ബാഴ്സലോണ: പ്രാങ്ക് വീഡിയോ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ ഏറെ പ്രചാരമുള്ളവയാണ്. എന്നാല്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി ആളുകളെ കബളിപ്പിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക. ബാഴ്‌സലണോയില്‍ പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നതിനായി യുവതിയെ ചവിട്ടി വീഴ്ത്തിയതിന് അവതാരകന്‍ 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.
പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മരിയോ ഗാര്‍ഷ്യ എന്നയാള്‍ റോഡരികില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്ന യുവതിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. താഴെ വീണ യുവതിക്ക് കാര്യമായ പരിക്കേറ്റു. തുടര്‍ന്ന് 75 ദിവസത്തോളം യുവതിക്ക് ജോലിയില്‍ നിന്ന് അവധിയെടുക്കേണ്ടി വന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം. ചവിട്ടി വീഴ്ത്തിയ ശേഷം തന്നെ കളിയാക്കി ചിരിച്ച വീഡിയോ നിര്‍മ്മാതാക്കളെ യുവതി ചീത്ത വിളിക്കുകയും ചെയ്തിരിന്നു.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ യുവതി നഷ്ടപരിഹാരമായി 45,000 യൂറോ ആവശ്യപ്പെട്ടു. എന്നാല്‍ 60,000 യൂറോ നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യുകയായിരുന്നു. ആളുകളെ ഭയപ്പെടുത്തുക, കെണിയില്‍ വീഴ്ത്തുക, കളിയാക്കുക തുടങ്ങിയവയാണ് പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നവര്‍ ചെയ്യുന്ന പ്രധാന കാര്യങ്ങള്‍.
Leave a Reply