ബിനോയ് എം. ജെ.
നിങ്ങൾ ക്ലേശിച്ച് സമയമില്ലാത്ത സമയത്ത് ഒരു വ്യക്തിയെ കാണുവാൻ ചെല്ലുന്നു. അവിടെ ചെല്ലുമ്പോൾ അയാൾ അവിടെ ഇല്ല. നിങ്ങൾ ക്ലേശിച്ച് വിദ്യാഭ്യാസം ചെയ്യുന്നു. ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് ജോലി കിട്ടുന്നില്ല. ഇനി നിങ്ങൾക്ക് ജോലി കിട്ടിയാലോ? ആ ജോലി അതിനേക്കാൾ ക്ലേശകരമായിരിക്കും. ഇപ്രകാരം മനുഷ്യജീവിതം ക്ലശങ്ങളാൽ നിറയുന്നു. എന്താണിതിന്റെ കാരണം? എന്താണിതിന്റെ പരിഹാരം?
നിങ്ങൾ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നു. അതിനു ശേഷം ക്ലേശങ്ങൾ ക്ഷണിക്കാതെയും വന്നു ചേരുന്നു! നിങ്ങളുടെ ജീവിതം സന്തോഷപ്രദമാക്കുവാനാണ് നിങ്ങൾ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. ഭാവിയിൽ ക്ലേശങ്ങൾ ഉണ്ടാവരുത്. അതിന് നിങ്ങൾ ക്ലേശിച്ച് പഠിക്കുന്നു; ക്ലേശിച്ച് കർമ്മം ചെയ്യുന്നു. ഇതോടൊപ്പം ജീവിതം ക്ലേശപൂർണ്ണമാണ് എന്നൊരു തെറ്റായ കാഴ്ചപ്പാടും നമ്മുടെ ഉള്ളിൽ കടന്നു കൂടുന്നു. ഉത്കണ്ഠ മൂലമാണ് മനുഷ്യൻ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. നമ്മുടെ ലക്ഷ്യം ക്ലേശമല്ല. അതിനാൽതന്നെ മാർഗ്ഗവും ക്ലേശമാകുവാൻ പാടില്ല. ക്ലേശപൂർണമായ ഒരു ജീവിതത്തിന് എന്തു വിലയാണുള്ളത്?
ജീവിതം ആസ്വദിക്കുവാൻ വേണ്ടി ഉള്ളതാണ്. ക്ലേശിക്കുവാൻ വേണ്ടിയുള്ളതല്ല. എങ്ങനെയാണ് ക്ലേശങ്ങൾ ജീവിതത്തിൽ കടന്നു കൂടുന്നത്? ഒന്ന് ഇച്ഛിക്കുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുമ്പോഴാണ് ക്ലേശങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണത്തിന് നിങ്ങൾ ഇപ്പോൾ നടക്കുവാൻ പോകാൻ ഇഷ്ടപ്പെടുകയും, അതിന് പോവാതെ പകരം എന്തെങ്കിലും ജോലി ചെയ്യുവാൻ സ്വയം സമ്മർദ്ദം ചെലുത്തുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ക്ലേശം അനുഭവപ്പെടുന്നു. ഈ പ്രശ്നത്തെ വളരെയെളുപ്പം ഒഴിവാക്കാവുന്നതാണ്. നടക്കുവാൻ പോകാനിച്ഛിക്കുമ്പോൾ നടക്കാൻ പോവുകയും ജോലിചെയ്യുവാൻ ഇച്ഛിക്കുമ്പോൾ ജോലി ചെയ്യുകയും ചെയ്യുവിൻ! ആന്തരികമായി നിങ്ങൾ ഒരു സമയത്ത് ഒരു കാര്യമേ ചെയ്യുവാൻ ഇച്ഛിക്കുന്നള്ളൂ. അവിടെ രണ്ടു കാര്യങ്ങൾ വന്നുചേരുമ്പോൾ സംഘർഷം (conflict) ഉണ്ടാകുന്നു. എല്ലാറ്റിനും ഓരോ സമയമുണ്ട്. പഠിക്കുവാൻ ഒരു സമയം; എഴുതുവാൻ മറ്റൊരു സമയം; ജോലി ചെയ്യുവാൻ വേറൊരു സമയം. പഠിക്കുവാൻ ഉള്ള സമയത്ത് എഴുതുവാൻ പോയാൽ രണ്ടും വിജയിക്കുകയില്ല.
