ബിനോയ് എം. ജെ.
എന്തിന്റെയെങ്കിലും സാന്നിധ്യത്തെ ആസ്വദിക്കുന്നത് എളുപ്പമാണ്. ജീവിതം, പ്രപഞ്ചം, സമൂഹം, പണം, പ്രശസ്തി, ഇത്യാദി പല വിഷയങ്ങളുടെയും സാന്നിധ്യം നാമാസ്വദിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളെല്ലാം എന്നെങ്കിലുമൊക്കെ തിരോഭവിച്ചേ തീരൂ. മരിക്കുമ്പോളാവട്ടെ ഇവയെല്ലാം ഒറ്റയടിക്ക് തിരോഭവിക്കുന്നു. അതുകൊണ്ടാണ് മരണത്തെ നാം ഇത്രയധികം ഭയപ്പെടുന്നത്. പ്രസ്തുത വിഷയങ്ങളില്ലാതെ നമുക്ക് ജീവിക്കാനാവില്ല എന്നായിരിക്കുന്നു. അല്ലെങ്കിൽ നാമവയുടെ അടിമകളായി പോയി. അടിമത്തം മനുഷ്യന് ഭൂഷണമല്ല. അതാകുന്നു എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം. അല്ലെങ്കിൽ പൂർണ്ണമായ ആസ്വാദനത്തിലേക്ക് വരുവാൻ നാം പരാജയപ്പെടുന്നു.
പൂർണ്ണരാകുവാൻ നാമെന്ത് ചെയ്യണം? വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നതോടൊപ്പം അവയുടെ അഭാവത്തെയും കൂടി ആസ്വദിക്കുവാൻ പഠിക്കണം. ഏകാന്തത, ദാരിദ്ര്യം, മരണം ഇത്യാദി കാര്യങ്ങളെ കൂടി ആസ്വദിച്ചു തുടങ്ങുവിൻ! സാമൂഹ്യജീവിതത്തെ ആസ്വദിക്കുന്നതിൽ തെറ്റില്ല. അതോടൊപ്പം തന്നെ ഏകാന്തതയെയും കൂടി ആസ്വദിക്കുവാൻ പഠിക്കുവിൻ. കാരണം ജീവിതത്തിൽ പലപ്പോഴും നമുക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. എന്നുമാത്രവുമല്ല ഏകാന്തതയിലാണ് പ്രതിഭ വിരിയുന്നത്. ലോകം കണ്ടിട്ടുള്ള പ്രതിഭാശാലികളെല്ലാം തന്നെ ഏകാന്തതയെ ആസ്വദിക്കുന്നതിൽ വിജയം കണ്ടവരാണ്. അതുപോലെ തന്നെ ദാരിദ്ര്യത്തെയും ആസ്വദിക്കുവാൻ പഠിക്കുവിൻ. കാരണം പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും. ഇപ്രകാരം ദാരിദ്ര്യത്തെ ആസ്വദിച്ചു തുടങ്ങുമ്പോൾ നിങ്ങൾ മഹത്വത്തിന്റെ പടവുകൾ കയറി തുടങ്ങുന്നു. യേശുക്രിസ്തുവിന്റെയും, മഹാത്മാഗാന്ധിയുടെയും, ഫ്രാൻസിസ് അസ്സീസ്സിയുടെയും, മദർ തെരേസായുടെയും, വിവേകാനന്ദന്റെയും, സകല സന്യാസിവര്യന്മാരടെയും മഹത്വത്തിന്റെ രഹസ്യം ദാരിദ്ര്യത്തിൽ കിടക്കുന്നു. പണത്തെ ആസ്വദിക്കുവാൻ ഏതൊരുവനും കഴിയും. എന്നാൽ ദാരിദ്ര്യത്തെ ആസ്വദിക്കുവാൻ അല്പം പരിശ്രമം ആവശ്യമാണ്. ജീവിതത്തെ എല്ലാവരും