ബിനോയ് എം. ജെ.

ഭാവാത്മകചിന്തയെകുറിച്ച് നിങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ടാവും. എന്നാൽ ഭാവാത്മകമായ യാഥാർഥ്യത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? യാഥാർത്ഥ്യം അത്യന്തം ഭാവാത്മകമാകുവാനേ വഴിയുള്ളൂ. അത് നമുക്ക് സങ്കൽപിക്കുവാനാകുന്നതിലപ്പുറം ഭാവാത്മകമാണ്. ഭാവാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യത്തോട് കൂടുതൽ അടുക്കുന്നു. നിഷേധാത്മകമായി ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സ് യാഥാർത്ഥ്യവുമായി സംഘട്ടനത്തിൽ വരുന്നു. ഈ സംഘട്ടനത്തിൽ നിന്നും ക്ലേശങ്ങളും ദുഃഖങ്ങളും ജന്മമെടുക്കുന്നു. നിങ്ങൾ ഒരു കാര്യമോ ആശയമോ കേൾക്കുമ്പോൾ അത് ശരിയോ തെറ്റോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക? ആ ആശയം നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ അത് ശരിയാകുവാനേ വഴിയുള്ളൂ. മറിച്ച് ആ ആശയം നിങ്ങളെ ആശയക്കുഴപ്പത്തിലും ദുഃഖത്തിലും ആഴ്ത്തുന്നുണ്ടെങ്കിൽ അത് അസത്യവും വ്യാജവും ആകുവാനേ വഴിയുള്ളൂ. ശാസ്ത്രകാരന്മാർ ശരിയും തെറ്റും എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരാശയം കേൾക്കുമ്പോൾ അത് അവരുടെ മനസ്സിൽ സംഭവിപ്പിക്കുന്ന ചലനങ്ങളെ അവർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. അത് ഭാവാത്മകമായ ചലനങ്ങളെ യാണ് സൃഷ്ടിക്കുന്നതെങ്കിൽ ആ ആശയം ശരിയും നിഷേധാത്മക ചലനങ്ങളെ യാണ് സൃഷ്ടിക്കുന്നതെങ്കിൽ ആ ആശയം തെറ്റുമാണെന്ന് അവർ പ്രഥമ ദൃഷ്ട്യാ വിധിയെഴുതുന്നു. അതിന് ശേഷം അവർ അതിന് തെളിവുകൾ അന്വേഷിക്കുന്നു. ഐസക് ന്യൂട്ടന്റെ പല ആശയങ്ങളും ആൽബർട്ട് ഐൻസ്റ്റീൻ തിരുത്തി എഴുതി. അതിന് കാരണം ന്യൂട്ടോണിയൻ ഊർജ്ജതന്ത്രം പഠിച്ചപ്പോൾ ഐൻസ്റ്റീന്റെ മനസ്സിൽ ഉണ്ടായ അസ്വസ്ഥതകളാണെന്ന് പറയപ്പെടുന്നു.

ഇപ്രകാരം ഭാവാത്മകത മനുഷ്യന്റെ കയ്യിൽ അത്യധികം ഉപകാരപ്രദമായ ഒരു ഉപകരണമാണ്. സത്യം എപ്പോഴും ഭാവാത്മകമാണ്. നുണയാകട്ടെ നിഷേധാത്മക വും. നിങ്ങളുടെ ജീവിതം ദുഃഖം നിറഞ്ഞതാണെങ്കിൽ നിങ്ങൾ നുണയുടെ പിറകേയാണ് പോകുന്നതെന്ന് വ്യക്തം. അപ്പോൾ നിങ്ങൾ യാഥാർഥ്യത്തെ അതായിരിക്കുന്ന രീതിയിൽ അറിയുന്നില്ല. നിങ്ങളുടെ ഉള്ളിലുള്ള സത്തയും(ആത്മാവ്) ബാഹ്യപ്രപഞ്ചവും തമ്മിലുള്ള സ്വരച്ചേർച്ചയിൽ നിന്നുമാണ് എല്ലാ വിജ്ഞാനവും സംഭവിക്കുന്നത്. ആത്മാവും പ്രപഞ്ചവും വാസ്തവത്തിൽ രണ്ടല്ല. മനസ്സ് ഇടക്കുവന്നു കയറുന്നത് കൊണ്ടാണ് അവ രണ്ടാണെന്ന് തോന്നുന്നത്. അതിനാൽ തന്നെ സത്യം അറിയണമെങ്കിൽ മനസ്സ് തിരോഭവിക്കണം. ഈ മനസ്സാകട്ടെ നിഷേധാത്മക ചിന്തകളുടെ ഒരു കൂമ്പാരമല്ലാതെ മറ്റൊന്നുമല്ല. അതിനാൽ തന്നെ ഭാവാത്മക ചിന്തകളിലൂടയേ മനസ്സിനെ അലിയിക്കുവാൻ കഴിയൂ.

ഭാവാത്മക മായി ചിന്തിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം ജീവിതവും അതിലെ യാഥാർഥ്യങ്ങളും ഭാവാത്മകമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ്. നാളിതുവരെ നിങ്ങൾ അവയെ നിഷേധാത്മകമായി കരുതിപോന്നിരുന്നു. ഇത്തരം നിഷേധാത്മക ചിന്തകൾ തെറ്റാണെന്ന് തെളിയിക്കുവിൻ. അതിന് വേണ്ടി നിങ്ങളുടെ യുക്തിയെ ഉപയോഗിക്കുവിൻ.ഇപ്രകാരം ഭാവാത്മകതയെ കണ്ടെത്തുവാനും അറിയുവാനും സദാ പരിശ്രമിക്കുവിൻ. അപ്പോൾ നിങ്ങളുടെ അറിവും ആനന്ദവും പതിന്മടങ്ങ് വർദ്ധിക്കും. കാരണം അറിവും യാഥാർത്ഥ്യവും എപ്പോഴും ഭാവാത്മകമാണ്. നിഷേധാത്മകമായ ആശയങ്ങളും തത്വങ്ങളും അജ്ഞാനത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യവംശത്തിന്റെ ശാപവും ഈ നിഷേധാത്മക ചിന്തകളാണ്.

ഭൂമി, സ്വർഗ്ഗം, നരകം എന്നും മറ്റും നാം പറയാറുണ്ടല്ലോ. വാസ്തവത്തിൽ ഇപ്രകാരം മൂന്നു സത്തകൾ ഉണ്ടോ? ഉണ്ടാകുവാൻ വഴിയില്ല. സത്ത ഒന്ന് മാത്രമേയുള്ളൂ. അതാവട്ടെ ഈശ്വരനും ആണ്. അത്യന്തം ഭാവാത്മകമായ ആ സത്തയെ അതായിരിക്കുന്ന രീതിയിൽ അറിയുമ്പോൾ നിങ്ങൾ ഏറെക്കുറെ സ്വർഗ്ഗത്തിലാണ്. അതിനെ ഭാഗികമായി മാത്രം അറിയുമ്പോൾ നിങ്ങൾ ഭൂമിലും ഒട്ടും തന്നെ അറിയാതിരിക്കുമ്പോൾ അല്ലെങ്കിൽ നിഷേധാത്മകമായി അറിയുമ്പോൾ നിങ്ങൾ നരകത്തിലുമാണ്. അതിനാൽ തന്നെ യാഥാർത്ഥ്യം സ്വർഗ്ഗമാണ്. നാം ഇപ്പോൾ ജീവിക്കുന്ന സമൂഹം നാളിതുവരെയും ഇപ്പോഴും വരും കാലങ്ങളിലും സ്വർഗ്ഗം തന്നെയാണ്. എന്നാൽ ഈ സത്യം നാമറിയുന്നില്ല. കാരണം നമ്മുടെ മനസ്സ് നിഷേധാത്മക
മാണ്. പ്രശ്നം കിടക്കുന്നത് നിങ്ങളുടെ മനസ്സിലാണ്. സമൂഹത്തിൽ അല്ല. ഈ ഭൂമിയിൽ ഒരു സ്വർഗ്ഗം പടുതുയർത്തുവാൻ നാം സദാ ആഗ്രഹിക്കുന്നു. കാരണം അതിപ്പോൾ സ്വർഗ്ഗമായി നമുക്കനുഭവപ്പെടുന്നില്ല. കുറ്റങ്ങൾ കണ്ടു പിടിക്കുന്ന ഈ മനോഭാവത്തിൽ മാറ്റം വരുത്താതെ നാമെന്തൊക്കെ തന്നെ ചെയ്താലും നമുക്കിവിടെ സ്വർഗ്ഗം പണിയുവാൻ കഴിയുകയില്ല. നാം സ്വർഗ്ഗം എന്ന് പറഞ്ഞു പണിതുയർത്തുന്ന പുതിയ സമൂഹ്യക്രമത്തിലും നാം ക്രമേണ കുറ്റങ്ങൾ കണ്ടു തുടങ്ങും. അതെക്കാലവും അപൂർണ്ണമായി തുടരുകയും ചെയ്യും.

അതിനാൽ സ്നേഹിതരേ, നാം ശ്രദ്ധിക്കേണ്ടത് ബാഹ്യലോകത്തെ നന്നാകുന്നതിലല്ല. അതിൽ സദാ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. ആ മാറ്റങ്ങളെ ആസ്വദിച്ചുകൊള്ളുവിൻ. അപ്പോഴും നമ്മുടെ ശ്രദ്ധ നമ്മുടെ മനസ്സിൽ തന്നെയായിരിക്കണം. അല്ലാത്ത പക്ഷം സ്വർഗ്ഗം എന്നും ഒരു സങ്കൽപമോ മരീചികയോ ആയി അവശേഷിക്കും. മനുഷ്യന്റെ ചരിത്രം പരിശോധിച്ചാൽ അവൻ എക്കാലവും ഭൂമിയിൽ സ്വർഗ്ഗം സ്ഥാപിക്കുവാൻ വേണ്ടി പരിശ്രമിച്ചിരുന്നതായി കാണാം. സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവനതിൽ വിജയിക്കാത്തത് എന്തുകൊണ്ടാണ്? സ്വർഗ്ഗം എക്കാലവും ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നതാണ് സത്യം. വരും കാലങ്ങളിലും അതുണ്ടാവും. അത് കാണുവാനുള്ള കാഴ്ചശക്തിയാണ് നമുക്ക് വേണ്ടത്. നാമിപ്പോൾ കണ്ണടച്ചിരുട്ടാക്കുന്നു. മാറ്റം സംഭവിക്കേണ്ടത് നമ്മുടെ മനസ്സിലാണ്. നമ്മുടെ മനസ്സ് ഭാവാത്മകമായ യാഥാർഥ്യത്തിലേക്ക് വരേണ്ടിയിരിക്കുന്നു. അപ്പോൾ ഈ ക്ലേശങ്ങളെല്ലാം വ്യർത്ഥങ്ങളും അനാവശ്യമാണെന്ന് നാമറിയും. അവ തിരോഭവിക്കുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120