ബിനോയ് എം. ജെ.

“ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും ചുറ്റികയടിയേറ്റ് മതത്തിന്റെ ഭിത്തികൾ വിറകൊളളുകയും ദുർബലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.”(സ്വാമി വിവേകാനന്ദൻ) ഇത് ശാസ്ത്രത്തിന്റെയോ യുക്തി ചിന്തയുടെയോ കുറ്റമല്ല. കുറ്റം മതത്തിന്റേത് തന്നെ. ശാസ്ത്രത്തിന്റെ വാതായനങ്ങൾ എന്നും തുറന്നു തന്നെ കിടക്കുന്നു. അതിനാൽ അവിടെ സൂര്യപ്രകാശവും വായുസഞ്ചാരവും വേണ്ടുവോളമുണ്ട്. ആർക്കും എന്തും പറയുവാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്; അത് യുക്തിയുക്തം ആയിരിക്കണമെന്ന് മാത്രം. ശാസ്ത്രം ഒരു യുക്തികസർത്തുതന്നെയാണ്. ബൗദ്ധികമായ വ്യായാമത്തിനുള്ള ഏറ്റവും നല്ല കളരിയാണത്. ഇവിടെ സ്വർണ്ണം ഒരുക്കി ശുദ്ധിചെയ്യുന്നതുപോലെ മനുഷ്യനിൽ അന്തർലനീയമായ അജ്ഞാനത്തിന്റെ കറകളെ മാറ്റികളഞ്ഞ് അവനിലെ ശുദ്ധചൈതന്യത്തെ പ്രകാശിപ്പിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിനുള്ള ബൗദ്ധികമായ സാധന അരങ്ങേറുന്നു.

എന്നാൽ നമ്മുടെ സമൂഹത്തിലെ മിക്ക മതങ്ങളിലും ഇതൊന്നുമല്ല നടക്കുന്നത് എന്ന സത്യം നാമറിയേണ്ടുന്ന സമയം വൈകിയിരിക്കുന്നു. ഞങ്ങളുടെ മതഗ്രന്ഥത്തിൽ ഇപ്രകാരമാണ് പറയുന്നത്, അതിനാൽ ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു. മറ്റൊരു മതത്തിൽ അൽപം വ്യത്യസ്തമായി കാര്യങ്ങൾ പറയുന്നു, അവർ അതിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നു. ഈ മതങ്ങൾ തമ്മിൽ ഒരിക്കലും തീരാത്ത പോരും. ഇവർ സ്വർഗ്ഗത്തിലേക്കായിരിക്കുകയില്ല പോവുക, അവർക്ക് പോകുവാൻ വേറെയൊരു സ്ഥലമുണ്ട്. ശാസ്ത്രീയ അപഗ്രഥനത്തിലൂടെയും യുക്തിചിന്തയിലൂടെയും ഈശ്വരനിൽ എത്തിച്ചേരുക എന്നത് വളരെ ദൈർഘ്യമേറിയതും ശ്രമകരവുമായ ഒരു സാധന തന്നെയാണ്. അതിനാൽ തന്നെ ശാസ്ത്രകാരന്മാർക്ക് ഈശ്വരനിലുള്ള വിശ്വാസം മങ്ങിപ്പോകുന്നു. അതേ കാരണത്താൽ തന്നെ ഈശ്വരനിൽ എത്തെണമെന്ന ശക്തവും സന്ധിയില്ലാത്തതുമായ ആഗ്രഹവും നിശ്ചയദാർഡ്യവുമുള്ള ‘യോഗി’ തത്കാലത്തേക്ക് ശാസ്ത്രത്തെ ഒന്ന് മാറ്റിവക്കുവാൻ നിർബന്ധിതനാകുന്നു. രണ്ടു കൂട്ടരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് ചരിത്രപരമായ ഒരനിവാര്യതയും പ്രായോഗികമായ ഒരു ചുവടുവയ്പ്പുമാണ്. ഈ രണ്ടറ്റങ്ങളും (മതവും ശാസ്ത്രവും) വിദൂരഭാവിയിലെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടും എന്നത് വ്യക്തം. അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്തും ആയാസരഹിതവുമാവൂ.

മനുഷ്യന് ഒരു ദൈവമേയുള്ളൂ..അതവന്റെ യുക്തിയാകുന്നു. അൽപം കൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യനിലുള്ള ഈശ്വരൻ യുക്തി ചിന്തയിലൂടെ – അതിലൂടെ മാത്രം – സ്വയം ആവിഷ്കരിക്കുവാൻ തിടുക്കം കൂട്ടുന്നു. യുക്തിയിലൂടെയേ അതിന് ആവിഷ്കരിക്കുവാൻ ആവൂ. അതുകൊണ്ടാണ് മൃഗങ്ങൾക്ക് ഈശ്വരസാക്ഷാത്കാരം അസാദ്ധ്യമാകുന്നത്. ഈ യുക്തിചിന്തയുടെ മാർഗ്ഗം താഴെ നിന്നും മുകളിലേക്കോ മുകളിൽ നിന്നും താഴേക്കോ സംഭവിക്കാം. നമുക്ക് വേണ്ടത് സകലതിനും ഒരു വിശദീകരണമാണ്. മനുഷ്യന് മനസ്സിലാക്കുവാനും വിശദീകരിക്കുവാനും ആവാത്തതായി യാതൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല. എന്നാൽ നമുക്കിന്ന് പലതിന്റെയും വിശദീകരണം അറിഞ്ഞുകൂടാ. ഈ അജ്ഞാനത്തെ നീക്കിക്കളയാനുള്ള സാധനയാണ്, മുൻപ് പറഞ്ഞതുപോലെ, ശാസ്ത്രത്തിലും ശുദ്ധവും കറ കളഞ്ഞതുമായ ആദ്ധ്യാത്മികതയിലും നടക്കുന്നത്. സകലത്തെയും കുറിച്ചുള്ള വിജ്ഞാനം അഥവാ സർവ്വജ്ഞത്വം ആർജ്ജിച്ചെടുക്കാവുന്നതാണ്. അത് ആർജ്ജിച്ചെടുത്ത അനവധി വ്യക്തിത്വങ്ങൾ ലോകത്തിൽ ഉണ്ടായിരുന്നിട്ടുണ്ട് എന്നത് തന്നെയാണ് അതിനുള്ള തെളിവ്. ശാസ്ത്രത്തിൽ നിലവിലുള്ള സിദ്ധാന്തങ്ങൾ പഠിക്കാത്ത ഒരാൾക്ക് ശാസ്ത്രകാരനാവാനാകില്ല. അതുപോലെതന്നെ സത്യത്തെ കുറിച്ചുള്ള അറിവ് – അത് കണ്ടെത്തിയവർ പറയുന്ന കാര്യങ്ങൾ – പഠിക്കാത്ത ഒരാൾക്ക് സത്യം കണ്ടെത്തുവാനും ആവില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാഗ്യവശാൽ സത്യത്തെക്കുറിച്ചള്ള അറിവ് നമുക്കിന്ന് വേണ്ടുവോളം ഉണ്ട്. അത്യഗാധമായ ആർഷജ്ഞാനവും അന്യമതസ്ഥാപകന്മാർ കണ്ടെത്തിയ വിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങളും ആർക്കും വേണ്ടാതെ കുപ്പതൊട്ടിയിൽ കിടക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കുന്നു. ശിസ്ത്രീയ തത്വങ്ങൾ മനസ്സിലാക്കിയെടുക്കുക ദുഷ്കരമാണ്. ആധ്യാത്മിക തത്വങ്ങൾ മനസ്സിലാക്കുന്നത് അതിനേക്കാൾ ദുഷ്കരമാണ്. വേണ്ടത്ര തയ്യാറെടുപ്പുകളും ഗുരുവിന്റെ സാന്നിധ്യവുമില്ലാതെ ആദ്ധ്യാത്മിക തത്വങ്ങൾ പഠിക്കുവാൻ മുതിരുന്നവൻ വിഷാദരോഗത്തിലേക്ക് വരെ വഴുതി വീണേക്കാം. അത് ആദ്ധ്യാത്മികതയുടെ കുറ്റമല്ല, മറിച്ച് അതിന്റെ ശക്തിയാണ്. സൾഫ്യൂരിക്ക് ആസിഡ് അത്യധികം വീര്യമുള്ളതാണ്; അത് ദേഹത്ത് വീണാൽ പൊള്ളും! വേദോപനിഷത്തുകളും, യോഗ ശാസ്ത്രവും, അദ്വൈതവും മറ്റും പഠിക്കുവാൻ പാശ്ചാത്യ ശാസ്ത്രകാരന്മാർ മടികാണിക്കുന്നതിന്റെ കാരണവും മറ്റൊന്നുമാവില്ല.

രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിയോജിപ്പിച്ചേ തീരൂ. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ “ശാസ്ത്രമില്ലാതെയുള്ള മതം അന്ധവും മതമില്ലാതെയുള്ള ശാസ്ത്രം മുടന്നുന്നതും ആണ് “. നാമൊറ്റക്കെട്ടായി പരിശ്രമിച്ചാൽ ഭാരിച്ച ഈ യത്നത്തിൽ നാം വിജയം വരിക്കുക തന്നെ ചെയ്യും. അന്ധവിശ്വാസത്തിലധിഷ്ഠിതവും യുക്തിചിന്തയുടെ സ്പർശമേൽക്കാത്തതുമായ മനോഭാവങ്ങൾ തലയിലേറി സ്വയവും മറ്റുള്ളവരെയും തെറ്റിലേക്ക് നയിക്കുന്ന മതഭ്രാന്തന്മാർക്ക് ഇവിടേക്ക് പ്രവേശനമില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120