ബിനോയ് എം. ജെ.
ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാവുക എന്നത് അത്യന്തം ശ്രേഷ്ഠവും അനിവാര്യവുമായ ഒരു കാര്യമാണ്. നമ്മിൽ ഭൂരിപക്ഷം ആളുകളും തങ്ങളുടെ ജീവിതലക്ഷ്യത്തിൽ എത്തിച്ചേരുന്നതിൽ വിജയം കൈവരിക്കുന്നു. അതിൽ എത്തിച്ചേരുന്നതിൽ ഏതോ നിഗൂഢമായ ഒരു ശക്തി നമ്മെ സഹായിക്കുന്നതായി നാം കാണുന്നു. വാസ്തവത്തിൽ ജീവിതലക്ഷ്യം ഈശ്വരനിൽ നിന്നാണ് വരുന്നത്. അത് ഈശ്വരന്റെ ഒരാവിഷ്കാരമാണ്. അതിനാൽ തന്നെ മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് മാത്രമല്ല അത് ഏറ്റവും വലിയ ശരിയുമാണ്. എന്നിരുന്നാലും ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതുകൊണ്ടോ അതിൽ എത്തിച്ചേരുന്നതുകൊണ്ടോ മാത്രം നമുക്ക് അനന്താനന്ദം കിട്ടുന്നില്ല. അപ്പോഴും നമ്മുടെ ജീവിതം മറ്റെന്നത്തെയും പോലെ വിരസതയിലൂടെയും, ദുഃഖത്തിലൂടെയും, ക്ലേശങ്ങളിലൂടെയും ഇഴഞ്ഞു നീങ്ങുന്നു. അസംതൃപ്തി നമ്മെ വിട്ടു മാറുന്നുമില്ല. എന്താണിതിന്റെ കാരണം?
ലക്ഷ്യവും ഇച്ഛയും ഏറെക്കുറെ ഒന്നുതന്നെയാണ് എന്നുപറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ലക്ഷ്യവും അതിൽ എത്തിച്ചേരുവാഉള്ള പരിശ്രമവും (കർമ്മവും) മാത്രമേ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം ഒരു വലിയ സംഭവമായി മാറുമായിരുന്നു. അതൊരു വൻ വിജയമാകുമായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ കാര്യങ്ങളുടെ നിജസ്ഥിതി അൽപം വ്യത്യസ്തമാണ്. മനുഷ്യനിൽ ഈശ്വരൻ പ്രകൃതീബന്ധനത്തിലാണ്. ഉള്ളിലുള്ള ഈശ്വരൻ ഇച്ഛയുടെയും ലക്ഷ്യത്തിന്റെയും രൂപത്തിൽ സ്പന്ദിക്കുമ്പോൾ ആ ലക്ഷ്യത്തെ പൊതിഞ്ഞു കൊണ്ട് ആഗ്രഹങ്ങൾ ഒരു പഞ്ചസാരയുടെ ആവരണം പോലെ വളർന്നുവരുന്നതിനാൽ മനുഷ്യൻ സ്വാഭാവികമായും ആശയക്കുഴപ്പത്തിലാകുന്നു. ഏതാണ് ലക്ഷ്യം? എതാണ് ആഗ്രഹം?
ലക്ഷ്യവും അതിലെത്തിച്ചേരുവാനുളള കർമ്മവും എപ്പോഴും ഒരു ദാനമാണ്. സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം. ലോകത്തിന് നന്മ ചെയ്യണം. പുരോഗതിയിൽ പങ്കാളിയാവണം. പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കണം. ഇത് മഹത്തായ ഒരു കാര്യമല്ലേ? നമ്മുടെ ജീവിതം കേവലമായ ഇച്ഛയോ, ലക്ഷ്യമോ, കർമ്മമോ ആയിരുന്നുവെങ്കിൽ നമ്മെ അവമതിക്കുവാൻ ബാഹ്യലോകത്തിന് കഴിയുമായിരുന്നില്ല. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ മുമ്പ് സൂചിപ്പിച്ചതുപോലെ ആഗ്രഹങ്ങൾ ഈ ലക്ഷ്യത്തെയങ്ങ് പൊതിയുന്നു. ഉദാഹരണത്തിന് ഞാൻ വലിയ കാര്യങ്ങൾ ചെയ്താൽ എനിക്ക് എന്ത് നേട്ടം കിട്ടും? അംഗീകാരം, പേര്,പ്രശസ്തി…?ക്രമേണ ഈ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും കൂടിക്കുഴയുന്നു. ഏതാണ് ലക്ഷ്യം?ഏതാണ് ആഗ്രഹം?നമുക്ക് തിട്ടമില്ല. പാലും വെള്ളവും കൂടിക്കലരുന്നതുപോലയേ ഉള്ളൂ ഇത്. സമൂഹത്തിന് സംഭാവനകൾ ചെയ്യുകയാണോ എന്റെ ലക്ഷ്യം, അതോ പേരും പ്രശസ്തിയും ആർജ്ജിച്ചെടുക്കുകയാണോ എന്റെ ലക്ഷ്യം? നമുക്ക് ആശയക്കുഴപ്പമാകുന്നു. പേരും പ്രശസ്തിയും കിട്ടാതെ വന്നാൽ ഞാൻ എന്തിനുവേണ്ടി ഇതൊക്കെ ചെയ്യണം? കർമ്മം ചെയ്യണമോ അതോ വേണ്ടയോ? നമുക്ക് ശ്വാസം മുട്ടലാകുന്നു.