സമൂഹം പറയുന്നു “ജോലിയാണ് വിനോദത്തേക്കാൾ പ്രധാനപ്പെട്ടത്”; “കുട്ടികൾ മുഴുവൻ സമയവും പഠിക്കുവാൻ വേണ്ടി നീക്കി വയ്ക്കണം”; “ദിവാസ്വപ്നം കണ്ട് സമയം പാഴാക്കരുത്”. ഇവ എത്രമാത്രം ശരിയാണ്? ജോലിയും വിനോദവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു കാര്യം ആയാസത്തോടെ ചെയ്യുമ്പോൾ അതിനെ ‘ജോലി’ എന്ന് നാം വിളിക്കുന്നു. അതേകാര്യം തന്നെ ആയാസരഹിതമായി ചെയ്യുമ്പോൾ അതിനെ ‘വിനോദ’ മെന്നും വിളിക്കുന്നു. നിങ്ങൾ ചിന്തിക്കുവാൻ ഇച്ഛിക്കുന്ന സമയത്ത് വായിക്കുവാൻ ഇരുന്നാൽ ആ വായന നിങ്ങൾക്ക് ആയാസകരമായി അനുഭവപ്പെടും. വായിക്കുവാൻ ഇച്ഛിക്കുന്ന സമയത്ത് ചിന്തിക്കുവാൻ ഇരുന്നാൽ ആ ചിന്തയും നിങ്ങൾക്ക് ആയാസകരമായി അനുഭവപ്പെടും. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. നാം ഇച്ഛിക്കുന്ന സമയത്ത് ഓരോ കാര്യവും ചെയ്താൽ ആയാസവും ക്ലേശവും നമ്മുടെ ജീവിതത്തിൽ നിന്നും തിരോഭവിക്കും! നിങ്ങൾ ചെയ്യുന്ന ഓരോ കർമ്മവും നിങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവിൻ. കുട്ടികൾ സദാ പഠിക്കണമെന്ന് പറയുമ്പോൾ അവരുടെ ജീവിതത്തിലേക്ക് ക്ലേശങ്ങൾ പ്രവേശിക്കുന്നു. കാരണം ശൈശവം പഠിക്കുവാൻ ഉള്ള സമയമല്ല. അത് വിനോദത്തിനും കളികൾക്കുമുള്ള സമയമാണ്. വിനോദം ശൈശവത്തിനും, അദ്ധ്വാനം യൗവനത്തിനും, വിശ്രമം വാർദ്ധക്യത്തിനും യോജിച്ച കാര്യങ്ങളാണ്. അത് തെറ്റിക്കുമ്പോൾ ജീവിതം മുഴുവൻ ക്ലേശം നിറഞ്ഞതാവുന്നു. ഇനി ദിവാസ്വപ്നങ്ങൾ നടക്കുന്നത് വിശ്രാന്തിയുടെ പാരമ്യത്തിൽ ആകുന്നു. അതിനാൽതന്നെ അത് ഏറ്റവും ശ്രേഷ്ഠമായ കർമ്മവും ആകുന്നു. ദിവാസ്വപ്നം കാണുമ്പോൾ നിങ്ങളുടെ ഭാവനയും, സർഗ്ഗശേഷിയും, ബ്ദ്ധിശക്തിയും ഉണരുന്നു. അവയുണർന്നാൽ നിലവിലുള്ള ദുഷിച്ച സാമൂഹിക വ്യവസ്ഥിതി തകരുമെന്ന് തലപ്പത്തിരിക്കുന്നവർക്ക് നന്നായി അറിയാം. അതിനാൽതന്നെ അവർ അതിനെ നിരുത്സാഹപ്പെടുത്തുന്നു
ലോകം മുഴുവൻ കഠിനാദ്ധ്വാനത്തെ പാടിപ്പുകഴ്ത്തുന്നു. നിങ്ങൾ ഒരു കർമ്മം ചെയ്യുമ്പോൾ അത് കഠിനമായി നിങ്ങൾക്ക് അനുഭവപ്പെടുന്നത് നിങ്ങൾ അത് തെറ്റായ സമയത്ത് ചെയ്യുന്നതുകൊണ്ടാണ്. നിങ്ങൾ അത് ശരിയായ സമയത്താണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്കത് ലഘുവായും ആനന്ദപ്രദമായും അനുഭവപ്പെടും. ഒരു കർമ്മം കുറേ ചെയ്യുമ്പോഴേക്കും അത് മടുക്കും. അപ്പോൾ നാം വേറെയെന്തെങ്കിലും എടുത്തു ചെയ്യുന്നു. കുറെ കഴിയുമ്പോൾ അതും മടുക്കും. അപ്പോൾ തികച്ചും വ്യത്യസ്തമായ മൂന്നാമത് എന്തെങ്കിലും ചെയ്യുന്നു. വായിച്ചു മടുക്കുമ്പോൾ ഒന്ന് നടക്കുവാൻ പോകുന്നു. നടന്നു കഴിയുമ്പോൾ അൽപം ചിന്തിക്കുവാൻ ഇരിക്കുന്നു. അത് മടുക്കുമ്പോൾ ആരോടെങ്കിലും അൽപം സംസാരിക്കുന്നു. സംസാരം മടുക്കുമ്പോൾ അൽപം ജോലി ചെയ്യുന്നു. ഇപ്രകാരം കാര്യങ്ങൾ മാറിമാറി ചെയ്യുമ്പോൾ ഒട്ടും തന്നെ ആയാസം അനുഭവപ്പെടുന്നില്ല. മറിച്ച് ദിവസം മുഴുവൻ വായിക്കുവാൻ ഇരുന്നാലോ? മറ്റുകാര്യങ്ങൾ ഒന്നും നടക്കില്ലെന്ന് മാത്രമല്ല, ആ വായന വളരെ ക്ലേശകരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഏതെങ്കിലും ഒരു ജോലിയിൽ മാത്രം ക്ലേശിച്ച് ശ്രദ്ധിക്കുമ്പോൾ അയാൾ കഠിനാധ്വാനം ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു. ഇങ്ങനെ ചെയ്യുന്ന കഠിനാധ്വാനം താത്കാലികമായ വിജയത്തിലേക്ക് നയിച്ചേക്കാമെങ്കിലും കാലക്രമത്തിൽ ഗുരുതരമായ പരാജയത്തിൽ കൊണ്ടുവന്ന് എത്തിക്കുന്നു.
