കൊച്ചി: കോവിഡ് പ്രതിസന്ധിയിലും വില്പന പൊടിപൊടിച്ച് ഇ-കൊമേഴ്‌സ് കമ്പനികൾ. 26,000 കോടി രൂപയുടെ വില്പനയാണ് നാലുദിവസം കൊണ്ട് ആമസോണും ഫ്ലിപ്‌കാർട്ടും നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ്‌ വില്പനയാണ് നടത്തിയതെന്ന് കമ്പനികൾ പറയുന്നു.

2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്. മൊബൈൽ ഫോൺ, ലാപ്‌ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്‌ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്.

നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈൽ, ഫാഷൻ, ഇലക്‌ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്‌മെന്റുകൾ വീതം പ്ലാറ്റ്‌ഫോമിന് ലഭിച്ചു.

പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ രണ്ടിരട്ടി വളർച്ച ഉണ്ടായി. ഫാഷൻ വിഭാഗത്തിൽ 1,500 പുതിയ നഗരങ്ങളിൽനിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചു.