തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരന്റെ വീടും വെള്ളത്തിലായി. വീടിനുള്ളിൽ അകപ്പെട്ട സുധീരനെയും കുടുംബത്തെയും അഗ്നിശമനസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. സുധീരന്റെ തിരുവനന്തപുരത്തുള്ള ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്.
ഗൗരീശപട്ടത്തുണ്ടായ വെള്ളപ്പൊക്കത്തിൽ നേരത്തെ 18 കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പിന്നീട് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. അഞ്ച് മണിക്കൂറാണ് ഇവർ വീടിനുമുകളിൽ അഭയം പ്രാപിച്ചത്.
ഇന്ന് പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങൾ ഒറ്റപ്പെടാൻ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാൽ ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല.
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനം പ്രളയത്തിൽ മുങ്ങുകയായിരുന്നു.
Leave a Reply