മുൻമിസ്‌കേരളയടക്കമുള്ള മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇവരുടെ മരണകാരണായ വാഹനാപകടത്തിന് കാരണമായത് മത്സരയോട്ടമാണ് എന്ന് പോലീസ് വ്യക്തമാക്കി. മോഡലുകളുടെ കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന ഷൈജുവിന്റെ മൊഴിയാണ് മത്സരയോട്ടം നടന്നുവെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്.
ഷൈജുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. അമിതവേഗത്തിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ പിന്നാലെ പോയതെന്നാണ് ഷൈജു പറഞ്ഞത്. ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിന്റെ ഉടമയാണോ ഇവരെ പിന്തുടർന്നത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
ഷൈജുവും മോഡലുകളുടെ കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്‌മാനും മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. മനപൂർവ്വമല്ലാത്ത നരഹത്യക്കായിരിക്കും മോഡലുകളുടെ കാർ ഓടിച്ച അബ്ദുൾ റഹ്‌മാനെതിരെ കേസെടുക്കുക. ഷൈജുവിനെതിരെ ഈ വകുപ്പ് ചുമത്താൻ സാധിക്കാത്തതിനാൽ പ്രത്യേക വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക.
അതേസമയം, ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും ഹോട്ടലുടമ ഒളിവിലായതും ദുരൂഹതകൾ ബാക്കിയാക്കുകയാണ്. ഹോട്ടലുടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ കാരണമെന്താണെന്നും പോലീസ് അന്വേഷിക്കുകയാണ്. ഡിജെ പാർട്ടിക്കിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായതിനെ തുടർന്നാണോ ദൃശ്യങ്ങൾ നശിപ്പിച്ചത് എന്നും പരിശോധിക്കുന്നുണ്ട്.











Leave a Reply