ബിനോയ് എം. ജെ.

സ്ട്രെസ്സും നിഷേധാത്മക വികാരങ്ങളും എന്നും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്. ഈ കാലങ്ങളിൽ ഇവ കൂടി വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്കൊരു കടിഞ്ഞാൺ ഇട്ടാൽ മനുഷ്യൻ പരമാനന്ദത്തിൽ എത്തും. നിഷേധാത്മക വികാരങ്ങൾ പലതുണ്ടെങ്കിലും അവയെല്ലാം ഒരു പരിധിവരെ ഉത്കണ്ഠയുടെ വകഭേദങ്ങൾ തന്നെ. ഉത്കണ്ഠയെ പുറത്തേക്ക് വിക്ഷേപിക്കുമ്പോൾ അത് ഭയമായി മാറുന്നു. ഉത്കണ്ഠയെ ഭൂതകാലത്തിലേക്ക് വിക്ഷേപിക്കുമ്പോൾ അത് ദുഃഖമായി മാറുന്നു. ഉത്കണ്ഠയും, ഭയവും, ദുഃഖവും പലതരത്തിൽ കൂടികലരുമ്പോൾ വിവിധങ്ങളായ നിഷേധാത്മക വികാരങ്ങൾ ജനിക്കുന്നു. അതിനാൽതന്നെ ഉത്കണ്ഠയിൽ പിടിമുറുക്കിയാൽ നമുക്ക് നിഷേധാത്മക വികാരങ്ങളെയെല്ലാം വരുതിയിൽ കൊണ്ടുവരുവാൻ കഴിയും. അതാണ് എല്ലാ പ്രശ്നങ്ങളെയും നിയന്ത്രിക്കുവാനുള്ള നമ്മുടെ കയ്യിലുള്ള കടിഞ്ഞാൺ.

ഉത്കണ്ഠ ഒരു ദുശ്ശീലം മാത്രമാണെന്ന് വേണമെങ്കിൽ പറയാം. മറ്റേതൊരു ദുശ്ശീലത്തെയും പോലെ (ഒരുപക്ഷേ അവയെക്കാളും എളുപ്പത്തിൽ) ഇതിനെയും നമുക്ക് എടുത്തു കളയുവാൻ കഴിയും. മനസ്സിൽ എപ്രകാരമാണ് ആധി പ്രത്യക്ഷപ്പെടുന്നതെന്നും അതിൽ നിന്നും വിവിധങ്ങളായ പ്രശ്നങ്ങൾ ജനിക്കുന്നതെന്നും നിരീക്ഷിക്കുവിൻ. അനാവശ്യമായ ഉത്കണ്ഠകളെ ഒഴിവാക്കുവാൻ ശ്രമിക്കുവിൻ. എല്ലാ ഉത്കണ്ഠകളും അനാവശ്യങ്ങളാണ്! ഇവിടെ സ്വാഭാവികമായ ഒരു സംശയം ജനിച്ചേക്കാം..”ഇപ്രകാരം ഉത്കണ്ഠകളെ ഒഴിവാക്കിയാൽ നാം പ്രശ്നങ്ങളിൽ വന്നു ചാടുകയില്ലേ?” ഇതും ഒരുതരം ഉത്കണ്ഠ തന്നെ! സ്വയം കബളിപ്പിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ. ഉത്കണ്ഠയുടെ ഒരു ശൃംഖല തന്നെ നമ്മുടെ മനസ്സിൽ പ്രവർത്തിക്കുന്നു. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയുടെയെല്ലാം കേന്ദ്രബിന്ദുവായി മരണത്തെക്കുറിച്ചുള്ള ഉത്കണ്ഠയും(Death Anxiety) കിടക്കുന്നു. മരണമോ, രോഗങ്ങളോ, പരാജയമോ അല്ല മനുഷ്യന്റെ യഥാർത്ഥത്തിലുള്ള പ്രശ്നം. അവയെക്കുച്ചുള്ള ഉത്കണ്ഠയാകുന്നു അവന്റെ യഥാർത്ഥ പ്രശ്നം. നിങ്ങൾ വാസ്തവത്തിൽ ഈശ്വരൻ തന്നെയാണ്! ഉത്കണ്ഠയാവട്ടെ നിങ്ങളെ ഈ ബോധ്യത്തിൽ നിന്നും തെറിപ്പിക്കുന്നു. അപ്പോഴാണ് വിവിധങ്ങളായ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നത്. എങ്കിലും മരണവും, രോഗങ്ങളും, പരാജയങ്ങളും സംഭവിക്കുന്നില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അവ സംഭവിക്കുന്നതായി നിങ്ങൾക്ക് തോന്നുകയും അനുഭവപ്പെടുകയും ചെയ്യുന്നു; വാസ്തവത്തിൽ അവ സംഭവിക്കുന്നില്ല. നിങ്ങൾ മരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. വാസ്തവത്തിൽ നിങ്ങൾ മരിക്കുന്നില്ല. കാരണം നിങ്ങൾ ഈശ്വരൻ ആണ്. എല്ലാം ഉത്കണ്ഠയുടെ സൃഷ്ടികൾ മാത്രം!

നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഉത്കണ്ഠയിലേക്ക് വീഴുമ്പോഴേക്കും പ്രകൃതി നിങ്ങളെ അടിമകളായി പിടിച്ചു കഴിഞ്ഞിരിക്കും. ഉത്കണ്ഠയിൽ കഴിയുന്നത്രയും കാലം നിങ്ങൾ അടിമകളായി തന്നെ തുടരുകയും ചെയ്യും. ഉത്കണ്ഠ മൂലം നാം ജീവിതത്തിന്റെയും മരണത്തിന്റെയും അടിമകളാകുന്നു. അപ്പോഴാണ് നാം നമ്മെക്കുറിച്ച് തന്നെ ചിന്തിച്ചു തുടങ്ങുന്നത്. ഇപ്രകാരം സ്വാത്ഥതയും സ്വാർത്ഥതയിൽ നിന്നും ആഗ്രഹങ്ങളും ജനിക്കുന്നു. ഇവയെല്ലാം നമ്മെ പരിമിതപ്പെടുത്തുക മാത്രം ചെയ്യുന്നു. “ആകുലപ്പെട്ടതുകൊണ്ട് നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം കൂടി നീട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും” എന്ന് യേശുദേവൻ ചോദിക്കുന്നു. വാസ്തവത്തിൽ ആകുലപ്പെടുമ്പോഴാണ് നമ്മുടെ ആയുസ്സ് പരിമിതപ്പട്ടു പോകുന്നത്. നാം കെണിയിൽ വീണു പോകുന്നു. നിത്യം ജീവിക്കുവാൻ വേണ്ടി നാം ആകുലപ്പെടുന്നു; ആ ആകുലത നമ്മെ നിത്യജീവിതത്തിൽ നിന്നും തെറിപ്പിക്കുന്നു. ആകുലപ്പെടാതിരുന്നാൽ നാമൊക്കെ ഈശ്വരൻമാരാണ്. അപ്പോൾ നമുക്ക് മരണമില്ല!

ബാഹ്യലോകം നമ്മെ സദാ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നാം ആ ഭീഷണീയെ സ്വീകരിക്കുകയും അതിനെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യുമ്പോഴേ ആ ഭീഷണി നമ്മെ ബാധിക്കുന്നുള്ളൂ. അല്ലാത്തിടത്തോളം കാലം ആ ഭീഷണി നമുക്ക് പുല്ലാണ്! ഇത്തരം ഭീഷണികൾ നിങ്ങൾ സ്വതന്ത്രനാണോ അല്ലയോ എന്ന് തിരിച്ചറിയുവാൻ ഉള്ള പരീക്ഷകൾ മാത്രം. ഇതൊരു പ്രധാനപ്പെട്ട പരീക്ഷ തന്നെ. ഇതിൽ പരാജയപ്പെട്ടാൽ നിങ്ങൾ പ്രകൃതിക്ക് ദാസ്യവൃത്തി ചെയ്യേണ്ടതായി വരും. വിജയിച്ചാലോ, പ്രകൃതി നിങ്ങൾക്ക് ദാസ്യവൃത്തി ചെയ്യും! അപ്പോൾ നിങ്ങളെ ബാധിക്കുവാൻ പ്രകൃതിക്ക് കഴിയാതെ പോകുന്നു. നിങ്ങൾ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറുന്നു. ഉത്കണ്ഠകളാൽ നിങ്ങൾ സ്വയം തീർത്ത ചങ്ങലകളെ പൊട്ടിച്ചെറിയുവിൻ. അവ വ്യാജങ്ങളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉത്കണ്ഠയാണ് മനുഷ്യന്റെ യഥാർത്ഥത്തിലുള്ള പ്രശ്നമെന്ന് മനസ്സിലാക്കുന്നത് തന്നെ പരമാനന്ദത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ്. ഉത്കണ്ഠ നമ്മുടെ മനസ്സിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് രണ്ടാമത്തെ പടിയാണ്. എല്ലാ ഉത്കണ്ഠകളെയും ഒരുമിച്ചു വലിച്ചെറിയുക എന്നത് മൂന്നാമത്തെ പടിയും. അപ്പോൾ നാം ഈശ്വരൻ തന്നെയാണെന്നും ഭൂസ്വർഗ്ഗവാസങ്ങളുടെ ആവശ്യം നമുക്കില്ലെന്നുമുള്ള ബോധ്യത്തിലേക്ക് നാം വളരുന്നു. നാം ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് ഉത്കണ്ഠയെ ഭയന്നുകൊണ്ടാണ്. കർമ്മം ചെയ്യുന്നതും ഉത്കണ്ഠയെ ഭയന്നുകൊണ്ട് തന്നെ. യുക്തി ചിന്തയിൽ ഏർപ്പെടുമ്പോൾ നാം ഉത്കണ്ഠ ജനിപ്പിക്കുന്ന സാഹചര്യങ്ങളെ തന്ത്രപൂർവ്വം ഒഴിവാക്കുവാൻ ശ്രമിക്കുന്നു. ഇവിടെയൊന്നും ഉത്കണ്ഠ തിരുത്തപ്പെടുന്നില്ല; മറിച്ച് പ്രോത്സാഹിപ്പിക്കപ്പെടുകയേ ചെയ്യുന്നുള്ളൂ. നാം ബാഹ്യലോകത്തെ തിരുത്തുമ്പോൾ ഉള്ളിലെ ഉത്കണ്ഠ തിരുത്തപ്പെടാതെ പോകുന്നു. ഉത്കണ്ഠയെ തിരുത്തിയാൽ ബാഹ്യലോകത്തെ തിരുത്തേണ്ട ആവശ്യവുമില്ല. അപ്പോൾ നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം നിഷ്കാമകർമ്മങ്ങളായി ഭവിക്കുന്നു – നാമവ ചെയ്യുന്നത് നമുക്ക് വേണ്ടിയല്ല. അതിനാൽ ആന്തരിക ലോകത്തിലേക്ക് തിരിയുവിൻ. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം അവിടെയാണ് കിടക്കുന്നത്. അവിടെ തിരുത്തിയാൽ നാം വിജയിക്കുക തന്നെ ചെയ്യും. അപ്പോൾ നമ്മുടെ ജീവിതം ഭാവാത്മകമാവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120