കാരൂർ സോമൻ

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മനാട്ടിൽ വരുന്നതിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. സർക്കാർ ഉദേശിക്കുന്നത് അവരിൽ പലരും കോവിഡ് രോഗികൾ എന്നാണ്. ആയിരകണക്കിന് ആരോഗ്യരംഗത്തുള്ളവരെ സർക്കാർ തീറ്റിപോറ്റുന്നത് രോഗിയെ ചികിൽസിച്ചു സുഖപ്പെടുത്താനാണ്. അതിനുള്ള അടിസ്ഥാന മാർഗ്ഗങ്ങളല്ലേ സർക്കാർ നോക്കേണ്ടത്? ഗൾഫ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ജന്മദേശത്തേക്ക് വരാൻ ആഗ്രഹിക്കുമ്പോൾ അവർ അപകടകാരികൾ, രോഗമുള്ളവർ എന്നൊക്കെ പറഞ്ഞാൽ അവരെ നൊന്ത് പ്രസവിച്ച അമ്മമാർ സഹിക്കുമോ? മനുഷ്യമനസ്സിലെ വെറുപ്പും, അസഹിഷ്ണതയും , അസംതൃപ്തിയുമാണ് ഇത് വെളിപ്പെടുത്തുന്നത്.

കേരളത്തിന്റ ചികിത്സാചരിത്രം നമ്മുടെ ഭരണാധികാരികൾക്ക് അറിയില്ലേ? പോർച്ചുഗീസുകാർ 1482 ൽ വന്ന നാളുമുതൽ മുതൽ ചികിൽസാരംഗത്തു ഇന്ത്യയിൽ കേരളം വളരെ മുന്നിലാണ്. അറിവിലും ആരോഗ്യ രംഗത്തും പാശ്ചാത്യരുടെ വരവ് കേരളത്തിന് ഏറെ ഗുണം ചെയ്തു. 1813 ൽ റാണി ഗൗരിലക്ഷിമിഭായിയുടെ ഭരണകാലത്തു് കൊട്ടാരത്തിൽ മാത്രം തങ്ങി നിന്ന പാശ്ചാത്യ ചികിത്സ പാവങ്ങളിലേക്ക് ബ്രിട്ടീഷ്‌കാരുടെ നിര്ബന്ധ പ്രകാരം മാരകമായ വസൂരിക്കുള്ള മരുന്നുമായി കടന്നു വന്നു. ബ്രിട്ടീഷ് ഡോക്ടർമാർ തുറന്നുപറഞ്ഞു. രോഗത്തിന് പാവപെട്ടവനോ പണക്കാരനോ എന്നൊന്നില്ല. ഇതിനായി തൈക്കാട്ട് 1816 ൽ ഒരു ഔഷധശാല തുടങ്ങി. മരുന്ന് എല്ലാവര്ക്കും സൗജന്യമാണ്. മരണം കണ്ടുകൊണ്ടിരുന്ന മനുഷ്യർ മതത്തിന്റ ചങ്ങലകളെ അന്ധവിശ്വാങ്ങളെ പൊട്ടിച്ചുകളഞ്ഞു.ഇന്ന് കൊറോണ ദൈവം മനുഷ്യനെ ചങ്ങലയിൽ തളച്ചു. തടവറയിലാക്കി.ദേവാലയങ്ങൾ അടപ്പിച്ചിട്ടും പ്രബുദ്ധ കേരളം ദൈവത്തെ കണ്ടില്ല. സത്യം അറിഞ്ഞിട്ടില്ല. ചരിത്രപാഠമറിയാത്ത സിനിമാപ്രേമികൾക്ക് ഇതിനൊക്കെ എവിടെയാണ് നേരം?