ആസ്വദിക്കുന്നു. എന്നാൽ മരണത്തെ എത്രപേർ ആസ്വദിക്കുന്നുണ്ട്? മരണം ഉറപ്പായും സംഭവിക്കും. അതിൽനിന്നും എത്രനാൾ നാമോടിയൊളിക്കും? മരണത്തോടുള്ള ഈ ഭയം നമ്മുടെ ജീവിതത്തെയാകമാനം അന്ധകാരാവൃതമാക്കുന്നു. അതിനാൽ ജീവിതത്തെ ആസ്വദിക്കുന്നതിനോടൊപ്പം മരണത്തെയും ആസ്വദിക്കുവിൻ. അപ്പോൾ നിങ്ങൾ മോക്ഷത്തിലേക്ക് ചുവടുവയ്ക്കുന്നു. പ്രപഞ്ചത്തെ എല്ലാവരും ആസ്വദിക്കുന്നു. എന്നാൽ പ്രപഞ്ചത്തിന്റെ അഭാവത്തെ എത്രപേർ ആസ്വദിക്കുന്നുണ്ട്? മരിക്കുമ്പോൾ ഈ പ്രപഞ്ചം തിരോഭവിക്കുന്നു. അപ്പോൾ നിങ്ങളുടെ മനസ്സിന്റെ സമനില തെറ്റാതിരിക്കണമെങ്കിൽ പ്രപഞ്ചത്തിന്റെ അഭാവത്തെയും കൂടി ആസ്വദിക്കുവാൻ പഠിക്കണം.
പ്രപഞ്ചത്തിന്റെ അഭാവത്തെ ആസ്വദിച്ച് തുടങ്ങുമ്പോൾ നിങ്ങൾ വലിയൊരു സത്യം മനസ്സിലാക്കുന്നു – നിങ്ങൾ പ്രപഞ്ചത്തിന്റെ ഭാഗമല്ല! നിങ്ങൾ പ്രപഞ്ചത്തിനും ഉപരിയാണ്! പ്രപഞ്ചത്തിന് നിങ്ങളുടെ മേൽ സ്വാധീനമൊന്നുമില്ല. പ്രപഞ്ചം തിരോഭവിച്ചാലും നിങ്ങൾ തിരോഭവിക്കുന്നില്ല. അതെ, നിങ്ങൾ ഈശ്വരൻ തന്നെയാണ്. അതുപോലെ തന്നെ മരണത്തെ ആസ്വദിച്ചുതുടങ്ങുമ്പോൾ നിങ്ങൾ ഒരു കാര്യം മനസിലാക്കുന്നു – നിങ്ങൾക്ക് മരണമില്ല! ഉണ്ടായിരിന്നുവെങ്കിൽ നിങ്ങൾ അതിനെ ആസ്വദിക്കുമായിരുന്നില്ല. ഇപ്രകാരം വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നതിനേക്കാളും ശ്രേഷ്ഠമാണ് അവയുടെ അഭാവത്തെ ആസ്വദിക്കുന്നത് എന്ന് കാണുവാൻ കഴിയും. എന്നുമാത്രവുമല്ല വിഷയങ്ങളുടെ അസാന്നിദ്ധ്യത്തെകൂടി ആസ്വദിക്കുമ്പോൾ മാത്രമേ വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ഭയം കൂടാതെ ആസ്വദിക്കുവാൻ നമുക്ക് കഴിയുന്നുള്ളൂ. ഉദാഹരണത്തിന് ദാരിദ്ര്യത്തെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് പേടി കൂടാതെ സമ്പത്തിനെയും ആസ്വദിക്കുവാൻ കഴിയുന്നു. മരണത്തെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് മരണഭയമില്ലാതെ ജീവിതത്തെ ആസ്വദിക്കുവാൻ കഴിയുന്നു. ഏകാന്തതയെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് ഒറ്റപ്പെടുമോ എന്ന പേടി കൂടാതെ സാമൂഹിക ജീവിതത്തെ ആസ്വദിക്കുവാനും അതിൽ മുഴുകുവാനും കഴിയുന്നു.
വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ മാത്രം ആസ്വദിക്കുമ്പോൾ നിങ്ങൾ അതിന്റെ അടിമകളായി മാറുന്നു. സാമൂഹിക ജീവിതത്തെ മാത്രമായി ആസ്വദിക്കുമ്പോൾ നിങ്ങൾ സമൂഹത്തിന്റെ അടിമയായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് സമൂഹമില്ലാത്ത ജീവിതത്തെ കുറിച്ച് സങ്കല്പിക്കുവാൻ പോലും കഴിയുനാനില്ല. എന്നാൽ ഒരേസമയം സാമൂഹിക ജീവിതത്തെയും ഏകാന്തതയെയും ആസ്വദിക്കുന്ന ഒരാൾ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. ഇപ്രകാരം മരണത്തെ ആസ്വദിക്കുന്ന ഒരാൾ ജീവിതത്തിന്റെ അടിമയല്ല. “തട്ടിക്കളയും” എന്നു പറഞ്ഞു കൊണ്ട് അയാളെ ഭയപ്പെടുത്തുവാൻ ആർക്കും കഴിയുകയില്ല. നാമെല്ലാം ഒരേസമയം പല കാര്യങ്ങളുടെയും അടിമകളാണ്. ചിലർ മദ്യത്തിന്റെ, ചിലർ പണത്തിന്റെ, ചിലർ പുകയിലയുടെ, ചിലർ ജീവിതപങ്കാളിയുടെ – കാരണം നമുക്ക് അവയില്ലാതെ വയ്യ. അവയുടെ അഭാവം ആസ്വദിക്കുവാൻ നാം പഠിച്ചിട്ടില്ല. ആയതിനാൽ സ്വാതന്ത്ര്യം വേണമെന്നുള്ളവർ ഇവയുടെ അഭാവത്തെ കൂടി ആസ്വദിച്ചു പഠിക്കട്ടെ.
ഭാരതീയ ചിന്താപദ്ധതി വിഷയങ്ങളുടെ അഭാവത്തെ ആസ്വദിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതുപോലെ തോന്നുന്നു. അവർ ജീവിതത്തെയും, സമൂഹത്തെയും, സകല വിഷയങ്ങളെയും ഉപേക്ഷിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു. അവർ ജീവിതത്തെ തന്നെ നിഷേധിക്കുന്നു. ഇത് നമ്മെ മോക്ഷപ്രാപ്തിയിലേക്ക് കൊണ്ടുവരുമെങ്കിലും പ്രായോഗികമായി അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ജീവിതത്തെ ഉപേക്ഷിച്ചുകൊണ്ട് നമുക്കെങ്ങനെ ജീവിക്കുവാൻ കഴിയും? അതിനാൽ ജീവിതത്തെ ഉപേക്ഷിക്കുകയോ വെറുക്കുകയോ ചെയ്യേണ്ട കാര്യമില്ല. അതിനെ ആവോളം ആസ്വദിച്ചുകൊള്ളുവിൻ! പക്ഷേ ഒരു കാര്യം മറക്കരുത്. ഈ ജീവിതത്തിൽ ഉള്ളതൊന്നും സ്ഥായിയല്ല. എല്ലാം തിരോഭവിക്കും. അതിനാൽ അവയുടെ അഭാവത്തെ കൂടി ആസ്വദിക്കുവിൻ. അങ്ങനെ നിങ്ങളുടെ ആസ്വാദനം പൂർണ്ണമാവട്ടെ. യാതൊന്നിന്റെയും അടിമയാകാതിരിക്കുവിൻ. ത്യജിച്ചുകൊണ്ട് ഭുജിക്കുവിൻ! അവിടെ നിങ്ങൾ സകലത്തിന്റെയും അപ്പുറം പോകുന്നു. നിങ്ങളുടെ വ്യക്തിത്വം അനന്തതയിലേക്ക് വളരുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply