ബിനോയ് എം. ജെ.
ജീവിതത്തെ ഗൗരവത്തിൽ എടുക്കുന്നവരാണ് നമ്മിൽ എല്ലാവരും തന്നെ. ചെറിയ കാര്യങ്ങൾക്കുപൊലും നാം അർഹിക്കാത്ത ഗൗരവം കൊടുക്കുന്നു. അത് ജീവിതവിജയത്തിന് അത്യാവശ്യമാണെന്ന് നാം കരുതുകയും ചെയ്യുന്നു. ഇപ്രകാരം ജീവിതത്തിനും അതിലെ സംഭവങ്ങൾക്കും ആവശ്യമില്ലാതെ ഗൗരവം കൊടുക്കുമ്പോൾ നാം മനോസംഘർഷങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതാണ് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രക്ഷുബ്‌ധതകൾക്കും കാരണം. മറിച്ച് ഒരു തമാശയോ ഫലിതമോ കേൾക്കുമ്പോൾ നമ്മുടെ മനസ്സ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? ഗൗരവമുള്ള ഒരു കാര്യത്തിന് പൊടുന്നനവേ അതിന്റെ ഗൗരവം നഷ്ടപ്പെടുമ്പോഴാണ് ഒരു ഫലിതം ജനിക്കുന്നത്. ഇപ്രകാരം എത്ര ഗൗരവമുള്ള വിഷയത്തെയും നമുക്ക് നിസ്സാരമായി ചിരിച്ചു തള്ളാവുന്നതേയുള്ളൂ.
ജനനം, മരണം, വിജയം, പരാജയം, സുഖം, ദുഃഖം എല്ലാം നമുക്ക് ഗൗരവമുള്ള കാര്യങ്ങൾ തന്നെ. എന്താണിവയ്ക്ക് ഗൗരവം കൊടുക്കുന്നത്? നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ നിലനിൽപും തന്നെ. ഒരുപക്ഷേ മരണം അവിടെ ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിന് ഇത്രയും ഗൗരവം സിദ്ധിക്കുമായിരുന്നില്ല. താനീ കാണുന്ന ശരീരമാണെന്ന് ചിന്തിക്കുമ്പോൾ അതിനെ സംരക്ഷിക്കേണ്ടത് അനുപേക്ഷണീയമാവുകയും ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി അധ:പതിക്കുകയും ചെയ്യുന്നു. മരണം നമ്മുടെ പടിവാതിൽക്കൽ മുട്ടിവിളിക്കുമ്പോൾ നമുക്ക് ജീവിതം എങ്ങനെ ആസ്വദിക്കുവാൻ കഴിയും? അതിനാൽ തന്നെ ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹം ഉള്ളവർ താനീകാണുന്ന ശരീരമല്ലെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനന മരണങ്ങൾ തനിക്കൊരു നേരമ്പോക്ക് മാത്രമാണെന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ താനീശരീരത്തിനും ഉപരിയായ മറ്റെന്തോ ആണെന്ന ബോദ്ധ്യം മനസ്സിൽ പൊട്ടിമുളക്കുന്നു. അഥവാ താൻ സർവ്വവ്യാപിയാണെന്ന ചിന്ത മനസ്സിൽ രൂഢമൂലമാവണമെങ്കിൽ താൻ അൽപമായ ഈ ശരീരമാണെന്ന ചിന്തയെ പരിത്യജിക്കേണ്ടിയിരിക്കുന്നു. ഒരേസമയം താനീ ശരീരവും പരബ്രഹ്മവും ആണെന്ന് ചിന്തിക്കുവാൻ ആർക്കും കഴിയുകയില്ല. താനീ ശരീരമാണെന്ന് ചിന്തിക്കുമ്പോൾ താൻ ബ്രഹ്മമാണെന്ന സത്യത്തെ നാം മറക്കുന്നു. താനാബ്രഹ്മമാണെന്ന് ചിന്തിക്കുമ്പോൾ ശരീരാവബോധവും തിരോഭവിക്കുന്നു. ഞാനീ കാണുന്ന ശരീരമാണെങ്കിൽ, കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ അനന്തമായ ഈ പ്രപഞ്ചത്തിൽ അതിൽ കേവലം ഒരു നക്ഷത്രമായ സൂര്യനു ചുറ്റും തിരിയുന്ന മൺതരിപോലെയുള്ള ഈ ഭൂമിയിലെ നമ്മുടെ ഈ കൊച്ചു ജീവിതത്തിലെ ജനന മരണങ്ങൾക്കും സുഖദു:ഖങ്ങൾക്കും എന്തു പ്രാധാന്യമാണ് നമുക്കവകാശപ്പെടുവാനുള്ളത്? ഈ നഗ്നസത്യത്തെ നാം സമ്മതിച്ചു കൊടുക്കുമ്പോൾ നാമീ ശരീരമല്ലെന്നും മറിച്ച് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സത്തയാണെന്നുമുള്ള ബോധ്യം മനസ്സിൽ വേരോടുന്നു.
അതിനാൽ തന്നെ നാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ഈ കാണുന്ന ശരീരത്തേക്കാൾ ഉപരിയായി ഈ കാണുന്ന ബാഹ്യലോകത്തിനാണ്. നാമീ ശരീരത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ നമ്മിൽ സ്വാത്ഥത വളരുന്നു. വാസ്തവത്തിൽ നമ്മെ കൂടുതൽ സന്തോഷിക്കുന്നത് ഈ ശരീരത്തേക്കാൾ ഉപരിയായി ഈ ബാഹ്യപ്രപഞ്ചമല്ലേ? അതിൽ നിന്നും മനസ്സിലാക്കേണ്ടത് നാമീ ശരീരമല്ലെന്നും മറിച്ച് ബാഹ്യപ്രപഞ്ചം തന്നെ ആണെന്നുമാണ്. ഈ ശരീരത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടല്ല നമുക്ക് മരണഭയം അനുഭവപ്പെടുന്നത്, മറിച്ച് ഈ പ്രപഞ്ചത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടാണ്. ഈ ശരീരം പോയാൽ കൂട്ടത്തിൽ പ്രപഞ്ചവും തിരോഭവിക്കുമെന്ന് നാം മൂഢമായി വിചാരിക്കുന്നു. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവിൻ! മൂഢമായ ഓരോ ചിന്തയും ദുഃഖത്തെ ജനിപ്പിക്കുക തന്നെ ചെയ്യും. നിങ്ങൾക്ക് ഈ പ്രപഞ്ചത്തോട് അനുരാഗം തോന്നുന്നതിൽ തെറ്റില്ല. കാരണം നിങ്ങൾ ഈ പ്രപഞ്ചം തന്നെയാണ്. അതിനാൽ തന്നെ ഈ ശരീരം പോയാലും അതിനെ ഗൗനിക്കേണ്ട കാര്യമില്ല. കാരണം അപ്പോൾ മാത്രമേ നമുക്ക് ഈ പ്രപഞ്ചത്തോട് വേണ്ടവണ്ണം താദാത്മ്യം പ്രാപിക്കുവാനാകൂ. ഈ ശരീരം പോയാൽ അത് നമ്മുടെ തലയിലെ ഒരു മുടി കൊഴിയുന്നപോലേ ഉള്ളൂ. ഈ ശരീരത്തെ സംരക്ഷിക്കുവാനായി പാടുപെടേണ്ട ആവശ്യവുമില്ല. അവിടെ ഭയവും അൽപത്വവും നമ്മെ വിട്ടു പിരിയുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply