ബിനോയ് എം. ജെ.

നമുക്ക് എല്ലാവർക്കും ഒരു ശരീരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ഞാനീ ശരീരമാണെന്ന്’ നാം ചിന്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ഈ ശരീരത്തെ സംരക്ഷിക്കേണ്ടത് ഒരനിവാര്യതയായി മാറുന്നു. ഇപ്രകാരം ശരീരത്തെ സംരക്ഷിക്കുവാനായി മനസ്സ് ജന്മമെടുക്കുന്നു. മനസ്സ് ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി പ്രവർത്തിക്കുമ്പോൾ നാം സ്വന്തം കാര്യം നോക്കുന്നവരായി മാറുന്നു. മനുഷ്യർ എല്ലാവരും തന്നെ സ്വാർത്ഥരാണ്. ഈ സ്വാർത്ഥത മോക്ഷപ്രാപ്തിക്കുള്ള തടസ്സവുമാണ്. അത്, ഞാനാ അനന്തസത്തയാണെന്നുള്ള എന്റെ ബോധ്യത്തെ തകർക്കുന്നു. മാത്രവുമല്ല അത് എന്റെ ജീവിതത്തിൽ നിഷേധാത്മകതയുടെ വിത്തുകൾ പാകുന്നു. ശരീരത്തെ സംരക്ഷിക്കുന്നത് ദുഷ്കരവും ഏറെക്കുറെ അസാധ്യവുമാണ്. ഈ ചെറിയ ശരീരം തിരോഭവിക്കുമോ എന്ന ആധി നമ്മുടെ സകല പ്രശ്നങ്ങളുടെയും നിഷേധാത്മകതയുടെയും കാരണമാകുന്നു.

സ്വാർത്ഥതയിലൂന്നിയ ഈ മനോഭാവം തിരോഭവിക്കുമ്പോഴാണ് നമുക്ക് മോക്ഷം കിട്ടുന്നത്. ഞാനീകാണുന്ന ശരീരമല്ല എന്ന ഉത്തമബോധ്യം ആത്മാവിൽ വേരോടുമ്പോൾ നമ്മിലെ നിഷേധാത്മകതയും ആധിയും തിരോഭവിക്കുകയും നാമാ അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ എന്റെ ശരീരമാകുന്നു. അവിടെ എന്റെ പരിമിതികൾ എല്ലാം തിരോഭവിക്കുന്നു. എന്റെ സത്ത അനന്തമാകുമ്പോൾ എന്റെ ആനന്ദവും അനന്തമാകുന്നു. എല്ലാം ഞാനാകുമ്പോൾ അല്ലെങ്കിൽ ഞാനല്ലാതെ മറ്റൊന്നില്ല എന്നാകുമ്പോൾ മായ തിരോഭവിക്കുന്നു. ഇതിന് ചെയ്യേണ്ടത് ഞാനീ പ്രപഞ്ചത്തിലോ, സമൂഹത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുക എന്നതാണ്. എപ്രകാരമാണോ ഒരു തുള്ളി വെള്ളം സമുദ്രത്തിൽ വീഴുമ്പോൾ അത് സമുദ്രമായി മാറുന്നത് അപ്രകാരം തന്നെ നാം ഈശ്വരനിൽ ലയിക്കുമ്പോൾ നമ്മിലെ വ്യക്തിബോധം തിരോഭവിക്കുകയും നാം ഈശ്വരനായി മാറുകയും ചെയ്യുന്നു. ഈശ്വരനിൽ നിന്നും ഭിന്നമായ ഒരസ്ഥിത്വം ആഗ്രഹിക്കുന്നത് ഒരധികപ്രസംഗം തന്നെയല്ലേ? അതുവഴിയായി സ്വാർത്ഥതയും, ആഗ്രഹങ്ങളും, ഈഗോയും, മനസ്സും രൂപം കൊള്ളുന്നു. മാത്രവുമല്ല ഈ പ്രവണതയെ പ്രകൃതി നിരുത്സാഹപ്പെടുത്തുന്നു. അതായത് നമ്മുടെ സ്വാർത്ഥതയും ഈഗോയും സദാ അപകടത്തിലാണ്.

ഞാൻ സാമൂഹിക ജീവിതത്തിൽ പങ്കെടുക്കുമ്പോൾ എനിക്ക് ജീവിതം വേണ്ടവണ്ണം ആസ്വദിക്കുവാൻ കഴിയുന്നില്ല. അവിടെ എന്റെ ആസ്വാദനം എന്റെ മാനസിക അവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എനിക്ക് നല്ല മൂഡ് ആണെങ്കിൽ ഞാൻ അൽപസ്വൽപം ആസ്വദിച്ചേക്കാം. നമുക്ക് നല്ല മൂഡ് വിരളമായെ കിട്ടാറുള്ളൂ എന്നതല്ലേ സത്യം? അതായത് നാം ജീവിതം ഒട്ടും തന്നെ ആസ്വദിക്കുന്നില്ല. ക്ലേശങ്ങൾ നമ്മെ അതിന് അനുവദിക്കുന്നില്ല. ഈ ജീവിതം പോയാൽ എല്ലാം പോയി എന്ന് നാം കരുതുകയും ചെയ്യുന്നു. ഈ ആധി ഉള്ളിടത്തോളം കാലം നമുക്കൊന്നും ആസ്വദിക്കുവാൻ കഴിയുകയില്ല. നാം മുൾമുനയിലാണ് നിൽക്കുന്നത്. എന്നാൽ നാം സമൂഹത്തിലോ, പ്രപഞ്ചത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുന്നതായി സങ്കല്പിക്കുക. അപ്പോൾ നമുക്ക് ഈശരീരത്തെകുറിച്ചോ ഈ ജീവിതത്തെക്കുറിച്ചോ ആധി പിടിക്കേണ്ട ആവശ്യമില്ല. അപ്പോൾ നമുക്ക് എല്ലാം മറന്ന് സാമൂഹികവും പ്രാപഞ്ചികവുമായ ഈ സത്തയെ അനന്തമായി ആസ്വദിക്കുവാൻ കഴിയും. അതുകൊണ്ട് തന്നെ നമ്മുടെ ഈ ചെറിയ വ്യക്തിത്വത്തെ പരിത്യജിച്ചുകൊണ്ട് അനന്തസത്തയിൽ ലയിച്ചു ചേരുന്നതാണ് അനന്താനന്ദത്തിലേക്കുള്ള ഏക മർഗ്ഗം. ഈ സത്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ച നിങ്ങളുടെ ജീവിതത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ട് വരും. നാളിതുവരെ ആസ്വാദനത്തിനുള്ള ഏക മാർഗ്ഗം ഈ ശരീരത്തിൽ തുടരുക തന്നെയാണ് എന്നാണ് നാം ധരിച്ചുവച്ചിരുന്നത്. അതുകൊണ്ടാണ് ശരീരം ഉപേക്ഷിക്കുക എന്നത് നമുക്കിത്രമേൽ ബുദ്ധിമുട്ട് പിടിച്ച കാര്യമായി മാറിയത്. മരണ ഭയം നമ്മെ അത്രമേൽ വേട്ടയാടുകയും ചെയ്തിരുന്നു. ഇതൊരുതരം മൂഢത തന്നെയാണ് എന്ന് നമുക്കിപ്പോൾ മനസ്സിലായി തുടങ്ങിയിരിക്കുന്നു. സത്യം അതിന് നേരെ വിരുദ്ധമാണെന്നും നാമിപ്പോൾ അറിയുന്നു. ഈ ശരീരത്തെ ഉപേക്ഷിക്കുക – അതാകുന്നു അനന്താനന്ദത്തിലേക്കുള്ള ഏക മാർഗ്ഗം.

ഭാവാത്മകമായി ചിന്തിച്ചു തുടങ്ങുമ്പോൾ നമ്മുടെ പരിമിതികൾ താനെ തിരോഭവിക്കുന്നു. ഞാൻ ഈശ്വരൻ തന്നെ എന്ന ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അതിനാൽ തന്നെ എനിക്ക് മരണവുമില്ല. എന്നാൽ ഈ ശരീരം മരിക്കുമെന്നത് ഏറെക്കുറെ തീർച്ചയുള്ള കാര്യമാണ്. അപ്പോൾ ഞാനീ ശരീരമല്ല എന്ന നിഗമനത്തിലേക്ക് നാം എത്തിച്ചേരുന്നു. അപ്പോൾ പിന്നെ ഞാനാരാണ്? ഞാൻ എല്ലാമാകുന്നു. അല്ലെങ്കിൽ ഞാനീശ്വരൻ ആകുന്നു. മറിച്ച് ഞാനീ നശ്വരമായ ശരീരമാണെന്ന് ചിന്തിച്ചാൽ എനിക്ക് വലിയ പ്രാരാബ്ധങ്ങളെ ചുമക്കേണ്ടതായി വരും. മാത്രവുമല്ല ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി മാറുകയും ചെയ്യും. സമൂഹത്തോടുള്ള ബന്ധം വിച്ഛേദിക്കുവാനുള്ള മടി കാരണമാണ് നാം സാമൂഹിക ജീവിതത്തിന് വേണ്ടി ഇത്രമാത്രം തത്രപ്പെടുന്നത്. സദാ സമൂഹത്തോടൊപ്പം ആയിരിക്കുവാനുള്ള ഏക മാർഗ്ഗം സമൂഹത്തിൽ തന്നെ ലയിച്ചുചേരുക തന്നെയാകുന്നു. അതിനായി നിങ്ങൾ ബോധപൂർവം പരിശ്രമിക്കേണ്ട ആവശ്യവുമില്ല. (ബോധപൂർവം അത്തരമൊരു ശ്രമം നടത്തുമ്പോൾ നിങ്ങൾ അമിതമായി അഭ്യസിക്കുകയും നിങ്ങൾക്ക് തലവേദന അനുഭവപ്പെടുകയും ചെയ്തേക്കാം). നിങ്ങൾ ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയിരുന്നാൽ ചുറ്റുപാടുകളിലുള്ള ആ ലയനം താനേ സംഭവിച്ചുകൊള്ളും. അപ്പോൾ നിങ്ങൾ അനന്താനന്ദത്തിലേക്ക് വഴുതിവീഴും. പിന്നീട് ഈ ശരീരം സംരക്ഷിക്കേണ്ട ആവശ്യവുമില്ല. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ശ്രമിക്കുവിൻ. ഈ ക്ഷുദ്രമായ വ്യക്തിത്വമാണ് നമ്മുടെ ഏക പ്രശ്നം. അതിനെ വലിച്ചെറിയുവിൻ. ഇപ്രകാരം മോക്ഷപ്രാപ്തിയിലേക്ക് പ്രവേശിക്കുവാൻ നമുക്ക് കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120