ബിനോയ് എം. ജെ.

മനുഷ്യജീവിതത്തെക്കുറിച്ച് പഠിച്ചാൽ അതിന് എപ്പോഴും ഒരു ലക്ഷ്യവും ദിശാബോധവും ഉണ്ടെന്ന് വളരെയെളുപ്പത്തിൽ കാണുവാൻ കഴിയും. നാമെല്ലാവരും ചില ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്നു. പണമുണ്ടാക്കുവാനും പ്രശസ്തി ആർജ്ജിക്കുവാനും മറ്റും നാം ആഗ്രഹിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യം അഥവാ ആഗ്രഹം എവിടെ നിന്നും വരുന്നു? വെറുതെ ഇരിക്കുമ്പോൾ മനുഷ്യൻ ആഗ്രഹങ്ങൾ നെയ്തുകൂട്ടുന്നു. എന്താണ് ഇതിന്റെ മന:ശ്ശാസ്ത്രം? ഇത് നല്ലതോ ചീത്തയോ? ആഗ്രഹങ്ങൾ മനുഷ്യനെ പൂർണ്ണതയിൽ എത്തിക്കുമോ?

പരിമിതി മനുഷ്യജീവിതത്തിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ പൂർണ്ണതയിൽ എത്തുവാൻ വേണ്ടി അവൻ സദാ ഓടിക്കൊണ്ടിരിക്കുന്നു. പക്ഷേ ആരും തന്നെ പൂർണ്ണതയിൽ എത്തുന്നുമില്ല. അവൻ അപൂർണ്ണനായി ജനിക്കുന്നു, അപൂർണ്ണനായി ജീവിക്കുന്നു, അപൂർണ്ണനായി തന്നെ മരിക്കുകയും ചെയ്യുന്നു. പൂർണ്ണത എന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. നാം കഠിനാധ്വാനം ചെയ്യുന്നതും, പണമുണ്ടാക്കുന്നതും, അറിവ് സമ്പാദിക്കുന്നതും പൂർണ്ണതയെ ലക്ഷ്യം വച്ചുകൊണ്ടാണ്. ‘ആഗ്രഹം’ അറിഞ്ഞുകൊണ്ടാണെങ്കിലും അറിയാതെയാണെങ്കിലും പൂർണ്ണതയെയാണ് ഉന്നം വക്കുന്നത്. ഇപ്രകാരം, വിവാഹം കഴിച്ചാൽ താൻ പൂർണ്ണനാകുമെന്ന് അവിവാഹിതനും, പണമുണ്ടാക്കിയാൽ താൻ പൂർണ്ണനാകുമെന്ന് ദരിദ്രനും കരുതുന്നു. അപ്പോഴും പൂർണ്ണതയിൽ എത്തുന്നതിൽ നാം അടിക്കടി പരാജയപ്പെടുന്നുണ്ടെങ്കിൽ അത് നമുക്ക് എവിടെയോ പിഴവുകൾ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ്.

ഭൗതിക വസ്തുക്കളിൽ നാം പൂർണ്ണത കണ്ടെത്തുവാൻ ശ്രമിക്കുന്നു. അത് പുറമേ നിന്നാണ് വരുന്നതെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ബാഹ്യവസ്തുക്കൾക്ക് മനുഷ്യനെ പൂർണ്ണനാക്കുവാൻ കഴിയുമോ? ലോകം മുഴുവൻ നിങ്ങളെ ആരാധിച്ചാൽ അതുകൊണ്ട് മാത്രം നിങ്ങൾ പൂർണ്ണനാകുമോ? പൂർണ്ണത ആന്തരിക ലോകത്താണ് കിടക്കുന്നത്! അപൂർണ്ണതയും അവിടെ തന്നെ! നാം ചിലതിനെ മാത്രം സ്നേഹിക്കുന്നു, മറ്റു ചിലവയെ വെറുക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യനെ ബാധിച്ചിരിക്കുന്ന അപൂർണ്ണത. ഈ അപൂർണ്ണതയെ ആന്തരികമായി തിരുത്തുന്നതിനു പകരം നാമതിനെ ബാഹ്യമായി തിരുത്തുവാൻ പരിശ്രമിക്കുന്നു. ഉദാഹരണത്തിന് ഞാൻ ദു:ഖിച്ചിരിക്കുമ്പോൾ സന്തുഷ്ടനായ മറ്റൊരുവനെ കണ്ടാൽ അയാളെപോലെയായാൽ എനിക്കും സന്തോഷിക്കാമെന്ന് കരുതുന്നു. ഒരുപക്ഷേ അയാൾ പണക്കാരനോ പ്രശസ്തനോ ആയിരിക്കാം. അതുകൊണ്ട് തന്നെ പണവും പ്രശസ്തിയും എന്നെയും സന്തോഷിപ്പിക്കും എന്ന് ഞാൻ കരുതുന്നു. പിന്നീട് അങ്ങോട്ട് ആ ദിശയിലായിരിക്കും എന്റെ പരിശ്രമങ്ങൾ മുഴുവൻ. ഇപ്രകാരം ആന്തരികമായി സംഭവിക്കേണ്ടുന്ന പൂർണ്ണത ബാഹ്യലോകത്തെ ലക്ഷ്യം വച്ച് നീങ്ങുന്നു. നോക്കൂ..എന്തോരു മഠയത്തരമാണിത്?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്റെ പരിമിതി എന്റെ ഇഷ്ടാനിഷ്ടങ്ങൾ തന്നെ. ഞാൻ ഈ ജീവിതത്തിലും ഈ ലോകത്തിലും ഉള്ള സകലതിനേയും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തീർച്ചയായും ഞാൻ പൂർണ്ണനാണ്. അതിനാൽതന്നെ പൂർണ്ണനാകണമെങ്കിൽ ഞാൻ കൂടുതൽ കൂടുതൽ കാര്യങ്ങളെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ആണ് വേണ്ടത്. അങ്ങനെ എന്റെ ആസ്വാദനവും ആനന്ദവും അനന്തമാകുകയും ഞാൻ ഈശ്വരനിൽ ലയിക്കുകയും ചെയ്യുന്നു. ആസ്വാദനം പുരോഗമിക്കുമ്പോൾ നാം വേദനകളെയും, രോഗങ്ങളെയും, ദുഃഖങ്ങളെയും, പരാജയങ്ങളെയും മരണത്തെപോലും ആസ്വദിക്കുകയും സ്നേഹിക്കുകയും ചെയ്തു തുടങ്ങും. അപ്പോൾ നമ്മെ വേദനിപ്പിക്കുവാനോ തകർക്കുവാനോ യാതൊന്നിനും കഴിയുകയില്ല.

ഇപ്രകാരം അനന്തമായ ആസ്വാദനത്തിലേക്ക് വരുന്ന ഒരാൾക്ക് ലക്ഷ്യം വക്കുവാൻ യാതൊന്നുമില്ല. അയാൾ ഭൂത-വർത്തമാന-ഭാവി കാലങ്ങളെ ഒരുപോലെ ആസ്വദിക്കുന്നു. അയാൾ യാതൊന്നിനെയും കൂസുകയില്ല. ഇതാണ് യഥാർത്ഥമായ സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെയും പൂർണ്ണതയുടെയും അഭാവത്തിൽ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ജന്മം കൊള്ളുന്നു. ഇതേ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും അപൂർണ്ണത തുടരുവാനുള്ള കാരണമായി ഭവിക്കുന്നു. നാം പല ജന്മാന്തരങ്ങളിലൂടെ കർമ്മം ചെയ്തിട്ടുണ്ടാവാം. എന്നിട്ടും പൂർണ്ണരാവാത്തതെന്തുകൊണ്ട്? നാം പ്രശ്നത്തിന് പുറത്തു കടക്കുവാൻ ശ്രമിക്കുന്നു, എന്നാൽ അപ്രകാരമുള്ള ഓരോ പരിശ്രമവും നമ്മെ വീണ്ടും പ്രശ്നത്തിൽ തന്നെ കൊണ്ടുവന്ന് ചാടിക്കുന്നു. ഇതിനുള്ള കാരണം വ്യക്തമാണ് – നാമത് അശാസ്ത്രീയമായി ചെയ്യുന്നു. ബാഹ്യലോകത്തെ തിരുത്തിയാൽ എങ്ങനെയാണ് ആന്തരികമായ പൂർണ്ണത സംഭവിക്കുന്നത്? സുഖഭോഗങ്ങൾ നിങ്ങളുടെ സന്തോഷത്തെ ഒരൗൺസുപോലും വർദ്ധിപ്പിക്കില്ല. കാരണം അവിടെ നിങ്ങൾ ആസ്വദിച്ചിരുന്ന കാര്യങ്ങളെ തന്നെ വീണ്ടും ആസ്വദിക്കുവാൻ ശ്രമിക്കുന്നു. അതിലെന്തർത്ഥമിരിക്കുന്നു? അവിടെ പുരോഗതി മന്ദീഭവിക്കുന്നു. അതിനുപകരം പുതുമയുള്ള കാര്യങ്ങളെ ആസ്വദിക്കുവാൻ പഠിക്കുവിൻ. അപ്പോൾ നിങ്ങൾ വളർന്നു തുടങ്ങും. ഈ വിധത്തിൽ ബാഹ്യമായ ആഗ്രഹങ്ങളെ ദൂരെയെറിയുവിൻ. നിങ്ങൾ പ്രഹരിക്കേണ്ടിടത്ത് പ്രഹരിക്കുമ്പോൾ എല്ലാം നേരെയാകും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120