നിഷ്കാമകർമ്മത്തെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും. അതാവട്ടെ ഒട്ടും തന്നെ ആയാസം ഇല്ലാതെ പരമമായ വിശ്രാന്തിയിൽ ചെയ്യപ്പെടുന്ന കർമ്മമാണ്. ആയാസപ്പെട്ട് ചെയ്യുന്ന കർമ്മമേയല്ല. ആയാസപ്പെട്ട് കർമ്മം ചെയ്യുന്നതിന്റെ പിറകിലത്തെ പ്രചോദനം എന്താണ്? നാമതിൽ നിന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിക്കുന്നു. ദിവസം മുഴുവൻ വായിക്കുവാൻ ഇരിക്കുന്ന വിദ്യാർത്ഥി ഭാവിയിൽ തനിക്ക് സംഭവിക്കുവാനിരിക്കുന്ന വിജയത്തെക്കുറിച്ചും, ഉയർന്ന പ്രതിഫലം കിട്ടുന്ന ജോലിയേക്കുറിച്ചും, പേരിനെയും പ്രശസ്തിയെയും മറ്റും സ്വപ്നം കാണുന്നതുകൊണ്ടാണ് അപ്രകാരം ഒരു ക്ലേശം എടുത്തു തലയിൽ വയ്ക്കുന്നത്. ആ കർമ്മത്തിൽ നിന്നും അയാൾക്ക് കാര്യമായ ആസ്വാദനമോ, സംതൃപ്തിയോ കിട്ടുന്നില്ലെന്നുള്ളത് വ്യക്തം. മറിച്ച് അയാൾ പ്രതിഫലത്തെ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ക്ലേശകരമായ ആ കർമ്മം ചെയ്യുന്നു. ഇതൊരിക്കലും നിഷ്കാമകർമ്മം ആവുകയില്ല. മറിച്ച് അത് സ്വാർത്ഥ കർമ്മമാണ്. പ്രതിഫലത്തിന്റെയും സ്വാർത്ഥതയുടെയും പിറകേ പോകുന്നവന് അതിന്റെ ശിക്ഷ കിട്ടിയേ തീരൂ. എന്നാൽ നിങ്ങൾ കേവലം ആനന്ദത്തിനു വേണ്ടിയാണ് കർമ്മം ചെയ്യുന്നതെങ്കിൽ നിങ്ങൾക്കത് കഠിനാദ്ധ്വാനമായി അനുഭവപ്പെടുകയില്ല. നിങ്ങൾക്ക് പ്രതിഫലമല്ല വലുത്, മറിച്ച് ചെയ്യുന്ന കാര്യത്തിലെ ആനന്ദവും ആസ്വാദനവുമാണ് വലുത്. ജീവിതത്തിൽ ഉന്നത വിജയം കൈവരിച്ചവരെല്ലാം തന്നെ തങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാര്യമാണ് ജീവിതത്തിൽ ഉടനീളം ചെയ്തിരുന്നതെന്ന് കാണുവാൻ കഴിയും. അവർക്ക് അതൊരാസ്വാദനമായിരുന്നു; ഒരു ലഹരിയായിരുന്നു. അപ്പോഴാണ് അവരിലെ സർഗ്ഗശേഷി ഉണർന്നത്. പുറത്തു നിന്ന് നോക്കുമ്പോൾ അവർ കഠിനാദ്ധ്വാനം ചെയ്യുന്നതായി കാണപ്പെട്ടേക്കാം. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം അതൊരിക്കലും അങ്ങനെയല്ല. അവർക്കതൊരു സമയം പോക്കും, വിശ്രമവും, വിശ്രാന്തിയും ആണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply