ബിനോയ് എം. ജെ.
എന്തു ചെയ്താലും അതിന് പ്രതിഫലം കൊടുക്കുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രത്യേകത ആണ്. പ്രഥമ ദൃഷ്ട്യാ ഇതൊരു നല്ല കാര്യമായി തോന്നാമെങ്കിലും ആഴത്തിൽ പഠിക്കുമ്പോൾ നമ്മുടെ സമൂഹത്തിലെ മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും ബീജം ഈ പ്രതിഫലത്തിലാണ് കിടക്കുന്നതെന്ന് കാണാം. കർമ്മം ചെയ്യുന്നതിനുള്ള ഒരു പ്രചോദനമായി പ്രതിഫലത്തെ എല്ലാവരും തന്നെ വ്യാഖ്യാനിക്കുന്നു. എന്താണ് കർമ്മം? ക്ലേശം സഹിച്ചും, ബുദ്ധിമുട്ടിയും, സമ്മർദ്ദം ചെലുത്തിയും എന്തെങ്കിലും ഒക്കെ ചെയ്താലേ അത് കർമ്മമാകൂ എന്നാണ് പരക്കെയുള്ള ധാരണ. ഇതെത്രമാത്രം ശരിയാണ്? ക്ലേശിക്കാതെയും വിശ്രാന്തിയിലും ചെയ്യപ്പെടുന്ന കർമ്മമാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മം. ഭാരതീയർ അതിനെ നിഷ്കാമകർമ്മം എന്ന് വിളിക്കുന്നു. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും ജീവിക്കുവാൻ ആർക്കും കഴിയുകയില്ല. ജീവിതം തന്നെ ഒരു കർമ്മാനുഷ്ഠാനമാണ്. അപ്പോൾ പിന്നെ എന്തിനുവേണ്ടിയാണീ പ്രതിഫലം? കുത്തക ശക്തികളുടെ സ്ഥാപിത താത്പര്യാർത്ഥം നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിങ്ങളെകൊണ്ട് ചെയ്യിപ്പിക്കുവാൻ വേണ്ടിയുള്ള ഒരു തന്ത്രമാണിത്. ഇപ്രകാരം ഇഷ്ടമില്ലാത്ത കാര്യങ്ങളുടെ പിറകേ പോകുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള സമയം നിങ്ങൾക്ക് ലഭിക്കാതെ പോകുന്നു. നിങ്ങൾ കബളിപ്പിക്കപ്പെടുന്നു.
വിനോദങ്ങളിൽ ഏർപ്പെടുവാൻ പ്രതിഫലത്തിന്റെ ആവശ്യമുണ്ടോ? ഫാക്ടറികളിലും, ഓഫീസിലും വിദ്യാലയങ്ങളിലും പോകുവാൻ പ്രതിഫലം വേണ്ടി വന്നേക്കാം. ക്ലേശങ്ങൾ നിറഞ്ഞ ഇത്തരം കർമ്മങ്ങളിലല്ല നമ്മുടെ സമ്പത് വ്യവസ്ഥയുടെ അടിത്തറയെന്ന് ആദ്യമേ മനസ്സിലാക്കുക. അവിടേക്ക് പോകാതെയിരുന്നാൽ നമ്മുടെ സമ്പത് വ്യവസ്ഥ കൂടുതൽ ഊക്കോടെ മുമ്പോട്ടു കുതിക്കും. ആളുകൾ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ! ചിലർ ക്രിക്കറ്റ് കളിക്കുവാനും, ചിലർ ടെലിവിഷൻ കാണുവാനും, ചിലർ ചുറ്റിക്കറങ്ങുവാനും, ചിലർ വായിക്കുവാനും, ചിലർ സംഭാഷണങ്ങളിൽ ഏർപ്പെടുവാനും, ചിലർ ആലോചിക്കുവാനും, ചിലർ ധ്യാനിക്കുവാനും, ചിലർ എഴുതുവാനും, ചിലർ ഫുട്ബോൾ കളിക്കുവാനും, ചിലർ സംഗീതം ആഭ്യസിക്കുവാനും, ചിലർ പാചകം ചെയ്യുവാനും, ചിലർ വ്യായാമം ചെയ്യുവാനും, ചിലർ ശുചീകരണത്തിനും, ചിലർ കട്ടിപ്പണികൾ ചെയ്യുവാനും, ചിലർ സൗന്ദര്യം ആസ്വദിക്കുവാനും, ചിലർ വരക്കുവാനും, ചിലർ അഭിനയിക്കുവാനും – അങ്ങനെ എല്ലാവരും തന്നെ അവർക്കിഷ്ടമുള്ള കാര്യങ്ങളിൽ മുഴുകുമ്പോൾ സമ്പത് വ്യവസ്ഥ ഉണരുകയല്ലേ ചെയ്യുക? മറിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് കഷ്ടപ്പാടുകളിലൂടെ നാം നമ്മുടെ ജീവിതത്തെ വലിച്ചിഴച്ചാൽ സമ്പത് വ്യവസ്ഥ കൂപ്പുകുത്തുകയേ ഉള്ളൂ.
പ്രതിഫലത്തെ മോഹിച്ചുകൊണ്ടും ശിക്ഷയെ ഭയന്നുകൊണ്ടും ക്ലേശപൂർണ്ണമായ കർമ്മാനുഷ്ഠാനം നടക്കുന്ന ഒരു സമൂഹത്തിൽ സ്വാതന്ത്ര്യവും ആസ്വാദനവും എന്നും ഒരു മരീചികയാണ്. ഏതാനും സ്വർണ്ണപന്തുകളുടെ പിറകേ എല്ലാവരും കൂടി ഓടുന്ന മാത്സര്യം നിറഞ്ഞ ഇത്തരം സമൂഹങ്ങളിൽ സ്വാർത്ഥതയാവും പ്രധാനപ്പെട്ട പ്രചോദനം (Motivation) എന്നു പറയേണ്ടതില്ലല്ലോ. അവിടെ സഹകരണവും, സഹവർത്തിത്വവും, പങ്കുവക്കലും, സൗഹാർദവും എങ്ങനെയാണ് ഉണ്ടാവുക? അത് സമൂഹമേയല്ല, മറിച്ച് നരകം തന്നെയാണ്. നമ്മുടെ സമൂഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇവിടുത്തെ എല്ലാ പ്രശ്നങ്ങളുടെയും സംഘർഷങ്ങളുടെയും അടിസ്ഥാനപരമായ കാരണം ഈ മാത്സര്യം തന്നെയാണെന്ന് കാണാം. സമ്പത്തിനുവേണ്ടി മത്സരം, അധികാരത്തിനു വേണ്ടി മത്സരം, പദവികൾക്കുവേണ്ടി മത്സരം. പ്രതിഫലത്തിൽ നിന്നുമല്ലാതെ എവിടെ നിന്നുമാണ് മാത്സര്യം ജനിക്കുന്നത്? സമ്പത്തുള്ളവൻ അത് മറ്റുള്ളവരുമായി പങ്കുവക്കട്ടെ! കാര്യപ്രാപ്തിയുള്ളവൻ മറ്റുള്ളവരെ സഹായിക്കുവാൻ മുന്നോട്ട് വരട്ടെ! അറിവുള്ളവൻ അത് പങ്കുവക്കട്ടെ! ഇപ്രകാരം അർത്ഥവ്യത്തും ഭാവാത്മകവുമായ ഒരു സമൂഹസൃഷ്ടി നടക്കണമെങ്കിൽ അതിന് ഒന്നാമതായി ചെയ്യേണ്ടത് പ്രതിഫല വ്യവസ്ഥിതിയെ തകർക്കുക എന്നതാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply