ബിനോയ് എം. ജെ.

മനുഷ്യരിൽ വിജ്ഞാനം എങ്ങനെ സംഭവിക്കുന്നു? പാശ്ചാത്യ ശാസ്ത്രകാരന്മാരുടെ അഭിപ്രായത്തിൽ ബാഹ്യലോകത്തിൽ നിന്നുള്ള സംവേദനങ്ങളെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കുമ്പോൾ ഉള്ളിൽ അതിനെക്കുറിച്ചുള്ള അറിവ് നിറയുന്നു. എന്നാൽ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിവ് പ്രവേശിക്കുന്നില്ലെന്നുള്ളത് നമുക്ക് വ്യക്തമായി അറിവുള്ള കാര്യമാണ്. ഉദാഹരണത്തിന് നിങ്ങൾ ഒരു വസ്തുവിനെ കാണുമ്പോൾ പ്രകാശം മാത്രമേ കണ്ണിലൂടെ പ്രവേശിക്കുന്നുള്ളൂ. ഒരു സ്വരം ശ്രവിക്കുമ്പോൾ വായു മാത്രമേ ചെവിയിലേക്ക് പ്രവേശിക്കുന്നുള്ളൂ. മറ്റിന്ദ്രിയങ്ങളുടെ കാര്യവും ഇതുപോലൊക്കെത്തന്നെ. ഭൗതിക ലോകത്തിൽ നിന്നും ഭൗതിക വസ്തുക്കൾ മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കുന്നുള്ളൂ. വിജ്ഞാനം ഒരു വസ്തുവോ, പ്രകാശമോ, വായുവോ അല്ല. അത് ഭൗതിക വസ്തുക്കളിൽ നിന്നും തികച്ചും ഭിന്നമാണ്. ഇനി തലച്ചോറിലാണ് വിജ്ഞാനം സംഭവിക്കുന്നത് എന്നു വന്നാൽ അതും ഒരു ഭൗതിക വസ്തു തന്നെ. ഭൗതിക വസ്തുക്കൾക്ക് ചലിക്കുവാനേ കഴിയൂ. നമ്മുടെ തലച്ചോറിനുള്ളിൽ സംഭവിക്കുന്ന ചലനങ്ങളിൽ നിന്നുമാണ് അറിവ് സംഭവിക്കുന്നത് എന്നു വന്നാൽ അപ്പോഴും അറിവ് ചലനത്തിൽ നിന്നും ഭിന്നമാണ്. അപ്പോൾ അറിവിനെ സമ്മാനിക്കുന്ന മറ്റെന്തോ നമ്മുടെ ഉള്ളിൽ ഉണ്ടെന്നുള്ളത് സമ്മതിക്കേണ്ടി വരും. ഈയറിവാകട്ടെ അനന്തമാകുവാനേ വഴിയുള്ളൂ. കാരണം ഈ പ്രപഞ്ചത്തിൽ ഉള്ള എന്തിനെയും അറിയുവാനുള്ള കഴിവ് നമുക്കുണ്ട്. ആ കഴിവ് നമുക്കിപ്പോൾ അനുഭവവേദ്യമല്ലായിരിക്കാം. എങ്കിലും അതവിടെ ഉറങ്ങി കിടപ്പുണ്ട്. ബാഹ്യമായ എന്തെങ്കിലും സംവേദനം വരുമ്പോൾ അതുണരുന്നു.

അനന്തമായ വിജ്ഞാനം ഉള്ളിലുണ്ടെങ്കിലും നമുക്കത് അനുഭവവേദ്യമല്ലാത്തത് എന്തുകൊണ്ട്? മനസ്സ് അതിനെ മറക്കുന്നു! അത്യന്തം തേജസ്സോടെ പ്രകാശിക്കുന്ന സൂര്യനെ മേഘങ്ങൾ മറക്കുമ്പോൾ സൂര്യപ്രകാശം വേണ്ടവണ്ണം ഭൂമിയിൽ എത്തുന്നില്ല.ഇതുപോലെ മനസ്സാകുന്ന മേഘം ഉള്ളിലുള്ള വിജ്ഞാനസൂര്യനെ മറക്കുന്നു. ഇനി എന്താണ് മനസ്സ്? തെറ്റായ അറിവുകളുടെ സമാഹാരമാകുന്നു മനസ്സ്. അത് ആപേക്ഷികജ്ഞാനമാകുന്നു. നിർവ്വചിക്കുവാനാവാത്ത അനന്തജ്ഞാനത്തെ നിർവ്വചിക്കുവാനുള്ള പാഴ്ശ്രമത്തിൽ നിരപേക്ഷികജ്ഞാനം അപേക്ഷികജ്ഞാനമായി രൂപാന്തരപ്പെടുന്നു. ഈ അപേക്ഷികജ്ഞാനത്തിൽ പകുതിയോളം കളവുകളും തെറ്റുകളുമാകുന്നു. ഇപ്രകാരമുള്ള തെറ്റായ വിജ്ഞാനം മനുഷ്യനെ സദാ ആശയക്കുഴപ്പത്തിലാക്കുന്നു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിശോധിച്ചാൽ അതിൽ പകുതിയും നിഷേധാത്മകമാണെന്ന് കാണാം. ഈ നിഷേധാത്മക വിജ്ഞാനം എവിടെ നിന്നും കടന്നു കൂടുന്നു? തെറ്റായ അറിവ് അഥവാ അജ്ഞാനം നാം ബാഹ്യലോകത്തിൽ നിന്നും കടം വാങ്ങുന്നതാണ്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു ശാസ്ത്രകാരൻ പറയുന്നു ‘ഭൂമിയെ ലക്ഷ്യം വച്ച് ഒരു ക്ഷുദ്രഗ്രഹം പാഞ്ഞു വരുന്നു. അത് അധികകാലം താമസിയാതെ ഭൂമിയിൽ പതിക്കും’. വേറെ കുറെ ശാസ്ത്രകാരന്മാർ അതിനെ ശരിവക്കുകയും ചെയ്യുന്നു. തീർന്നു! ലോകം മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിൽക്കും. പിന്നീടിവിടെ ആർക്കും സമാധാനമുണ്ടാകില്ല. വിനോദങ്ങൾക്കും സർഗ്ഗാത്മകതയ്ക്കും പിന്നീടാരും പോകില്ല. ആനന്ദവും ആസ്വാദനവും തിരോഭവിക്കും. ഭൂമി ഒരു നരകമായി മാറും. കുറെ കാലം കഴിയുമ്പോൾ അതേ ശാസ്ത്രകാരന്മാർ തന്നെ തങ്ങൾക്ക് ചില തെറ്റുകൾ പറ്റിയതായി സമ്മതിക്കുന്നു. അങ്ങനെ ഒരു ക്ഷുദ്രഗ്രഹം പാഞ്ഞു വരുന്നില്ല. ഹൊ! രക്ഷപെട്ടു! സുഖത്തിന്റെയും, ആനന്ദത്തിന്റെയും, ശുഭാപ്തി വിശ്വാസത്തിന്റെയും ഒരു പുനർജ്ജന്മം! വീണ്ടും ജീവിതം ഭാവാത്മകമാകുന്നു. ഇപ്രകാരം ബാഹ്യവിജ്ഞാനം മനുഷ്യന് എന്നും ഒരു പ്രശ്നമാണ്.

ഉള്ളിലുള്ള അനന്തജ്ഞാനത്തിൽ അജ്ഞാനത്തിന്റെ കലർപേയില്ല. അത് അത്യന്തം പ്രകാശപൂരിതവും ഭാവാത്മകമാകുന്നു. അത് വ്യംഗ്യമാണ്(implicit). എന്നാൽ വ്യംഗ്യമായ ഈ അനന്തജ്ഞാനത്തെ മനസ്സിന് വേണ്ടാ. അതിന് പരിമിതികളാണ് വേണ്ടത്. കാരണം മനസ്സ് തന്നെ പരിമിതിയുടെ പര്യായമാണ്. അത് അനന്തജ്ഞാനത്തെ പരിമിതജ്ഞാനമാക്കി(explicit knowledge) മാറ്റുന്നു. ചെറുപ്പം തൊട്ടേ നമുക്ക് കിട്ടുന്ന വിദ്യാഭ്യാസം വാച്യമായ പരിമിതജ്ഞാനമാണ്. അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. എത്ര പഠിച്ചാലും നാം പഴയ ആളുകൾ തന്നെ. പാശ്ചാത്യരിൽ നിന്നും കടമെടുത്ത ഈ വിദ്യാഭ്യാസസമ്പ്രദായം മാറേണ്ടിയിരിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കുവാനാണ് പരിശ്രമിക്കേണ്ടത്. മനസ്സ് തിരോഭവിക്കേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ നമുക്ക് യാതൊന്നും പഠിക്കേണ്ടതായില്ല. പഠിച്ചവയെ മറക്കുകയാണ് വേണ്ടത്(unlearning). കാരണം നമുക്ക് എല്ലാമറിയാം. ആ അനന്തജ്ഞാനം പ്രകാശിക്കണമെങ്കിൽ അൽപജ്ഞാനം തിരോഭവിക്കേണ്ടിയിരിക്കുന്നു.

അതിനാൽ നാം ചെറുപ്പം തൊട്ടേ മനസ്സിൽ കയറ്റി വച്ചിരിക്കുന്ന മഠയത്തരങ്ങളെ ഓരോന്നായി എടുത്തു കളയുവിൻ. നാം ജീവിക്കുന്നത് നുണകളുടെ ഒരു ലോകത്താണ്. അത്യന്തം സത്യമെന്ന് കരുതി നാം മനസ്സിൽ പൂജിക്കുന്ന ആശയങ്ങളും നുണകൾ തന്നെ. ഒരാശയത്തെ എതിർത്തുകൊണ്ട് മറ്റൊരാശയം. പരസ്പരവിരുദ്ധമായ ഈ ആശയങ്ങളിൽ ഏതാണ് ശരി? രണ്ടും നുണകൾ തന്നെ. നുണകളെ സത്യമായി സ്വീകരിച്ചാൽ നാം പിന്നീട് ദു:ഖിക്കേണ്ടി വരും. അപ്പോൾ പിന്നെ എന്താണ് സത്യം? നുണയുടെ സ്പർശമേൽക്കാത്തതും പ്രപഞ്ചത്തെ മുഴുവൻ വിശദീകരിക്കുവാൻ കഴിവുള്ളതുമായ ഒരാശയം നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്നുണ്ട്. അതിനു മുൻപിൽ ബാഹ്യമായ ലൗകിക വിജ്ഞാനങ്ങൾ തുച്ഛങ്ങളും നിഷ്പ്രഭങ്ങളുമാണ്. ആ മഹത്തത്വത്തെ കണ്ടെത്തുവാൻ ശ്രമിക്കുവിൻ. അത് കിട്ടിയാൽ പിന്നെ നിങ്ങൾ ഈശ്വരതുല്യനാണ്. ബാഹ്യലോകത്തെ കുറിച്ച് പഠിച്ചുകൊണ്ട് നിങ്ങൾക്ക് ഈ അനന്തജ്ഞാനത്തെ ആർജ്ജിച്ചെടുക്കുവാനാവില്ല. പകരം അവനവനിലേക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120