ബിനോയ് എം. ജെ.
മനുഷ്യൻ തുടക്കം മുതലേ നിയമനിഷേധിയാണെന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു. “പ്രകൃതി പറയുന്നു ‘നീപോയി കാട്ടിലിരിക്ക്’; അപ്പോൾ മനുഷ്യൻ പറയുന്നു ‘ഇല്ല, ഞാനൊരു വീട് കെട്ടും’ … ജനിച്ചു വീഴുന്ന ശിശു കരഞ്ഞുകൊണ്ടാണ് പിറക്കുന്നത്. താനകപ്പെട്ട കെട്ടുപാടുകളിൽ നിന്നും മോചനം പ്രാപിക്കുവാൻ വേണ്ടി അത് കുതറുന്നു.”(സ്വാമി വിവേകാനന്ദൻ) മനുഷ്യന്റെ എല്ലാ പ്രയത്നങ്ങളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്; പ്രകൃതി ഒരുക്കുന്ന ബന്ധനത്തിൽ നിന്നും മോചനം നേടുവാൻ ആണ്. ‘രാജകുമാരൻ പോലും പ്രായപൂർത്തിയാകും വരെ പരിചാരകന്മാരുടെ സംരക്ഷണത്തിലാവും’ എന്ന് പൗലോസ് ശ്ലീഹായും പറയുന്നു. മനുഷ്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്. അവന് മാത്രമേ ഈ പ്രപഞ്ചത്തിൽ പൂർണ്ണമായ സ്വാതന്ത്ര്യത്തിന് അർഹതയുള്ളൂ. മറ്റെല്ലാ ജീവികളും – മാലാഖമാരും, ദേവനമാരുമെല്ലാം – ഒരു പരിധിവരെ പ്രകൃതിയുടെ അടിമകൾ തന്നെ. അവർക്കൊന്നും പൂർണ്ണമായ സ്വാതന്ത്ര്യം പറഞ്ഞിട്ടില്ല. മനുഷ്യൻ സൃഷ്ടിയുടെ മകുടവും ഈശ്വരന്റെ പകർപ്പുമാണ്.
അചേതനങ്ങളിലും സചേതനങ്ങളിലും ഈശ്വരൻ തന്നെ വസിക്കുന്നു. അവിടെയെല്ലാം ഈശ്വരൻ ബന്ധനത്തിലാണ്. സ്വതന്ത്രമാകുവാനുള്ള അതിന്റെ വാഞ്ച പരിണാമത്തിന് കാരണമായി വർത്തിക്കുന്നു. വളരെക്കാലമായി ഭൂമിയിൽ ജീവനുണ്ടായിരുന്നില്ല. ക്രമേണ അചേതനങ്ങളിൽ നിന്നും സചേതനങ്ങൾ ഉണ്ടായി. ഇതാണ് പരിണാമത്തിന്റെ ആദ്യത്തെ സ്പന്ദനം. സസ്യങ്ങൾക്ക് അചേതനങ്ങളേക്കാൾ അൽപം കൂടി സ്വാതന്ത്ര്യം ഉണ്ട്. അവയ്ക്ക് വളരുവാനും സൂര്യപ്രകാശത്തിന്റെ സഹായത്താൽ ഭക്ഷണം പാകം ചെയ്യുവാനും പ്രത്യുത്പാദനം നടത്തുവാനും കഴിയുന്നു. നോക്കൂ.. സ്വാതന്ത്ര്യം അത്ഭുതങ്ങൾ ചെയ്യുന്നു. കാലക്രമത്തിൽ സസ്യങ്ങൾ പരിണമിച്ച് ജന്തുക്കൾ ഉണ്ടായി. അവയ്ക്ക് കുറെ കൂടി സ്വാതന്ത്ര്യം ഉണ്ട്. സ്വയം ചലിക്കുവാനും ജീവിക്കുവാനും മരിക്കുമ്പോൾ പുനർജ്ജനിക്കുവാനും ഉള്ള സ്വാതന്ത്ര്യം. അവയുടെ ശരീരം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. അവയിൽ മനസ്സ് അതിന്റെ പ്രാകൃതമായ രൂപത്തിൽ കാണപ്പെടുന്നു. പരിണാമം അവിടെയും നിൽക്കുന്നില്ല. ജന്തുക്കൾ പരിണമിച്ച് മനുഷ്യൻ ഉണ്ടായി. അവനിൽ ശരീരത്തോടൊപ്പം വികാസം പ്രാപിച്ച മനസ്സും ബുദ്ധിയും ഉണ്ട്. ആത്മാവിന് വികസിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും അവനിൽ സംജാതമായിരിക്കുന്നു. അവനിൽ സ്വാതന്ത്ര്യം അതിന്റെ പൂർണ്ണതയിൽ എത്തുന്നു.അവന് ഈശ്വരനായി മാറുവാനുള്ള കഴിവുണ്ട്. ഇവിടെ പരിണാമം അവസാനിക്കുന്നു. ഇനി പരിശ്രമമേ ആവശ്യമുള്ളൂ. ഈശ്വരനിൽ നിന്നും ഒരു സ്ഫോടനത്തോടെ (Explosion) ആവിർഭവിച്ച പ്രപഞ്ചം ഒടുവിൽ ഈശ്വരനുതന്നെ ജന്മം കൊടുക്കുന്ന(Implosion) അത്ഭുതകരമായ കാഴ്ച നാമിവിടെ കാണുന്നു. ഇതീ കൽപത്തിന്റെ മാത്രം പ്രത്യേകതയാണ്. അടുത്ത കൽപം ഇങ്ങനെയാവണമെന്നില്ല.
ഇനി മനുഷ്യനിൽ സ്വാതന്ത്ര്യം എങ്ങനെ പ്രവർത്തിക്കുന്നു? പ്രപഞ്ചത്തിന്റെ മുഴുവൻ ചരിത്രം അവനിൽ ഉറങ്ങികിടപ്പുണ്ട്. അതോടൊപ്പം പ്രപഞ്ചത്തെ (പ്രകൃതിയെ) മുഴുവൻ ജയിക്കുവാനുള്ള ഇച്ഛാശക്തിയും അവനിലുണ്ട്. പ്രപഞ്ചത്തെയും പ്രകൃതിയെയും അതിന്റെ തനിസ്വരൂപത്തിൽ അറിഞ്ഞു കഴിയുമ്പോൾ അവൻ അതിനെ ജയിക്കുന്നു. ഇതിനുവേണ്ടി പ്രകൃതി അവനെ സദാ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ഇക്കിളിപ്പെടുത്തൽ അവന് സുഖദു:ഖങ്ങളുടെ രൂപത്തിൽ അനുഭവപ്പെടുന്നു. ക്രമേണ ഈ സുഖദു:ഖങ്ങളുടെ കാരണം അവൻ മനസ്സിലാക്കുകയും അവൻ അവയെ ജയിക്കുകയും ചെയ്യുന്നു. അവൻ പ്രകൃതിയെ ജയിക്കുന്നു.
മനുഷ്യനിൽ രണ്ടു ശക്തികൾ പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. പ്രകൃതി (Nature) യും ഇച്ഛ (Will) യും. ഇതിൽ ഇച്ഛ സ്വാതന്ത്ര്യത്തെ പ്രതിനിധാനം ചെയ്യുന്നു. സ്വതന്ത്രമായ ഇച്ഛ (Free Will) എന്ന് നിങ്ങൾ കേട്ടിരിക്കും. അത് പ്രകൃതിയിൽ നിന്നും അതിന്റെ ബന്ധനത്തിൽ നിന്നും ഉള്ള പൂർണ്ണമായ മോചനം ഇച്ഛിക്കുന്നു. അതിനെ മോക്ഷം എന്ന് വിളിക്കുന്നു. ഇതാകുന്നു മനുഷ്യജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം. അവിടെ എത്തിയാൽ പ്രകൃതി അവന്റെ അടിമയായി മാറുന്നു. അവൻ കൽപിക്കുന്നതെന്തും സാധിച്ചു കിട്ടുന്നു. ഇതിനെ ‘സർവ്വാധിപത്യം’ എന്ന് യോഗശാസ്ത്രത്തിൽ വിളിക്കുന്നു. അതുവരെ മനുഷ്യൻ പ്രകൃതിയുടെ അടിമയാണ്. അവന്റെ മനസ്സും അവൻ ജീവിക്കുന്ന സമൂഹവും ഈ പ്രകൃതിയുടെ രചനകളാണ്.
സ്വാതന്ത്ര്യം എന്ന സങ്കൽപത്തിന് ആന്തരികവും ബാഹ്യവുമായ അർത്ഥതലങ്ങളുണ്ട്. ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളും, സമരങ്ങളും, തത്വചിന്തകളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്ന് കാണുവാൻ കഴിയും. സമൂഹത്തിന്റെ അടിമത്വത്തിൽ നിന്നുമുള്ള മോചനം. ‘സമൂഹം’ എന്നാൽ നിയമങ്ങളുടെ ഒരു സമാഹാരം മാത്രമാണ്. അങ്ങിനെയൊന്ന് വാസ്തവത്തിൽ അവിടെയില്ല. ഉള്ളത് വ്യക്തികൾ മാത്രം. സമൂഹം ഒരു മായയാണ്. സാമൂഹിക നിയമങ്ങൾ കൂടുന്തോറും സമൂഹം കൂടുതൽ ഘനീഭവിക്കുകയും വ്യക്തി-സ്വാതന്ത്ര്യം തിരോഭവിക്കുകയും ചെയ്യുന്നു. ഓരോദിവസം കഴിയുന്തോറും നിയമങ്ങൾ കൂടികൂടി വരുന്ന നമ്മുടെ സമൂഹത്തിൽ ആരെയൊക്കെയോ അടിച്ചമർത്തുവാനുള്ള ബോധപൂവ്വമോ അബോധപൂർവ്വമോ ആയ ശ്രമം നടന്നുവരുന്നു. ഇവിടെ ഒരുനാൾ ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുകയും സാമൂഹിക വ്യവസ്ഥിതി മാറ്റിയെഴുതപ്പെടുകയും ചെയ്യും. സമൂഹം തന്നെ തിരോഭവിക്കേണ്ടിയിരിക്കുന്നു. അവിടെ അനന്തസ്വാതന്ത്ര്യം ഒരു യാഥാർത്ഥ്യമാകുന്നു. അവിടെയെത്തുവാൻ വേണ്ടിയാണ് മനുഷ്യവംശം സഹസ്രാബ്ദങ്ങളിലൂടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെയെത്തുമ്പോൾ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ കർമ്മം ചെയ്യുവാൻ അവന് കഴിയുന്നു. ഇതാണ് നിഷ്കാമകർമ്മം. അല്ലാത്തതെല്ലാം അടിമപ്പണിയാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply