ബിനോയ് എം. ജെ.

മനസ്സ് ഒരു കംപ്യൂട്ടർ പോലെയാണ്.അതിനെ എങ്ങനെ പ്രോഗ്രാം ചെയ്യുന്നുവോ അതുപോലെ അത് പ്രവർത്തിക്കുന്നു. നമുക്ക് നമ്മുടേതായ ചില മനോഭാവങ്ങൾ ഉണ്ട്. അത് നമ്മുടെ മനസ്സിനെ നമ്മൾ ആ രീതിയിൽ പ്രോഗ്രാം ചെയ്തതുകൊണ്ടാണ്. നമ്മുടേതിൽനിന്ന് നേരെ വിപരീതമായ മനോഭാവങ്ങൾ ഉള്ളവരെയും അനുദിനം നാം കണ്ടുമുട്ടാറുണ്ട്. അവർ തങ്ങളുടെ മനസ്സിനെ മറ്റൊരു രീതിയിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ എല്ലാവരും തന്നെ പണവും അധികാരവും ഇഷ്ടപ്പെടുന്നവരാണ്. അവർ തങ്ങളുടെ മനസ്സിനെ അപ്രകാരം പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. എന്നാൽ മഹാത്മാഗാന്ധിയെയോ, ഫ്രാൻസിസ് അസ്സീസ്സിയെയോ, മദർ തെരേസയെയോ നോക്കുവിൻ. അവർ നമ്മിൽ നിന്നും ഭിന്നമായി ദാരിദ്ര്യത്തെ സ്നേഹിച്ചിരുന്നു. അവർ മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം പ്രോഗ്രാം ചെയ്തിരുന്നു, അത്രതന്നെ!

മനസ്സിനെ പ്രോഗ്രാം ചെയ്യുമ്പോൾ അതിനെ ഏറ്റവും വിശാലമായ രീതിയിൽ പ്രോഗ്രാം ചെയ്യുവിൻ. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം അവന്റെ സങ്കുചിതമായ മനസ്സാണ്. നമ്മൾ ഏതാനും കാര്യങ്ങളെ മാത്രം ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് സങ്കുചിതമാകുന്നു. നമ്മൾ എല്ലാ കാര്യങ്ങളെയും ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് വിശാലമാകുന്നു. നാമേതെങ്കിലും ആഗ്രഹത്തെ മുന്നിൽ കാണുമ്പോൾ നമ്മുടെ മനസ്സ് അതിലേക്ക് പരിമിതപ്പെടുന്നു. എന്നാൽ നാമെല്ലാം ആഗ്രഹിച്ചു തുടങ്ങുമ്പോൾ നമ്മുടെ മനസ്സ് അതിവിശാലമാകുന്നു. എല്ലാറ്റിനെയും സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ എല്ലാറ്റിനെയും ആഗ്രഹിക്കുവാനാവൂ. അയാൾക്ക് എന്തുകിട്ടിയാലും സന്തോഷമാണ്. ഉദാഹരണത്തിന് പേരിനെയും പ്രശസ്തിയെയും ആഗ്രഹിക്കുന്ന ഒരാൾക്ക് അത് കിട്ടിയില്ലെങ്കിൽ ദു:ഖമാണ്. എന്നാൽ അയാൾ പേരിലും പ്രശസ്തിയിലും ആനന്ദം കണ്ടെത്തുന്നതുപോലെ തന്നെ ആരാലും അറിയപ്പെടാതെ ജീവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നുണ്ടെങ്കിൽ അയാൾക്ക് പ്രശസ്തി കിട്ടിയാലും ഇല്ലെങ്കിലും സന്തോഷമാണ്. ഇപ്രകാരം നിങ്ങളുടെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും പരമാവധി വിപുലീകരിക്കുവിൻ. വൈരുധ്യങ്ങളെ ഉൾക്കൊള്ളുവാനാകുന്ന വിധത്തിൽ അതിനെ പാകപ്പെടുത്തുവിൻ.

ഇപ്രകാരം നാം എല്ലാറ്റിനെയും സ്നേഹിച്ചുതുടങ്ങിയാൽ നമ്മുടെ ദിശാബോധം എങ്ങനെയാകും? നാമെന്തിനുവേണ്ടി ജീവിക്കണം? പ്രത്യേകിച്ച് ദിശാബോധം ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ആകാശത്തിൽ സഞ്ചരിക്കുന്ന മേഘങ്ങളെ നോക്കുവിൻ. കാറ്റിന്റെ ദിശയിൽ അവ സഞ്ചരിക്കുന്നു. അവക്ക് സ്വന്തമായി ദിശാബോധമില്ല. ഇപ്രകാരം സാഹചര്യങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ കഴിയുന്നവനാണ് ഏറ്റവും ശ്രേഷ്ഠനായവൻ. അയാൾക്ക് സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ അയാൾക്ക് സ്വാർത്ഥതയും ഇല്ല. അയാൾ ഒരിക്കലും ബാഹ്യലോകവുമായി സംഘർഷത്തിലല്ല. അയാൾ സദാ ബാഹ്യലോകവുമായി സ്വരച്ചേർച്ചയിലാണ്. അതുകൊണ്ട് തന്നെ അയാൾക്ക് പ്രശ്നങ്ങളുമില്ല. അതിനാൽ ജീവിതത്തിന് എന്തെങ്കിലും ആഗ്രഹമോ ലക്ഷ്യമോ വേണമെന്ന് വാശിപിടിക്കാതിരിക്കുവിൻ. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അത് ചെയ്യുവിൻ. ആ കർമ്മം നിഷ്കാമമായിരിക്കട്ടെ. എന്തെങ്കിലും ആഗ്രഹത്തെയോ സ്വാർത്ഥമോഹത്തെപ്രതിയോ ആകാതിരിക്കട്ടെ.

രാഗദ്വേഷങ്ങളാണ് (ഇഷ്ടാനിഷ്ടങ്ങൾ )മനുഷ്യന്റെ ശാപം. ചെറുപ്പം മുതലേ നാം ചിലതിനെയൊക്കെ സ്നേഹിക്കുവാനും മറ്റു ചിലവയെ വെറുക്കുവാനും പഠിക്കുന്നു. ഇഷ്ടമുള്ളവ സംഭവിക്കുമ്പോൾ സുഖവും ഇഷ്ടമില്ലാത്തവ സംഭവിക്കുമ്പോൾ ദുഃഖവും ഉണ്ടാകുന്നു. സമൂഹം ഈ പരിമിതിയെ നന്നായി ചൂഷണം ചെയ്യുന്നു. സമൂഹം അതിന്റെ താളത്തിനൊപ്പിച്ച് നമ്മെ കൊണ്ട് നൃത്തം ചവിട്ടിപ്പിക്കുവാൻ ഈ സാഹചര്യത്തെ ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തി അവയെ കാട്ടിക്കൊണ്ട് നിങ്ങളെ പ്രലോഭിപ്പിക്കുകയും ഇഷ്ടമില്ലാത്ത കാര്യങ്ങൾ കാട്ടി നിങ്ങളെ ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹം നിങ്ങളെ അതിന്റെ ചൊൽപടിക്കു നിർത്തുന്നു. ഇപ്രകാരം നാമെല്ലാവരും സമൂഹത്തിന്റെ അടിമകളായി മാറിയിരിക്കുന്നു. ഇതൊരു വലിയ അപകടം തന്നെയാണ്. ഈ അടിമത്വത്തിൽ നിന്നും കരകയറണമെങ്കിൽ നാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. നമുക്ക് എല്ലാറ്റിനോടും ഇഷ്ടമാണെങ്കിൽ നമ്മെ പ്രലോഭിപ്പിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ സമൂഹത്തിന് കഴിയാതെ വരും. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന സ്വാതന്ത്ര്യത്തെയാണ് മോക്ഷം എന്ന് വിളിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്രകാരം പ്രതിഫലത്തോട് കാട്ടുന്ന ആസക്തിയും ശിക്ഷയോട് കാട്ടുന്ന വിരക്തിയും നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നു. ഒന്ന് ചിന്തിച്ചാൽ പ്രതിഫലവും ശിക്ഷയും തമ്മിൽ എന്തു വ്യത്യാസം? പ്രതിഫലം നമ്മെ അഹങ്കാരികളും, മടിയന്മരും, സുഖഭോഗികളും, ദുർബലരും ആക്കി മാറ്റുമ്പോൾ ശിക്ഷ നമ്മെ മന:കരുത്തുള്ളവരും, കഠിനാധ്വാനികളും, വിനയമുള്ളവരുമാക്കി മാറ്റുന്നു. അതിനാൽ തന്നെ പ്രതിഫലവും ശിക്ഷയും ഒരുപോലെ നല്ലതാണെന്നും അവയെ രണ്ടിനെയും സ്വീകരിക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നും കാണുവാൻ കഴിയും. പരാജയങ്ങളെയും, ദു:ഖങ്ങളെ യും, വേദനകളെയും, രോഗങ്ങളെയും മരണത്തെ പോലും നമുക്ക് ആസ്വദിക്കുവാൻ കഴിയും. മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം ചെയ്യണമെന്ന് മാത്രം. ജീവിതത്തെ അതിന്റെ തനിസ്വരൂപത്തിൽ തൊട്ടറിയുവിൻ. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അറിയണമെങ്കിൽ അതിനെ അതിന്റെ എല്ലാ അർത്ഥ തലങ്ങളിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം ജീവിക്കുവാൻ വേണ്ടി ഇവിടേക്ക് വരികയും ഇവിടെയായിരിക്കുമ്പോൾ ജീവിക്കുവാൻ മടികാട്ടുകയും ജീവിക്കുവാൻ മറന്നു പോകുകയും ചെയ്യുന്നതെന്തുകൊണ്ട്? ജീവിതവിജയമെന്നാൽ ജീവിതത്തിലെ എല്ലാ യാഥാർത്ഥ്യങ്ങളിലൂടെയും വിജയകരമായി കടന്നുപോകുക എന്നതാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120