കേരള സർക്കാർ പറയുന്ന ജാഗ്രത എല്ലാവര്ക്കും വേണ്ടതാണ്. അതിന് ആർക്കാണ് എതിർപ്പുള്ളത്? ഇന്ത്യയിൽ 500 ലധികം വിമാനങ്ങൾ കിടക്കുമ്പോൾ എന്തുകൊണ്ടാണ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി വിമാനം ഇന്നുവരെ വിട്ടില്ല? ലോകത്തിന്റ എല്ലാം കോണുകളിൽ നിന്നും അവർ കണ്ണീരൊഴുക്കുന്നു. ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ പോലും അതിൽ ശരിക്കൊന്നു ഇരിക്കാൻ പറ്റിയ സീറ്റുപോലും ഇല്ലാഞ്ഞിട്ടും വിട്ടുകൊടുക്കാൻ തയ്യാറായില്ല? പ്രവാസികളെ ജോലിയും കൂലിയും കൊടുക്കാതെ നാടുകടത്തി അതാണ് ഇന്ത്യൻ ജനാധിപത്യം ചെയ്ത ആദ്യത്തെ അപരാധം അല്ലെങ്കിൽ കുറ്റകൃത്യം. ആ വകയിൽ നല്ലൊരു തുകയും കേന്ദ്ര സർക്കാർ ഈടാക്കി. ഇന്ന് ആ കണക്ക് നോക്കിയാൽ കോടികൾ, മില്യനാണ്. എയർ ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത പാവങ്ങൾക്ക് അതിൽ നിന്ന് ഒരു ചില്ലികാശ് ഈ വെള്ളാനകൾ കൊടുത്തില്ല. ഇറാക്ക് യുദ്ധകാലത്തു് നാട്ടിൽ വന്നവർ ടിക്കറ്റിന് പണം കൊടുത്തില്ല. സർക്കാരുകൾ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് തുക കൊടുക്കുന്നതാണ് മാന്യത. കാരണം കൊറോണ അവർ സൃഷ്ഠിച്ചതല്ല. ദേശീയ ദുരന്തമായി കണ്ട് പ്രവാസികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ വിദേശകാര്യ വകുപ്പ് വിദേശ രാജ്യങ്ങളിൽ പൗരത്വം സീകരിച്ചുവർക്ക് പോലും അവർ കൊടുത്ത പണം മടക്കികൊടുത്തിട്ടില്ല. ഇതൊക്കെ അനീതിയാണ്. ഇതിനെയാണ് പകൽ കൊള്ള എന്ന് പറയുന്നത്. ഇന്ത്യൻ പാസ്സ്പോർട്ടുള്ള പൗരന്മാരെ, വിദേശ ഇന്ത്യൻ പൗരന്മാരെ ഈ ദുർഘട വേളയിൽ ജന്മനാട്ടിലേക്ക് കൊണ്ടുവരേണ്ടത് ആരുടെ ചുമതലയാണ്? ഇവരാണോ നിസ്വാർത്ഥ സേവകരായ ഭരണാധിപന്മാർ? ജീവകാരുണ്യ പ്രവർത്തനങ്ങളിൽപ്പെടുത്തിയെങ്കിലും പ്രവാസികളെ ജന്മനാട്ടിലെത്തിക്കണം.

പുറത്തു നിന്ന് രോഗികൾ വന്നതുകൊണ്ട് രോഗം വർധിച്ചുവെന്ന കേരള സർക്കാർ സമീപനം പ്രവാസികളോടുള്ള വെല്ലുവിളിയാണ്. ഒരു നാടിനെ പട്ടിണിയിൽ നിന്ന് കരകയറ്റിയ പ്രവാസികൾ അവർ ഇന്ത്യയിൽ, ഗൾഫിൽ, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരെങ്കിലും അവസരവാദ രാഷ്ട്രിയക്കാരെപോലെ അപമാനിക്കുന്നത് നല്ലൊരു സർക്കാരിന് ചേർന്നതല്ല. അവർ സ്വന്തം വീട്ടിൽ നിന്ന് ഉത്പാദിപ്പിച്ച രോഗമല്ല കൊറോണ കോവിഡ്. വികസിത രാജ്യങ്ങളെ താറുമാറാക്കാൻ ചൈന വികസിപ്പിച്ചെടുത്ത ജൈവ ആയുധം ആര്ക്കാണ് മനസ്സിലാകാത്തത്? എന്റെ ഇറ്റലി യാത്രയിൽ ധാരാളം ചൈനക്കരെ കണ്ടിരുന്നു. അന്ന് കരുതിയത് ഇവർ ടൂറിസ്റ്റുകളായി വന്ന കൊറിയ, ജപ്പാൻ, തായ്‌ലാൻഡ് രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരിക്കുമെന്നാണ്. ഇറ്റലിക്കാർ ചത്തൊടുങ്ങിയപ്പോൾ ഞാൻ കണ്ടവർ ചൈനയിൽ നിന്നുള്ളവരെന്ന് സുകൃത്തുക്കൾ വഴി അറിയാൻ കഴിഞ്ഞു. ഇറാക്ക് യുദ്ധകാലത്തു് സൗദിയിൽ മാസ്ക് അണിഞ്ഞു നടന്നത് സദാം ഹുസ്സയിൻ മിസ്സയിൽ വഴി കെമിക്കൽ വാതകങ്ങൾ കയറ്റിവിടുമോ എന്ന ഭയമായിരിന്നു. ലോകമെങ്ങും ഭീതി വളർത്തി നിരപരാധികളെ കൊന്നൊടുക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയെ വിവരമുള്ളവർ വിലയിരുത്തട്ടെ. അമേരിക്കയുമായി വാതപ്രതിവാദങ്ങൾ നടക്കുകയാണല്ലോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ഭാഗത്തു് കേരള സർക്കാർ പറയുന്നു. പ്രവാസികൾ മടങ്ങിവരട്ടെ. അങ്ങനെയെങ്കിൽ ഇന്നുവരെ കേരളത്തിലേക്ക് എന്തുകൊണ്ട് ട്രെയിൻ സംവിധാനം നടന്നില്ല? വിദ്യാഭാസ യോഗ്യതകൾ അധികമില്ലാത്ത ബംഗാളി, ഒറീസ്സ, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലേക്ക് അവിടുത്തുകാർ കടന്നു പോയി? ഇന്ത്യക്ക് പുറത്തുള്ള പ്രവാസികൾക്ക് എന്തുകൊണ്ടാണ് വിമാന, ട്രെയിൻ സെർവിസ് ആവശ്യത്തിന് നല്കതിരിക്കുന്നത്? മറ്റുള്ളവരുടെ കണ്ണിൽപൊടിയിടാൻ ഏതാനം വിമാനങ്ങൾ വന്നാൽ മതിയോ? ജോലിയില്ലാത്ത, ആഹാരം കഴിക്കാൻ മറ്റുള്ളവരുടെ ഔദാര്യത്തിന്നായി കൈനീട്ടേണ്ട ഒരവസ്ഥ പ്രവാസിക്ക് എന്തുകൊണ്ടുണ്ടായി? രോഗികൾ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, വാടകകൊടുക്കാൻ നിവർത്തിയില്ലാത്തവർ ഇങ്ങനെ പലവിധ ദുരിതങ്ങൾ അനുഭവിക്കുന്നവരെ വിമാനത്തിൽ കയറ്റാതെ മറ്റുള്ളവരുടെ സ്വാധിനം ചെലുത്തി എന്തുകൊണ്ടാണ് വിമാനത്തിൽ കൊണ്ടുവന്നത്? എന്തുകൊണ്ടാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരെ കൊണ്ടുവരാൻ നടപടി സ്വീകരിക്കാത്തത്? അന്നന്ന് കാണുന്നവരെ അപ്പ എന്ന് വിളിക്കുന്ന രാഷ്ട്രീയ പാപ്പരത്തം ഏത് രാഷ്ട്രീയ പാർട്ടിയായാലും അവസാനിപ്പിക്കുക. ജാതിമതങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഭരണ സംവിധാനങ്ങൾ അറിയേണ്ടത് ഭാവിയിൽ എന്ത് സംഭവിക്കും എന്നല്ല. അതിനേക്കാൾ ഇന്നുള്ള മുറിവും ചികിത്സയുമാണ് വേണ്ടത്. പ്രവാസിക്ക് ഇന്നുണ്ടായ ഈ മുറിവ് ഒരിക്കലും മറക്കില്ല. അധികാര പദവികൾ വാരിക്കോരി ആസ്വദിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്ന പാവം പ്രവാസിയെ അവന്റെ ദുരിത നാളുകളിൽ അംഗീകരിക്കാൻ മുന്നോട്ടു വരാഞ്ഞത് അവരിൽ എന്തെന്നില്ലാത്ത ഏകാന്തത, അരക്ഷിതത്വബോധം വളർത്തിയിട്ടുണ്ട്. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് അനുകമ്പ സഹജീവികളോട് കാട്ടേണ്ടത്. പ്രവാസികൾ ഭരിക്കുന്ന സർക്കാരുകളുടെ കളിപ്പാവകളോ, പരിഹാസ കഥാപാത്രങ്ങളോ അല്ല എന്നത് ഓർക്കുക. അവർ ശ്രമിച്ചാലും സർക്കാരുകളെ മാറ്റിമറിക്കാൻ സാധിക്കും.

പ്രവാസികൾ കേരളത്തിന്റ സ്വന്തം എന്ന് വീമ്പിളക്കുന്നവർ അവരനുഭവിക്കുന്ന ഇന്നത്തെ ദുർവിധി എന്തുകൊണ്ട് കാണുന്നില്ല? പലരുടേയും കദന കഥകൾ കേൾക്കുന്നത് ചാനലുകൾ വഴിയാണ്. കേരള സർക്കാർ രോഗികളുടെ എണ്ണം വർധിച്ചുവെന്ന് പറയുമ്പോൾ അതിൽ ഊന്നൽ കൊടുക്കുന്നത് പ്രവാസികളെയാണ്. പ്രവാസികൾക്ക് എല്ലാം സൗകര്യവും ഒരുക്കിയ സർക്കാർ ഈ നാടകം എന്തിനാണ് കളിക്കുന്നത്? അവർ വരട്ടെ എന്നല്ലേ പറയേണ്ടത്? സ്തുതിപാഠകരായ എഴുത്തുകാരെപോലെ കേരളത്തിലെ ആരോഗ്യ രംഗവും സ്തുതിപാഠകരായി മാറിയോ? ലോകെമെങ്ങും ആരോഗ്യ രംഗം ലോകാത്ഭുതമായി പ്രകൃതിക്കുമ്പോൾ കരുത്തുള്ള ഒരു ആരോഗ്യ രംഗം പ്രവാസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കയല്ലേ വേണ്ടത്? പ്രവാസികൾ വിദേശത്തു് പൗരത്വം കിട്ടിയവരായാലും ജന്മനാട് രാഷ്ട്രീയ അധികാരമോഹികളെപോലെ മറക്കാൻ പറ്റുമോ? മാതൃദേശത്തേക്കല്ലാതെ അവർ എവിടെ പോകാനാണ്?

ഗോവയിൽ ഒരാൾ പോലും കോവിഡ് പിടിച്ചു് മരണപെട്ടതായി അറിഞ്ഞില്ല. കേരളത്തേക്കാൾ മികച്ച ആരോഗ്യരംഗം കാഴ്ചവെച്ച പല സംസ്ഥാനങ്ങളുമുണ്ട്. കേരളത്തെപ്പറ്റി ഇത്രമാത്രം വീമ്പ് പറയാൻ എന്തെന്ന് വിദേശത്തുള്ള പലർക്കും മനസ്സിലാകുന്നില്ല. ചില മന്ത്രിമാരടക്കം ഇറ്റലിയെപ്പറ്റി പറഞ്ഞത്. വയോധികരെ നോക്കേണ്ടതില്ല ചെറുപ്പക്കാരെ നോക്കിയാൽ മതിയെന്നാണ്. ഈ കൂട്ടർ മൊത്തം പാശ്ചാത്യ രാജ്യങ്ങളെ അതിൽപ്പെടുത്തി പരിഹസിച്ചു. ഏതാനം ലക്ഷങ്ങൾ പ്രവാസികളുള്ള സംസ്ഥാനത്തു് അവർ തൽക്കാലം വരേണ്ടതില്ല എന്ന് പറഞ്ഞതിനേക്കാൾ കുറ്റകരമാണോ ആശുപ്ത്രിയിൽ ബെഡുകൾ ഇല്ലെന്ന് പറഞ്ഞത്? കേരളത്തിൽ ഇതുപോലെ ആയിരങ്ങൾ മരണപ്പെട്ടാൽ എന്ത് സമീപനമാണ് സ്വീകരിക്കുക? പുതിയ ആശുപത്രികൾ പണിയുമോ? പാശ്ചാത്യ നാടുകൾ വേണ്ടുന്ന ശ്രദ്ധ ആദ്യനാളുകളിൽ കൊടുക്കാത്തതാണ് ഇന്നവർ അനുഭവിക്കുന്ന ദുരിതം. മറ്റുള്ളവരെ അപകൃതിപ്പെടുത്തികൊണ്ടുള്ള ഈ ദുഷ്പ്രചാര വേലകൾ നിർത്തുക.വോട്ടുകിട്ടാനുള്ള തന്ത്രങ്ങളാണ് രാഷ്ട്രീയപാർട്ടികൾ ചെയ്യുന്നതെങ്കിൽ അവർക്ക് ജാതി മത പ്രമാണിമാരുണ്ടല്ലോ. മറുനാട്ടിൽ കഷ്ടപ്പെടുന്ന സ്വന്തം ജനതയെ കൊണ്ടുവന്നിട്ട് നല്ല പിള്ള ചമയുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്നില്ല എന്നൊരു പരാതിയുണ്ട്. ഇതിൽ കേരളവും മാറ്റിവെച്ചിട്ടുണ്ടോ?

ജനങ്ങൾ ചെകുത്താനും കടലിനുമിടയിൽ ദുരിതമനുഭവിക്കുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് സൈബർ ഗുണ്ടകളെ ഇറക്കിവിടാതിരിക്കുക. ഒരു പനിപോലെ വന്നുപോകുന്ന കോവിഡിനെ എന്തോ വലിയ സംഭവമായി സമൂഹത്തിൽ ഭീതി പടർത്തി രാഷ്ട്രീയ ലാഭം കൊയ്യാതിരിക്കുക. ഈ കൂട്ടർ അറിയേണ്ടത് ഇന്ത്യൻ സംസ്ഥാനളെപോലെ വിദേശ രാജ്യങ്ങളായ സ്വീഡൻ, വിയറ്റ്നാം, ആഫ്രിക്കൻ രാജ്യങ്ങൾ ആഗോള തലത്തിൽ കോവിടിലിൽ നിന്ന് രക്ഷപ്പെട്ടു കഴിയുന്നവരാണ്. അവരാരും പൊങ്ങച്ചം പറഞ്ഞു കേട്ടില്ല. ഏത് രോഗമായാലും ശരിയായ ചികിത്സ നടത്തിയാൽ രോഗ സൗഖ്യ൦ നേടും. അതിന് പരിചയ സമ്പന്നരായ ആരോഗ്യ് രംഗത്തുള്ളവർ നമ്മുക്കുണ്ട്. അവർ പൊങ്ങച്ചം പറഞ്ഞാലും ആരും അംഗീകരിക്കില്ല.കാരണം കേരളം വളർത്തിയെടുത്ത ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം മലയാളിക്കുണ്ട്. കേരള സർക്കാർ ഒരു കാര്യമറിയുക. വേണ്ടുന്ന പരിരക്ഷ കിട്ടാതെ പ്രവാസികൾ ലോകമെമ്പാടും മരണപ്പെടുന്നു. സ്വന്തം വിടും നാടും പ്രിയപ്പെട്ടവരെ പിരിഞ്ഞു കൊറോണക്ക് മുന്നിൽ പകച്ചുനിൽക്കുന്നവരാണവർ. അവരുടെ ഏക ആശ്രയം ജന്മനാടാണ്.അവർക്ക് വേണ്ടുന്ന താങ്ങും തണലുമൊരുക്കുക. എത്രയോ എം.പി മാർ ലോകസഭയിലുണ്ട്. അവർ വഴിപോലും സ്വന്തം സഹോദരി സഹോദരങ്ങളെ നാട്ടിൽ എത്തിക്കാത്ത സർക്കാർ സമീപനങ്ങോളോടെ ഒരിക്കലും യോജിക്കാനാവില്ല. രാഷ്ട്രീയ പോരുകൾക്കിടയിൽ ഇവിടെ വേട്ടയാടപ്പെടുന്നത് പാവം പ്രവാസികൾ. സ്വാർത്ഥ ലാഭത്തിന്റെ സാഫല്യത്തിനായി പ്രവാസികളെ ഇരയാക്കാതിരിക്കുക.