ജീവിതത്തില്‍ വലിയ അസ്വസ്ഥതകളിലൂടെയും മാനസിക സമ്മര്‍ദങ്ങളിലൂടെയും താന്‍ കടന്നുപോയതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍. മാനസികമായി ഏറെ പിരിമുറുക്കം അനുഭവിച്ച ഒരു സമയമുണ്ടായിരുന്നെന്നും ആത്മഹത്യ ചെയ്യാന്‍ നോക്കിയിട്ടുണ്ടെന്നും പ്രവീണ്‍ കുമാര്‍ വെളിപ്പെടുത്തി. മാനസിക സമ്മര്‍ദങ്ങളെ താന്‍ അതിജീവിച്ചതു എങ്ങനെയാണെന്ന് പ്രമുഖ ദേശിയ മാധ്യമത്തോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
“മീററ്റില്‍ താമസിക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജീവനൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. നല്ല തണുപ്പുള്ള ഒരു ദിവസം അതിരാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റു. മഫ്‌ളര്‍ ധരിച്ച് കാറില്‍ പുറത്തേക്ക് പോയി. തോക്ക് കയ്യില്‍ എടുത്തിരുന്നു. ഹരിദ്വാറിലേക്കുള്ള ഒരു ഹൈവേയില്‍ കാര്‍ നിര്‍ത്തി. വല്ലാത്തൊരു ഒറ്റപ്പെടല്‍ തോന്നിയ നിമിഷങ്ങളായിരുന്നു അത്. കയ്യിലുണ്ടായിരുന്ന തോക്ക് ഞാന്‍ എന്നിലേക്ക് ചേര്‍ത്തുപിടിച്ചു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തമല്ലായിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ എനിക്ക് തോന്നി. എന്നാല്‍, അപ്പോഴാണ് കാറില്‍ സൂക്ഷിച്ചിരുന്ന മക്കളുടെ ഫൊട്ടോ കണ്ടത്. മക്കളെ ഇവിടെ തനിച്ചാക്കി ഞാന്‍ പോകുന്നത് എങ്ങനെ എന്ന് എനിക്ക് തോന്നി. എന്റെ നിഷ്‌കളങ്കരായ മക്കളോട് ഞാന്‍ ഇത് ചെയ്യാന്‍ പാടില്ല എന്നും മനസ്സില്‍ പറഞ്ഞു” പ്രവീണ്‍ കുമാര്‍ പങ്കുവച്ചു.
മദ്യലഹരിയിൽ അയൽവാസിയെയും മകനെയും മർദിച്ചെന്ന ആരോപണത്തെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് നിരവധി വിമർശനങ്ങൾ കേട്ട താരമാണ് പ്രവീൺ കുമാർ. അയൽവാസിയെയും അയാളുടെ ഏഴ് വയസുള്ള മകനെയും പ്രവീൺ കുമാർ ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതി. നേരത്തെയും പ്രവീൺ കുമാറിനെതിരെ സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 68 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും പ്രവീണ്‍ കുമാര്‍ കളിച്ചിട്ടുണ്ട്. 68 ഏകദിനങ്ങളില്‍ നിന്നായി 77 വിക്കറ്റുകളാണ് പ്രവീണ്‍ കുമാര്‍ നേടിയിട്ടുള്ളത്.
Leave a Reply