ കൂടി നിന്ന മുഴുവൻ പേർക്കും ഞാൻ കാഴ്ച വസ്തു ആകുകയായിരുന്നു.
ഇതിനടോകം തന്നെ ആയൂർവേദം, ഹോമിയോപ്പതി, അലോപ്പതി എല്ലാം ശ്രമിച്ചു. അതിൽ അലോപ്പതിയിൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ എല്ലാ ഡോക്ടർമാരും ഒന്നൊന്നായി കയ്യൊഴിഞ്ഞു. ഒടുവിൽ എത്തി നിന്നത് മംഗലാപുരത്തെ ഒരുസ്വകാര്യ ആശുപത്രിയിൽ. അവർ മുന്നോട്ടു വച്ച ഒരേ ഒരു വഴി പ്ലാസ്റ്റിക് സർജറി. അപ്പോഴും ഒരു കണ്ടീഷൻ. എന്ന് ഈ മറുകിൻറെ വളർച്ച എന്ന് നിൽക്കുന്നുവോ അന്നേ ആ മാർഗവും എനിക്കു മുന്നിൽ തുറക്കൂ.
വേദനയുടെ ആ നാളുകളിൽ എന്റെ അമ്മയായിരുന്നു എനിക്ക് കൂട്ട്.ചേട്ടൻ ഗുരുലാൽ ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച മറ്റൊരു ചാലകശക്തി. എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചും, കളിക്കാൻ മറ്റുള്ളവർക്കൊപ്പം കൂട്ടിയും ചേർത്തു നിർത്തി. അനിയത്തി വിഷ്ണുപ്രിയക്കും ഞാൻ അസാധാരണത്വങ്ങൾ ഏതുമില്ലാത്ത പൊന്നേട്ടനായി.
നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളജിൽനിന്ന് കോമേഴ്സിൽ ബിരുദം നേടിയ ശേഷം ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്ങിൽ ഡിപ്ലോമ സമ്പാദിച്ചു. ഇപ്പോൾ കേരള വാട്ടർ അതോറിറ്റി ഹരിപ്പാട് സബ് ഡിവിഷനിൽ താൽക്കാലിക അടിസ്ഥാനത്തിൽ എൽ.ഡി ക്ലർക്കായി ജോലിചെയ്യുന്നു. വിദൂരവിദ്യാഭ്യാസത്തിലൂടെ മധുര കാമരാജ് സർവകലാശാലയിൽ അവസാന വർഷ എം.കോം വിദ്യാർഥിയുമാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ശാരീരിക ബുദ്ധിമുട്ടുകളാൽ വീടുകളിൽ തളച്ചിടപ്പെട്ടവരെ കലാപരമായി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ഏറെ താൽപര്യം. ലോക്ഡൗൺ കാലത്ത് വീടുകളിൽ കഴിയാൻ നിർബന്ധിക്കപ്പെട്ട മറ്റുള്ളവർക്ക് ജീവിതകാലം മുഴുവനും ഒറ്റപ്പെട്ട് കഴിയുന്നവരെ കുറിച്ച് ഓർക്കാനുള്ള അവസരമാണ് വന്നുചേർന്നിരിക്കുന്നതെന്ന് ഈ 24കാരൻ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളിയായ പിതാവ് തൃക്കുന്നപ്പുഴ പ്രസന്നൻ കവിയും സാഹിത്യകാരനുമാണ്. അദ്ദേഹത്തിെൻറ പല രചനകളും പുസ്തക രൂപത്തിലായിട്ടുണ്ട്. പുതിയ ചിലത് പുസ്തകമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ലോക്ഡൗൺ വന്നുപെട്ടത്. ജ്യേഷ്ഠൻ: ഗുരുലാൽ. അനുജത്തി: വിഷ്ണുപ്രിയ.
Leave a Reply