കർമ്മം ഒരു ദാനമാണെങ്കിൽ ‘ആഗ്രഹം ‘ ആ പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രതീക്ഷയാണ്. ഇങ്ങോട്ട് എന്തെങ്കിലും സ്വീകരിക്കുന്ന ഒരു പ്രക്രിയയാണ്. ലക്ഷ്യം അല്ലെങ്കിൽ കർമ്മം ഒരു കൊടുക്കൽ ആണെങ്കിൽ ആഗ്രഹം ഒരു വാങ്ങൽ തന്നെയാണ്. അവ തമ്മിൽ സംഘർഷത്തിൽ വരുന്നതിൽ അത്ഭുതമില്ല. ആഗ്രഹം പ്രതിഫലത്തിന്റെ ഒരു പര്യായമാണ്. കർമ്മത്തെ ചുറ്റിപറ്റി പ്രതിഫലേച്ഛയും വളർന്നുവരുന്നു. പ്രതിഫലത്തെ കുറിച്ചുള്ള ഈ ചിന്ത എന്നും കർമ്മാനുഷ്ഠാനത്തിന് ഒരു തടസ്സം തന്നെയാണ്. അത് കർമ്മത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു എന്ന് മാത്രമല്ല, കർമ്മത്തിലുള്ള മനസ്സിന്റെ ഏകാഗ്രതയെ തകർക്കുകയും ചെയ്യുന്നു.
അരയന്നം പാലിനെയും വെള്ളത്തെയും വേർതിരിക്കുന്നതു പോലെ കർമ്മത്തെയും പ്രതിഫലത്തെയും (ലക്ഷ്യത്തെയും ആഗ്രഹത്തെയും) വേർതിരിച്ചറിയുവാൻ നമുക്ക് കഴിയണം. അപ്പോൾ സ്വർഗ്ഗരാജ്യത്തിലേക്കുള്ള കവാടം നമ്മുടെ മുന്നിൽ തുറന്നു കിട്ടുന്നു. എല്ലാ സംഘർഷങ്ങളിൽ നിന്നും നാം മോചനം പ്രാപിക്കുന്നു. പിന്നീടങ്ങോട്ട് ജീവിതത്തിൽ ക്ലേശങ്ങളില്ല. അതെ! കർമ്മത്തെ അല്ലെങ്കിൽ ലക്ഷ്യത്തെ ഉപേക്ഷിക്കാതെ തന്നെ ആഗ്രഹത്തെ അല്ലെങ്കിൽ പ്രതിഫലത്തെ ഉപേക്ഷിക്കുവാൻ നമുക്കത് കഴിയണം. ആഗ്രഹം ലക്ഷ്യത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മറിച്ചല്ല. ഇത് നാം അവശ്യം മനസ്സിലാക്കേണ്ട കാര്യമാണ്. ആഗ്രഹം ഇല്ലെങ്കിലും നമുക്ക് ലക്ഷ്യം ഉണ്ടാവാം. എന്നാൽ ലക്ഷ്യം ഇല്ലാത്തവന് എങ്ങനെയാണ് ആഗ്രഹം ഉണ്ടാവുക? പ്രതിഫലം ഇല്ലെങ്കിലും കർമ്മം ചെയ്യാം, എന്നാൽ കർമ്മം ചെയ്യാതെ എങ്ങനെയാണ് പ്രതിഫലം കിട്ടുക?
അതിനാൽ ലക്ഷ്യവും കർമ്മവും നമ്മെ സദാ മുന്നോട്ട് നയിക്കേണ്ടിയിരിക്കുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിക്കുമ്പോൾ ലക്ഷ്യം ഉപേക്ഷിക്കപ്പെടാതെ നോക്കണം. ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ആഗ്രഹങ്ങൾ ഉണ്ടാകാതെയും നോക്കണം. ഇങ്ങനെ കേവലമായ കർമ്മാനുഷ്ഠാനം നിങ്ങളുടെ ജീവിതത്തിൽ അരങ്ങേറുമ്പോൾ നിങ്ങൾ ഒരു മഹാനായി മാറുന്നു. നിങ്ങളെ തടയുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. നിഷ്കാമകർമ്മം അനുഷ്ഠിക്കുവിൻ! അപ്പോൾ നിങ്ങളിലെ ഈശ്വരൻ സർവ്വമഹത്വങ്ങളോടെ പ്രകാശിക്കും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply