ബിനോയ് എം. ജെ.

ഒരിക്കൽ നാരദമഹർഷി സനത്കുമാരന്റെയരികിൽ വിദ്യ അഭ്യസിക്കുവാനായി ചെന്നു. അപ്പോൾ സനത്കുമാരൻ പറഞ്ഞു “നിങ്ങൾക്ക് അറിയാവുന്നത് എന്നോട് പറയുവിൻ, അപ്പോൾ അറിഞ്ഞു കൂടാത്തവ ഞാൻ നിങ്ങളോട് പറയാം.” അതെ, അറിയാവുന്നവയുടെ മുകളിലാണ് അറിഞ്ഞു കൂടാത്തവയെകുറിച്ചുള്ള വിജ്ഞാനം കെട്ടിപ്പടുക്കേണ്ടത്. അതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ തത്വം. മനുഷ്യന്റെ നൈസർഗ്ഗികമായ വൈജ്ഞാനിക പുരോഗതിയും ഇപ്രകാരം തന്നെ. ഒന്നും അറിഞ്ഞു കൂടാത്ത ഒരു മനസ്സിലേക്ക് പുതിയ കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസ്സിന് അതിനെ വേണ്ടവണ്ണം ഉൾക്കൊള്ളുവാനാവില്ല. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പറ്റിയിരിക്കുന്ന തകരാറും ഇതുതന്നെ. ഒന്നും അറിഞ്ഞു കൂടാത്ത ഒരു ശിശുവിന്റെ മനസ്സിലേക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. അവന് അതൊട്ട് മനസ്സിലാകുന്നുമില്ല. ഇത് പാശ്ചാത്യരുടെ ഒരു രീതിയാണ്.

കുട്ടികളുടെ മനസ്സ് ഒരു വെള്ളകടലാസ്സാണെന്ന വാദം ഒട്ടും തന്നെ ശരിയല്ല. അനന്തമായ വിജ്ഞാനം ഉള്ളിൽ ഉറങ്ങികിടപ്പുണ്ട്. അതിൽ അല്പമെങ്കിലും ബോധമനസ്സിലേക്ക് വരേണ്ടിയിരിക്കുന്നു. ആ അറിവിന്റെ ശകലത്തെ വളർത്തികൊണ്ടു പോവുക. ഓരോ ദിവസവും കഴിയുംതോറും അത് കൂടുതൽ കൂടുതൽ വളർന്നുവരട്ടെ. അറിവിന്റെ ആ ബീജം ഒരുനാൾ പൂർണ്ണ വളർച്ചയിലെത്തും. ഇതാണ് ആരോഗ്യകരമായ വിദ്യാഭ്യാസത്തിന്റെ രീതി. വായിക്കുവാൻ പഠിക്കുന്നതിന് മുൻപുതന്നെ ചിന്തിക്കുവാൻ പഠിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ആ വായനകൊണ്ട് പ്രയോജനമില്ല. അൽപമെങ്കിലും ചിന്തിക്കാത്തവരായി ആരാണീലോകത്തിലുള്ളത്? കുട്ടികളും അൽപമൊക്കെ ചിന്തിക്കുന്നവരാണ്. അതിനാൽതന്നെ സ്വന്തമായി അറിവു സമ്പാദിക്കുവാനുള്ള കഴിവും കുട്ടികളിലുണ്ട്. മുതലക്കുഞ്ഞിനെ നീന്ത് പഠിപ്പിക്കേണ്ടതില്ല. മനുഷ്യശിശുവിനെ അറിവ് സമ്പാദിക്കുവാനും പഠിപ്പിക്കേണ്ടതില്ല. അതവന് നൈസർഗ്ഗികമായും അറിയാം. അവൻ താനെ വളർന്നുകൊള്ളും. അപ്പോൾ പിന്നെ സമൂഹത്തിന്റെ ജോലി എന്താണ്? പോകുന്നതിലേ അടിക്കുവിൻ! അപ്പോൾ അവർ തനതായ രീതിയിൽ അറിവ് സമ്പാദിക്കുകയും വളർന്ന് വികസിക്കുകയും ചെയ്യും. അങ്ങനെ അവരിലെ സർഗ്ഗശേഷി ഉണരുകയും സമൂഹത്തിന് എന്തെങ്കിലും ഒക്കെ സംഭാവന ചെയ്യുവാൻ അവർക്ക് കഴിയുകയും ചെയ്യും.

ചിന്തയാണ് ഇവിടുത്തെ ഏറ്റവും വലിയ ഉപകരണം. ചിന്തിക്കാതെ എങ്ങനെയാണ് വളരുക? വായന പോലും ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. “ചിന്തയാണ് ഏറ്റവും വലിയ പഠനോപാധി” എന്ന് ആധുനിക മനശ്ശാസ്ത്രജ്ഞന്മാരും പറയുന്നു. ആ ചിന്താശീലത്തെ നിരുത്സാഹപ്പെടുത്താതെയിരിപ്പിൻ. സിലബസ്സിന്റെയും പാഠപുസ്തകങ്ങുളുടെയും താങ്ങാനാവാത്ത ഭാരം ചുമക്കുന്ന ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കുവാൻ എവിടെ സമയം? കുട്ടികൾക്ക് മാത്രമല്ല മുതിരുന്നവർക്കും ഇന്ന് ചിന്തിക്കുവാനറിയില്ലെന്നായിരിക്കുന്നു. ഗവേഷണ പഠനങ്ങളിൽ ഏർപ്പെടുന്നവർ ചിന്തിക്കുവാനായി പാടുപെടുന്നു. പക്ഷേ അവരതിൽ വിജയിക്കുന്നില്ല. അതുകൊണ്ടാണ് സ്വയം തൊഴിൽ കണ്ടെത്തുന്നതിലും സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യുന്നതിലും അവർ പരാജയപ്പടുന്നത്. അവർക്ക് ആരെങ്കിലും ഒക്കെ തൊഴിൽ കൊടുക്കേണ്ടിയിരിക്കുന്നു. ഇത് ലജ്ജാകരമല്ലേ? പ്രതിഭയുള്ളവർ വളരെ വളരെ വിരളം. നമ്മുടെ വിദ്യാഭ്യാസം കുട്ടികളിലെ പ്രതിഭയെ കൊന്നുകളയുന്നു.

അതുകൊണ്ടാണ് ചെറുപ്രായത്തിൽ കുട്ടികളെ ഒന്നും പഠിപ്പിക്കരുതെന്ന് പറയുന്നത്. അവരിലെ തനതായ വിജ്ഞാനം താനെ ഉണരട്ടെ! അതിനുള്ള സമയവും സാവകാശവും അവർക്ക് കൊടുക്കുവിൻ. പൂവിനോടും ശലഭത്തോടും സല്ലപിക്കുന്ന കുരുന്നു ശൈശവത്തിൽ അവരെ ബലം പ്രയോഗിച്ച് രസതന്ത്രവും ഗണിതശാസ്ത്രവും പഠിപ്പിച്ചാൽ അവരിലെ നൈസർഗ്ഗികമായ സർഗ്ഗശേഷി ഉണരാതെ പോവും. കഴകംകെട്ട ഒരു സമൂഹത്തെ വാർത്തെടുക്കുവാനേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഉപകരിക്കൂ. വിദ്യാഭ്യാസം തുടക്കം മുതലേ അന്വേഷണാത്മകവും ഗവേഷണാത്മകവും ആവേണ്ടിയിരിക്കുന്നു. അത് ആകെകൂടി പുതിയ ഒരാശയത്തെ വളർത്തിയെടുക്കുവാൻ വേണ്ടിയാവണം. ഓരോ വ്യക്തിയും പുതുമയുള്ള ഒരാശയത്തിന്റെ ബഹിർസ്ഫുരണമാണ്. ആ ആശയം എന്താണെന്ന് അയാൾക്കേ അറിയൂ. ബാഹ്യലോകത്തിന് അറിഞ്ഞുകൂടാ. അതങ്ങിനെയാണെങ്കിൽ ഒരാൾ എന്തുപഠിക്കണമെന്നും എന്തു വായിക്കണമെന്നും അയാൾ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ അയാൾക്ക് ആത്മാവിഷ്കാരം കിട്ടൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നത്തെ നമ്മുടെ വികലമായ സാമൂഹിക വ്യവസ്ഥിതിയിൽ സമൃഹത്തിന് വേണ്ടത് കംപ്യൂട്ടറിന് സമാനമായ കുറെ വ്യക്തികളെയാണ്; പ്രതിഭയുള്ള വ്യക്തിത്വങ്ങളെയല്ല. കാരണം പ്രതിഭയുള്ളവർ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യും. സമൂഹത്തിന് മാറേണ്ടതായി വരും. അത് അപകടമാണ്. സ്വയം മാറുവാൻ മടികാണിക്കുന്ന സമൂഹം വ്യക്തികളെ മാറ്റുവാനായി കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിൽ ഒളിഞ്ഞുകിടക്കുന്ന ചതി നാമിനിയും തിരിച്ചറിഞ്ഞിട്ടില്ല. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങിയാൽ അവരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്ന് സമൂഹത്തിന് നന്നായി അറിയാം. കുട്ടികൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. അത് കൊടുത്താലേ അവർ രക്ഷപെടൂ. എല്ലാ സിലബസ്സും എടുത്തു കളയുവിൻ. അവർക്ക് പഠിക്കുവാൻ വേണ്ട സാഹചര്യങ്ങൾ മാത്രം ഒരുക്കികൊടുക്കുവിൻ. പഠിക്കേണ്ടത് അവരാണ്. അതവരുടെ വ്യക്തിപരമായ കാര്യമാണ്. അവർ പഠിച്ചുകൊള്ളും. കുട്ടികൾ ആക്ടീവ് ആവട്ടെ; അദ്ധ്യാപകർ പാസ്സീവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120