ഫ്രാന്‍സിസ് തടത്തില്‍
ന്യൂജഴ്സിയിലെ നാനാജാതി മതസ്ഥരായ മലയാളികളുടെ മനസ്സിലിപ്പോള്‍ ഈയൊരു പ്രാര്‍ത്ഥന മാത്രം. ജേഴ്സി സിറ്റിയില്‍ താമസിക്കുന്ന ആന്റണി പുല്ലന്‍ ഷിബി ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനായ റോണിയെന്ന എട്ട് വയസ്സുകാരന് ആപത്തൊന്നും വരുത്തല്ലേ എന്ന പ്രാര്‍ത്ഥന മാത്രം.
ലുക്കീമിയയയുടെ അവസാന സ്റ്റേജിലെത്തി നില്‍ക്കുകയാണു റോണി. കഴിഞ്ഞ ശനിയാഴ്ചയാണ് കടുത്ത തലവേദനയെ തുടര്‍ന്ന് റോണിയെ ഹാക്കന്‍സാക്ക് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത് . തുടര്‍ന്നു നടത്തിയ രക്ത പരിശോധനയിലാണ് ലുക്കീമിയ അതിന്റെ അഡ്വാന്‍സ്ഡ് ഘട്ടത്തിലെത്തിയതായി അറിഞ്ഞത്, വളരെ വേഗത്തില്‍ പടര്‍ന്ന ലുക്കീമിയ തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു.
ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ഇടവകയിലെ മുഴുവന്‍ ജനങ്ങളും റോണിക്കായി കണ്ണീരോടെ പ്രാര്‍ഥിക്കുകയാണ് . 7 മണിക്കൂര്‍വേണ്ടി വരുമെന്നു കരുതിയ ശസ്ത്രക്രിയ ആറിലേറെ സ്‌പെഷ്യാലിറ്റികളിലെ ഡോക്റ്റര്‍മാര്‍ ചേര്‍ന്ന്മൂന്നു മണിക്കൂര്‍ കൊണ്ടു പൂര്‍ത്തിയാക്കിയത് ദൈവകരുണയൊന്നു കൊണ്ടു മാത്രം .. ഇപ്പോഴിതാ റോണിമോന്റെ ഏറ്റവും പുതിയ എംആര്‍ഐ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ കുഞ്ഞിന്റെ നില വീണ്ടും വഷളായിരിക്കുകയാണ് . കീമോതെറാപ്പിയോട് ഈ ബാലന്റെ അതിദുര്‍ബലമായ ശരീരം ഒട്ടും പ്രതികരിക്കുന്നില്ല .
ഇന്നലെ രാത്രിയോടെ സെഡേഷന്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.കീമോതെറാപ്പി നടത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് . കീമോ ചെയ്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും . അതിവേഗം വളരുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണ് റോണിയെ ബാധിച്ചിരിക്കുന്നത് . അതുകൊണ്ടു തന്നെ രണ്ടാം ഘട്ടമായി തലച്ചോറില്‍ രോഗം പടര്‍ന്ന ശേഷം മാത്രമാണ് കണ്ടെത്താനായത് .
സകല വൈദ്യന്മാരുടെയും വൈദ്യനായ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല . ഏഴുമണിക്കൂര്‍ നീളുമെന്നു കരുതിയ ശസ്ത്രക്രിയ.. അതും 80 ശതമാനവും ജീവന്‍ തിരിച്ചു ലഭിക്കുമെന്നുറപ്പില്ലാതിരുന്ന ശസ്ത്രക്രിയ മൂന്നു മണിക്കൂര്‍ കൊണ്ടു വിജയകരമായി പൂര്‍ത്തിയാക്കിയത്‌ദൈവകരുണ്യം തന്നെ. ആ വലിയ കരങ്ങള്‍ക്ക് റോണിമോനെ പൂര്‍ണമായും സുഖപ്പെടുത്താന്നുമാവും.
ഞായറാഴ്ച അടിയന്തിര ശസ്ത്രക്രിയ വേണ്ടി വരുമെന്നു കേട്ടതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ വികാരി ഫാ.ജേക്കബ് ക്രിസ്റ്റിയുമായി ബന്ധപ്പെട്ടു. സഹവൈദികനെ കുര്‍ബാനയേല്‍പിച്ചിട്ട് ആശുപത്രിയിലെത്തിയ ഫാ.ക്രിസ്റ്റിയുടെ ഉള്ളുതുറന്ന പ്രാര്‍ഥനയ്ക്കു ശേഷമാണ് തിയേറ്ററിലേക്കു കയറ്റിയത്.
പ്രിയവായനക്കാരേ .. ഈ പൈതലിനു വേണ്ടി നിങ്ങളുടെ പ്രാര്‍ത്ഥനകളുമുയരട്ടെ .. നമ്മുടെ കൂട്ടായ പ്രാര്‍ഥന സര്‍വശക്തനായ ദൈവത്തിന് കേള്‍ക്കാതിരിക്കാനാകില്ല . ഏതാണ്ടു മൂന്നര വര്‍ഷം മുമ്പ് ഇതേ രോഗം ബാധിച്ച് പതിനായിരക്കണക്കിനാള്‍ക്കാരുടെ പ്രാര്‍ഥനയുടെ ഫലമായി ഇന്നു നിങ്ങളുടെ മുമ്പില്‍ ജീവിക്കുന്ന വചന സാക്ഷ്യമാണീ ലേഖകന്‍ ! ഈശോയുടെ കരങ്ങളാല്‍ ഈ കുരുന്നു ജീവന്‍ സൗഖ്യമാക്കപ്പെടട്ടെ..
എന്നെ അറിയാത്തവര്‍ പോലും എനിക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണ് ഇന്നു ഞാന്‍ ലുക്കീമിയയില്‍ നിന്നു വിമുക്തനായി നിങ്ങളോടു സംവദിക്കുന്നത്.. അതിനാല്‍ പ്രാര്‍ഥനയില്‍ റോണിമോനു വേണ്ടി നമുക്കുണര്‍ന്നു പ്രവര്‍ത്തിക്കാം . ഈ കുഞ്ഞിനായി പ്രാര്‍ഥിക്കാനൊരു പ്രെയര്‍ ലൈന്‍ തന്നെ രൂപീകരിച്ചിട്ടുണ്ടെന്ന് വികാരി ഫാ. ജേക്കബ് ക്രിസ്റ്റി അറിയിച്ചു .