ബിനോയ് എം. ജെ.
മനുഷ്യവംശത്തിന്റെ ആരംഭം മുതലുള്ള ചരിത്രം പഠിച്ചാൽ അവൻ വേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സദാ ഓടിയകലുന്ന കാഴ്ചയാണ് നാം കാണുന്നത്. അവൻ എത്ര ശക്തിയായി അവയിൽ നിന്നും ഓടിയകലുവാൻ ശ്രമിക്കുന്നുവോ അത്ര തന്നെ ശക്തമായി അവ അവനെ പിന്തുടർന്നുകൊണ്ടുമിരിക്കുന്നു. ഒടുവിൽ അവ അവനെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. മരണത്തിൽ നിന്നും ഓടിയൊളിക്കുവാൻ ആർക്കും കഴിയുകയില്ല. എങ്കിലും മനുഷ്യൻ തോൽവി സമ്മതിക്കുന്നില്ല. അതവന്റെ നൈസർഗ്ഗികമായ പ്രകൃതവും സവിശേഷതയുമാണ്. താനെന്നെങ്കിലും വിജയിക്കുമെന്ന ഉറച്ച വിശ്വാസം അവനുണ്ട്. വിജയിക്കുകയും ചെയ്യും. ഉറപ്പ്.
മരണത്തെ ഭയന്നുകൊണ്ടുള്ള ഈ ഓട്ടത്തിൽ ആരെല്ലാം ചവിട്ടി മെതിക്കപ്പെടുന്നു? ആരെല്ലാം മുറിവേൽപ്പിക്കപ്പെടുന്നു? ആരെല്ലാം വധിക്കപ്പെടുന്നു? പക്ഷേ അവന്റെ മുൻപിൽ വേറെ മാർഗ്ഗങ്ങളില്ല. ഓടുക തന്നെ. മാനവരാശി മുഴുവൻ ഓടുകയാണ്. വേദനകളൊന്നും ഇല്ലാത്ത ഒരു ജീവിതം അവൻ കൊതിക്കുന്നു. രോഗങ്ങൾ ഉണ്ടാവരുത്; മരണം ഉണ്ടാകരത്. അതിനുവേണ്ടി അവൻ എന്തും ചെയ്യും. സുഖം- അതാണവന്റെ ദൈവവും മുദ്രാവാക്യവുമെല്ലാം. അതിനു വേണ്ടി അവൻ യുദ്ധങ്ങൾ ചെയ്തു; സാമ്രാജ്യങ്ങൾ പിടിച്ചടക്കി; അനേകരെ അടിമകളായി പിടിച്ചു. കഷ്ടപ്പാടുകളിൽ നിന്നും രക്ഷപ്പെടുവാനായി കുറേ പേർ വേറേ കുറേപേരെ ചൂഷണം ചെയ്തു; കബളിപ്പിച്ചു; അടിച്ചമർത്തി. പക്ഷേ പ്രശ്നം കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. മനുഷ്യൻ പാപത്തിൽ വീണു പോയി. അതിൽ നിന്നും കരകയറുവാൻ അവനാകുന്നില്ല.
സുഖത്തെ സ്നേഹിക്കുന്നതും അതിനെ ആസ്വദിക്കുന്നതും പാപമാണോ? ഒരിക്കലുമല്ല. എന്നാൽ ദുഃഖത്തെയും, വേദനകളെയും, രോഗങ്ങളെയും, മരണത്തെയും വെറുക്കുന്നത് പാപം തന്നെ! സുഖത്തെ സ്നേഹിച്ചതുപോലെ തന്നെ അവന് അവയെയും സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യാമായിരുന്നു. എങ്കിലീ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഈ ഭയപ്പാടും, വെപ്രാളവും, ഓട്ടവും, യുദ്ധങ്ങളും, സമരങ്ങളും, ചൂഷണവും, അടിച്ചമർത്തലും ഒഴിവാക്കാമായിരുന്നു. ഒന്നിന്റെയും കുറവ് അനുഭവപ്പെടുമായിരുന്നില്ല. പരമാനന്ദം സംഭവിക്കുമായിരുന്നു. പക്ഷെ അവനത് ചെയ്തില്ല.
മനുഷ്യൻ തുടക്കം മുതലേ തെറ്റു ചെയ്തു. അവൻ ഇപ്പോഴും അത് തുടരുന്നു. ഇങ്ങനെ പോയാൽ മാനവരാശി നശിച്ചു പോവുകയേ ഉള്ളൂ. അതിൽ നിന്നും അവനെ രക്ഷിക്കുന്നതിനും കര കയറ്റുന്നതിനും വേണ്ടിയാണ് ദൈവപുത്രനായ ക്രിസ്തു അവതരിച്ചത്. മാനവരാശി എന്തിൽ നിന്നും ഓടിയൊളിക്കുവാൻ ശ്രമിച്ചുവോ ( വേദനകളിൽ നിന്നും മരണത്തിൽ നിന്നും) അതിനെ സർവ്വാത്മനാ സ്വീകരിച്ചുകൊണ്ട് അവിടുന്ന് കുരിശിൽ മരിച്ചപോൾ മാനവരാശിക്ക് അവയോട് പൊരുത്തപ്പെടുവാനുള്ള കഴിവ് സിദ്ധിക്കുകയായിരുന്നു. അങ്ങനെ മാനവരാശിയുടെ മോചനം സംഭവിച്ചു കഴിഞ്ഞു.
കാലക്രമേണ മനുഷ്യൻ വേദനകളെയും, രോഗങ്ങളെയും, മരണത്തെയും സ്നേഹിക്കുവാനും ആസ്വദിക്കുവാനും പഠിക്കും. അവൻ എന്തിൽ നിന്നും ഓടിയകന്നുവോ അവയിലേക്കു തന്നെ ഓടിയടുക്കും. അവൻ എന്തിനെ ഭയപ്പെട്ടുവോ അതിനെ അവൻ കൊതിക്കും. അവിടെ പ്രശ്നങ്ങൾ എല്ലാം തിരോഭവിക്കുകയാണ്. മത്സര ഓട്ടം അവസാനിക്കുകയാണ്. സമരങ്ങളും പ്രക്ഷുബ്ധതകളും ഇല്ലാതാവുകയാണ്. ലോകത്തിൽ പരമമായ ശാന്തി വിരിയുകയാണ്. അസ്വസ്ഥതകളും അസംതൃപ്തിയും ഇനി ഉണ്ടാകില്ല. എന്തിനുവേണ്ടി അസ്വസ്ഥതപ്പെടുവാനാണ്? വേദനകൾ കിട്ടാത്തതിനാലോ? മരണം സംഭവിക്കാത്തതിനാലോ? സുഖവും ദുഃഖവും ഒരുപോലെ മധുരമാകുമ്പോൾ, ജനനവും മരണവും ഒരുപോലെ ഹൃദ്യമാകുമ്പോൾ അവിടെ അനന്താനന്ദത്തിന്റെ സുഗന്ധം പരന്നുതുടങ്ങും.
എന്തിനെയാണ് ആഗ്രഹിക്കുവാനിരിക്കുന്നത്? സുഖദു:ഖങ്ങളെ അവൻ ഒരുപോലെ ആഗ്രഹിക്കും. അവ രണ്ടും അവന് ഒരുപോലെ സ്വീകാര്യം. ഒന്നിനോടും വിരോധമില്ല. എല്ലാറ്റിനോടുമുള്ള സ്നേഹം. ക്രിസ്തു പഠിപ്പിച്ചതും അതുതന്നെയല്ലേ? വേദനിപ്പിച്ചവനെ സ്നേഹിക്കണമെങ്കിൽ അതിനു മുൻപേ അവൻ വേദനകളെ സ്നേഹിക്കേണ്ടിയിരിക്കുന്നു. ജീവിതത്തെ സ്നേഹിക്കണമെങ്കിൽ അതിനോടൊപ്പം അവൻ മരണത്തെയും സ്നേഹിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ആ സ്നേഹമെല്ലാം കപടവും പൊളളയും ആയിരിക്കും. ക്രിസ്തുവിന്റെ അനുയായികൾ വേദനയെ സ്നേഹിക്കേണ്ടിയിരിക്കുന്നു. കുരിശ്ശെടുക്കാതെ തന്നെ അനുഗമിക്കുന്നവന് തന്റെ ശിഷ്യനാകുവാൻ കഴിയുകയില്ലെന്ന് ക്രിസ്തു തന്നെ പറയുന്നു.
നമുക്ക് ഒരു നല്ല നാളെയെ സ്വപ്നം കണ്ടു തുടങ്ങാം. ഇനിമേൽ നമുക്ക് ദുഃഖം ഉണ്ടാവുകയില്ല; കാരണം ആ ദുഃഖമാണ് നമ്മുടെ ഏറ്റവും വലിയ ആനന്ദം. നമുക്കിനി മരണം ഉണ്ടാവുകയില്ല; കാരണം നാമാ മരണത്തെ കൊതിയോടെ കാത്തിരിക്കുന്നു. ആ മരണം നമുക്ക് വേദനയല്ല, മറിച്ച് അനന്താനന്ദം തന്നെയാണ്; സമാധിയും നിർവ്വാണവുമാണ്; നിത്യജീവിതത്തിലേക്കുള്ള പ്രവേശനമാണ്. നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ടതായില്ല. കാരണം നമുക്ക് എല്ലാറ്റിനോടും സ്നേഹമാണ്. അപ്പോൾ നാം ഈ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആശ്ലേഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നാം പൂർണ്ണരായി മാറുന്നു!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply