നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ക്കപ്പെട്ട പ്രാഗിലെ കന്യാമറിയത്തിന്റെ ചരിത്രപ്രതിമ തല്‍സ്ഥാനത്ത് പുനസ്ഥാപിച്ചു. 1652-ൽ സ്വീഡനെതിരായ കത്തോലിക്കാ അനുകൂല ഹബ്സ്ബർഗ് സേനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായാണ് പ്രതിമ ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹബ്സ്ബർഗ് സാമ്രാജ്യം തകർന്നപ്പോൾ 1918 നവംബറിൽ ഒരു കൂട്ടം പരിഷ്‌ക്കരണവാദികള്‍ പ്രതിമ തകര്‍ത്തു. ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമായാണ് വിപ്ലവകാരികൾ അതിനെ കണ്ടത്.
ചെക്ക് തലസ്ഥാനത്തെ ഓൾഡ് ടൗൺ സ്ക്വയറിലാണ് 17 മീറ്റർ ഉയരത്തിലുള്ള കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചിരിക്കുന്നത്. ശില്പിയായ പെറ്റർ വാന-യുടെ ഏറെ നാള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയായത്. ഏഴ് മണിക്കൂർ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് മൂന്ന് ടൺ ഭാരമുള്ള പ്രതിമ പഴയ സ്ഥലത്ത് സ്ഥാപിച്ചത്.
തകര്‍ക്കപ്പെട്ട പഴയ പ്രതിമയുടെ അവശിഷ്ടങ്ങള്‍ ചെക്ക് ദേശീയ മ്യൂസിയത്തിന്റെ ഭാഗമായ പ്രാഗിന്റെ ലാപിഡേറിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാഗ് സിറ്റി കൗൺസിലില്‍ നിന്നടക്കം വിവിധ കോണുകളില്‍നിന്നും പ്രതിമ പുനസ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് കന്യാമറിയത്തെ പഴയ സ്ഥാനത്തേക്ക് എത്തിച്ചത്.
ഈ പ്രതിമ ഇപ്പോഴും ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്നും രാജ്യത്ത് കത്തോലിക്കാ ആധിപത്യം നടപ്പാക്കുമെന്ന ആശയമാണ് അത് മുന്നോട്ടു വയ്ക്കുന്നതെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗവും നിരീശ്വരവാദികളുമാണ് എതിര്‍പ്പുകളുടെ മുന്‍ നിരയില്‍ ഉള്ളത്. യൂറോപ്പില്‍ മത വിശ്വാസികള്‍ ഏറ്റവും കുറവുള്ള രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്.
Leave a Reply