ബിനോയ് എം. ജെ.

നിങ്ങൾ സുന്ദരമായ ഒരു മുഖം കാണുന്നതായി സങ്കല്പിക്കുക. അത് നിങ്ങളിലെ ചില സൗന്ദര്യസങ്കല്പങ്ങളെ ഉണർത്തുന്നു. നിങ്ങൾ അതിന്റെ പിറകേ കൂടുന്നു. നിങ്ങൾ കാണുന്ന മുഖം സുന്ദരമാണെങ്കിലും അത് സൗന്ദര്യത്തിന്റെ മൂർത്തിമത്ഭാവമൊന്നുമല്ല. അത് കുറെയൊക്കെ സുന്ദരമാണ്; കുറെയൊക്കെ വിരൂപവുമാണ്. അതങ്ങനെയാവാനേ വഴിയുള്ളൂ.. അതിനാൽതന്നെ അത് നിങ്ങളുടെ മനസ്സിൽ ഉണർത്തുന്ന സങ്കൽപവും പാതി സുന്ദരവും പാതി വിരൂപവുമാണ്. അത് നിങ്ങളിൽ അനന്താനന്ദം ജനിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. മാത്രവുമല്ല
നിങ്ങളിലെ സങ്കൽപത്തെ ഉണർത്തിയ ബാഹ്യവസ്തുവിനോട് നിങ്ങൾക്ക് സ്വാഭാവികമായും തോന്നുന്ന ആസക്തിയും, ആശ്രയത്ത്വവും, അടിമത്തവും കാലക്രമത്തിൽ നിങ്ങളെ പ്രശ്നങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നു. കാരണം അതില്ലാതെ നിങ്ങളിലെ സങ്കൽപത്തിന് നിലനിൽക്കുവാനാകുന്നില്ല. നിങ്ങൾ പ്രണയത്തിലാകുന്ന സുന്ദരി നിങ്ങളെ ഉപേക്ഷിച്ചുപോയാൽ അവളോടൊപ്പം നിങ്ങളുടെ സങ്കൽപവും തിരോഭവിക്കുവാൻ വെമ്പൽ കൂട്ടുന്നു. അത് നിലനിൽപിനു വേണ്ടി കേഴുന്നു. നിങ്ങൾ നിരാശയിലേക്ക് വീഴുകയും ചെയ്യുന്നു.

ഇപ്രകാരം ബാഹ്യവസ്തുക്കൾ നമ്മുടെ ഉള്ളിലെ അത്യുദാത്തങ്ങളായ ചില സങ്കൽപങ്ങളെ ഉണർത്തുന്നു. മനുഷ്യൻ വീടു കെട്ടുന്നതും, ഉദ്യാനങ്ങൾ നിർമ്മിക്കുന്നതും, നഗരങ്ങൾ രൂപകൽപന ചെയ്യുന്നതുമെല്ലാം ഉള്ളിലുള്ള ചില സങ്കൽപങ്ങളെ ഉണർത്തുവാൻ വേണ്ടി മാത്രമാണ്.ഇതിനപ്പുറം ഒരു ധർമ്മം ബാഹ്യയാഥാർത്ഥ്യത്തിനോ,ബാഹ്യ പ്രപഞ്ചത്തിനോ, കർമ്മത്തിനോ ഇല്ല. ഇപ്രകാരം നാം ബാഹ്യയാഥാർത്ഥ്യത്തിന്റെ സഹായത്താൽ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുമ്പോൾ രണ്ടു തരം വൈഷമ്യങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി ആന്തരിക സങ്കൽപങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉണർത്തുവാൻ ബാഹ്യയാഥാർത്ഥ്യം അസമർത്ഥമാകുന്നു. രണ്ടാമതായി ബാഹ്യയാഥാർത്ഥ്യവുമായി നാമൊരുതരം ആസക്തിയെ വളർത്തിയെടുക്കുന്നു. ഇതാണ് മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുന്നതിന് അൽപം വിപ്ലവാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മിലെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ വാസ്തവത്തിൽ ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യമുണ്ടോ? ബാഹ്യയാഥാർത്ഥ്യത്തോടുള്ള ഈ ആശ്രയത്തം എത്രമാത്രം ആരോഗ്യപ്രദമാണ്? ബാഹ്യലോകത്തിന്റെ സഹായമില്ലാതെ ആന്തരിക സങ്കൽപങ്ങളെ ഉണർത്തുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?അങ്ങനെയൊരു മാർഗ്ഗമുണ്ടെങ്കിൽ പിന്നീട് നമുക്ക് ബാഹ്യലോകത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല.

സങ്കൽപത്തെ ഉണർത്തുവാൻ സങ്കൽപം തന്നെ ധാരാളം മതിയാകും. അതിന് ബാഹ്യയാഥാർത്ഥ്യത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ല. അത് നാം സ്വയം പരിശീലിക്കണം എന്ന് മാത്രം. നിങ്ങളിലെ സ്ത്രീ സങ്കൽപത്തെ ഉണർത്തുവാൻ നിങ്ങളുടെ പുറത്ത് സ്ത്രീ ഉണ്ടാവണമെന്ന് നിർബന്ധമൊന്നുമില്ല. പകരം നിങ്ങൾ കണ്ണടച്ചു പിടിച്ച് അത്യന്തം സുന്ദരിയായ ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. ആദ്യമൊക്കെ നിങ്ങൾ കണ്ടിട്ടുള്ള ഏതെങ്കിലും പെൺകുട്ടിയുടെ രൂപമാവും മനസ്സിൽ തെളിയുക. പക്ഷേ അതിന് സൗന്ദര്യം പോരാ. അതിനാൽതന്നെ കണ്ണടച്ചു പിടിച്ചുകൊണ്ട് കൂടുതൽ കൂടുതൽ സൗന്ദര്യമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിക്കുക. അവളുടെ സൗന്ദര്യം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ. ഇത് കുറെനാൾ അഭ്യസിച്ചു കഴിയുമ്പോൾ പരിപൂർണ്ണയായ ഒരു പെൺകുട്ടിയുടെ (ideal lady) രൂപം നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരും. അവളുടെ സൗന്ദര്യത്തിൽ നിങ്ങൾ തല കറങ്ങി താഴെ വീഴട്ടെ! ഇതിൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ഈ ലോകത്തിലെ വൈരൂപ്യം കലർന്ന സ്ത്രീ സൗന്ദര്യത്തിനു പിറകേ അധികം ഓടുകയില്ല.

നാം ജീവിക്കുന്ന സമൂഹം അത്രനല്ല ഒരു സമൂഹമൊന്നുമല്ല. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. പരിപൂർണ്ണമായ ഒരു സമൂഹം വാർത്തെടുക്കണമെന്ന് നാം സ്വപ്നം കാണുന്നുവെങ്കിലും അതത്ര പ്രായോഗികവുമല്ല. എന്നാൽ പരിപൂർണ്ണമായതും അത്യന്തം പകിട്ടേറിയതുമായ ഒരു സമൂഹസങ്കൽപം നമ്മുടെ ഉള്ളിൽ ഉറങ്ങി കിടപ്പുണ്ട്. അതിനെ ഉണർത്തിയെടുക്കുവാൻ ഉള്ള ശക്തി ബാഹ്യസമൂഹത്തിന് ഒട്ടില്ല താനും. അതിനാൽതന്നെ അത്യന്തം ഭാസുരമായ ആ സാമൂഹിക സങ്കൽപത്തെ ആന്തരികമായി തന്നെ ഉണർത്തിയെടുക്കുവിൻ. കാറൽ മാർക്സ് ചെയ്തതുപോലെ പരിപൂർണ്ണമായതും കുറവുകളില്ലാത്തതുമായ ഒരു സമൂഹത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. മാർക്സിന്റെ സ്വപ്നം ഒരു പാഴ്വേലയായി പോയി എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് ലോക ചരിത്രത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിട്ട കാര്യം നമുക്കറിവുള്ളതാണ്. ഇതേ വ്യായാമം തന്നെ നാമും ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങളുടെ ആദർശലോകത്തെ സ്വപ്നം കണ്ടു തുടങ്ങുവിൻ. അതിന്റെ പ്രഭാവലയത്തിൽ നിങ്ങൾ ഒരുന്മാദത്തിലേക്ക് വഴുതി വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നീട് നിങ്ങൾ അപൂർണ്ണമായതും പിടിയിൽ നിൽക്കാത്തതുമായ ഈ ബാഹ്യസമൂഹത്തിന് പിറകേ അധികം ഓടുകയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാഹ്യയാഥാർത്ഥ്യത്തെ നാം ആസ്വദിക്കുന്നു. കാരണം അത് നമ്മിലുറങ്ങിക്കിടക്കുന്ന ആന്തരിക സങ്കൽപത്തെ ഭാഗികമായെങ്കിലും ഉണർത്തുന്നു. എന്നാൽ ബാഹ്യയാഥാർത്ഥ്യം പരിപൂർണ്ണമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അത് കുറെയൊക്കെ വിരൂപവും അപകടം പിടിച്ചതുമാണ്. പുരമുകളിൽ നിന്നും താഴേക്ക് ചാടിയാൽ നിങ്ങളുടെ കാൽ ഒടിയുക തന്നെ ചെയ്യും. എന്നാൽ നിങ്ങളുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പരിപൂർണ്ണമായ ആന്തരിക സങ്കൽപത്തിൽ ഇങ്ങനെ ഒരു പ്രശ്നമുണ്ടാകുവാൻ വഴിയില്ല. അത്യന്തം പകിട്ടേറിയ ആ ആന്തരിക സങ്കൽപത്തെ ബാഹ്യപ്രപഞ്ചത്തിന്റെ സഹായമില്ലാതെ തന്നെ ഉണർത്തിയെടുക്കുവിൻ. കണ്ണടച്ചു പിടിച്ചു കൊണ്ട് കുറവുകളില്ലാത്ത ആ ലോകത്തെ ഭാവനയിൽ കാണുക. അതിന്റെ മാസ്മരികതയിൽ നിങ്ങൾ ബോധം കെട്ടു താഴെ വീഴട്ടെ. അതിൽ നിങ്ങൾ വിജയിച്ചാൽ പിന്നെ വിരൂപവും അപകടം പിടിച്ചതുമായ ഈ ലോകത്തിന്റെ പിറകേ നിങ്ങൾ അധികം ഓടുകയില്ല.

ഇപ്രകാരം സങ്കൽപശക്തി ഉപയോഗിച്ച് ബാഹ്യലോകത്തിന്റെ പരിമിതികൾക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. അങ്ങിനെ ബാഹ്യലോകവുമായുള്ള അടിമത്തത്തിന്റെ ചങ്ങലകളെ തകർക്കുവിൻ. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ? യാഥാർത്ഥ്യത്തോടുള്ള അടിമത്തം മായാബന്ധനം തന്നെയാണ്. നിങ്ങളിൽ വസിക്കുന്ന ഈശ്വരൻ സങ്കൽപത്തിനും അപ്പുറത്താണ്. സങ്കൽപത്തിലൂടെ അതിലേക്ക് പ്രവേശിക്കുവിൻ. അപ്പോൾ നിങ്ങളെ ദുഃഖിപ്പിക്കുവാൻ യാഥാർഥ്യത്തിന് സാധിക്കുകയില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120