ബിനോയ് എം. ജെ.

അനന്താനന്ദത്തിലേക്ക് വരുവാനുളള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ആസ്വാദനമാണ്. ഇത് പലപ്പോഴും നാം വിസ്മരിക്കുന്ന കാര്യമാണ്. ജീവിതവിജയത്തിലേക്ക് വരുവാനുള്ള കുറുക്കുവഴിയും ആസ്വാദനം തന്നെ. ഒരാൾ ജീവിതത്തിൽ സന്തുഷ്ടനും വിജയിയുമായി കാണപ്പെടുന്നു. മറ്റൊരുവനാവട്ടെ നിരാശനും ദു:ഖിതനുമാണ്. ആദ്യത്തെയാൾ ജീവിതം ആസ്വദിക്കുന്നതിൽ വിജയം കണ്ടിരിക്കുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. രണ്ടു പേർ ഒരേ പ്രശ്നത്തെ നേരിടുന്നുവെന്ന് സങ്കല്പിക്കുക. ആദ്യത്തെയാൾ പ്രശ്നത്തെ നേരിടുംതോറും സന്തുഷ്ടനും ബലവാനും ആയി മാറുന്നു. രണ്ടാമത്തെയാളാവട്ടെ ദുഃഖിതനും ദുർബലനുമായി മാറുന്നു. ഇവർ തമ്മിലുള്ള വ്യത്യാസമെന്ത്? ആദ്യത്തെയാൾ പ്രശ്നത്തെ നേരിടുന്നതിൽ ആസ്വാദനം കണ്ടെത്തുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ഒരാൾ കഠിനാദ്ധ്വാനി; മറ്റൊരാൾ അലസൻ – ഇവർ തമ്മിലുള്ള വ്യത്യാസം എവിടെയാണ് കിടക്കുന്നത്?ആദ്യത്തെയാൾ ജോലി ചെയ്യുന്നതിൽ ആസ്വാദനം കണ്ടെത്തുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്യുന്നു.

ഇപ്രകാരം ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുന്നയാൾ ജീവിതത്തിൽ ആത്യന്തികമായ വിജയം കൈവരിക്കുന്നു. ജീവിതം ആസ്വദിക്കുവാൻ വേണ്ടിയുള്ളതാണ്. അതിൽ വിജയിക്കുന്നയാൾ അനന്തമായ ആനന്ദത്തിലേക്ക് ചുവടുവയ്ക്കുന്നു. സന്തോഷിക്കുന്നത് തെറ്റാണെന്ന് കരുതുന്നവർ പോലും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർ ജീവിതത്തെ തന്നെ നിഷേധിക്കുന്നു. ഒരു വശത്തു കൂടി നാം ജീവിതത്തെ സ്വീകരിക്കുന്നു; മറുവശത്ത് കൂടി നാം ജീവിതത്തെ നിഷേധിക്കുന്നു. ഒരു വശത്തു കൂടി നാം സന്തോഷം അന്വേഷിക്കുന്നു; മറുവശത്ത് കൂടി നാം സന്തോഷിക്കുവാൻ മടി കാട്ടുന്നു. “എനിക്കിത് ഇഷ്ടമല്ല; ഞാനിതിനെ വെറുക്കുന്നു” എന്നും മറ്റും നാം പറയുമ്പോൾ നാം ചില കാര്യങ്ങളെ ആസ്വദിക്കുവാൻ മടി കാട്ടുകയാണ് ചെയ്യുന്നത്. ജീവിതം ഭാഗികമായി മാത്രം ആസ്വദിക്കുമ്പോൾ നമ്മുടെ ജീവിതം പരിമിതപ്പെട്ടു പോകുന്നു. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുമ്പോൾ നാം പൂർണ്ണരായി മാറുന്നു.

ജീവിതത്തിലുള്ള എല്ലാ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ കുടുബജീവിതം വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ നിങ്ങളുടെ തൊഴിലിനെയും ആസ്വദിച്ചു തുടങ്ങും. കുടുംബജീവിതവും തൊഴിലും തമ്മിലുള്ള വ്യത്യാസം എന്താണ്? വീട്ടിൽ നിങ്ങൾ കുടുംബാഗങ്ങളെ സ്നേഹിക്കുന്നു; അവരോടൊപ്പം പലതും ചെയ്യുന്നു. ഓഫീസിൽ നിങ്ങൾ ജോലി ചെയ്യുന്നു; കൂടെ ജോലി ചെയ്യുന്നവരെ സ്നേഹിക്കുന്നു. ഇനി നിങ്ങൾ ഒഴിവുകാലത്ത് വിനോദയാത്രയ്ക്കു പോകുന്നുവെന്ന് കരുതുക. അവിടെയും ആസ്വാദനം തന്നെ നടക്കുന്നു. അവിടെ നിങ്ങളുടെ ആസ്വാദനം വിനോദത്തിലേക്കും വിശ്രമത്തിലേക്കും തിരിയുന്നു. നിങ്ങൾ വിനോദത്തെ വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ അദ്ധ്വാനത്തെയും ആസ്വദിച്ചുതുടങ്ങും. കാരണം വിനോദവും അദ്ധ്വാനവും തമ്മിലുള്ള വ്യത്യാസം ഉപരിപ്ളവം മാത്രമാണ്. അകക്കാമ്പിൽ അവ ഒന്നു തന്നെയാണ്. അതുപോലെ തന്നെ നിങ്ങൾ ജോലി ചെയ്യുന്നത് വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ അറിവ് സമ്പാദിക്കുന്നതും ആസ്വദിച്ച് തുടങ്ങും. കാരണം ജോലിയോടുള്ള നിങ്ങളുടെ സ്നേഹം അതിനെ കുറിച്ച് പഠിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കും. ഇപ്രകാരം ജീവിതം മുഴുവൻ ഒരൊറ്റ പ്രതിഭാസമാണ്. വ്യത്യാസങ്ങൾ ഉപരിപ്ളവം മാത്രം. അതിനാൽ നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അല്ലെങ്കിൽ എന്തുചെയ്യുന്നുവോ അതിനെ അനന്തമായി ആസ്വദിക്കുവിൻ. ആ ആസ്വാദനം ക്രമേണ മറ്റു മേഖലകളിലേക്ക് പടർന്നുകൊള്ളും.

മറ്റുള്ളവരുടെ സാന്നിധ്യം ആസ്വദിക്കുന്നതിനോടൊപ്പം ഒറ്റക്കിരിക്കുന്നതും ആസ്വദിക്കുവിൻ! അവ പരസ്പരപൂരകങ്ങളാണ്. പണവും സമ്പത്തും ഉള്ളപ്പോൾ അതിനെ വേണ്ടുവോളം ആസ്വദിക്കുവിൻ. ആസ്വദിച്ച് മടുക്കട്ടെ. പിന്നീട് പണം നഷ്ടപ്പെടുകയും ദാരിദ്ര്യം വന്നുചേരുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനെയും ആസ്വദിക്കുവാൻ കഴിയും! ജീവിതത്തിന് എന്തെങ്കിലും പുതുമ വേണ്ടേ? ഇപ്രകാരം സുഖത്തെ ആസ്വദിച്ച് മടുക്കുന്നയാൾ പിന്നീട് ദുഃഖം വരുമ്പോൾ അതിനെയും ആസ്വദിക്കും. കാരണം സുഖത്തെ അയാൾ ആസ്വദിച്ച് മടുത്തിരിക്കുന്നു! ജീവിച്ചിരിക്കുമ്പോൾ ജീവിതത്തെ മടുക്കുവോളം ആസ്വദിച്ചു കൊള്ളുവിൻ. അപ്പോൾ മരണം വരുമ്പോൾ അതിനെയും ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിയും. കാരണം മനുഷ്യൻ എന്നും പുതുമ ഇഷ്ടപ്പെടുന്നു. എന്നും ഒരേ അനുഭവം ആണെങ്കിൽ അത് എത്രയോ വിരസമായിരിക്കും?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആസ്വാദനം..ആസ്വാദനം..ആസ്വാദനം. ജീവിതം ഒരാസ്വാദനലഹരിയാവട്ടെ! ഇവിടെയുള്ള ഒന്നിനെയും ആസ്വദിക്കാതെ വിടരുത്. വേദനയെന്നും പറഞ്ഞൊന്നില്ല. സുഖവും വേദനയും തമ്മിൽ വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടുന്നത്, സുഖത്തെ ആസ്വദിക്കുകയും വേദനയെ വെറുക്കുകയും ചെയ്യുന്നതു കൊണ്ടാണ്. രണ്ടിനെയും ഒരുപോലെ ആസ്വദിച്ചാൽ ആ വ്യത്യാസം തിരോഭവിക്കും. ഈ ജീവിതത്തിൽ ഉള്ള എല്ലാ അനുഭവങ്ങളും നമുക്ക് സ്വീകാര്യം ആകേണ്ടതാണ്. എല്ലാ അനുഭവങ്ങളെയും സ്നേഹിച്ചു തുടങ്ങുന്നയാൾക്ക് എല്ലാ വ്യക്തികളോടും സ്വാഭാവികമായും സ്നേഹമായിരിക്കും. വേദനയെ സ്നേഹിക്കുന്ന ഒരാൾക്ക് വേദനിപ്പിച്ചവരോടും സ്നേഹമല്ലേ തോന്നൂ. ഒരിക്കലും വിരോധം തോന്നില്ല. ലോകത്തെ മുഴുവൻ അശ്ലേഷിക്കുന്ന സ്നേഹം! അപ്പോൾ നിങ്ങൾ പൂർണ്ണതയിൽ എത്തുന്നു!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120