ബിനോയ് എം. ജെ.
ജീവിതത്തിന്റെ വിജനമായ പാതയിലൂടെ സഞ്ചരിക്കുവാൻ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കായിരിക്കുമ്പോൾ നിങ്ങൾ ഭയചകിതനാകുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ദൈവരാജ്യത്തിനർഹനല്ല! കാരണം ഈശ്വരൻ ഒന്നു മാത്രമേയുള്ളൂ. അവിടുന്ന് ഏകനാണ്. അവനാകട്ടെ നിങ്ങളുടെ ഉള്ളിൽ തന്നെ വസിക്കുന്നു. ഏകാന്തതയുടെയും വിജനതയുടെയും പാതയിലൂടെ മാത്രമേ അവനിൽ എത്തിച്ചേരുവാൻ കഴിയൂ. ഈ ജീവിതം ഒരു കൺകെട്ടി കളിപോലെയാണ്. നിങ്ങളുടെ കണ്ണുകൾ കെട്ടപ്പെട്ടിരിക്കുന്നു. പുറമേ നിന്ന് ഒരാൾ മണി അടിക്കുന്നു. നിങ്ങൾക്കതിന്റെ സ്വരം കേൾക്കാം. പക്ഷേ എവിടെയാണെന്ന് കാണുവാൻ കഴിയില്ല. നിങ്ങൾ മണി അടിക്കുന്ന ആളെ സ്പർശിച്ചെങ്കിൽ മാത്രമേ കളിയിൽ വിജയിക്കൂ. പക്ഷേ മണിയടിക്കുന്നയാൾ മാറിയും മറിച്ചും നിൽക്കും. നിങ്ങൾ സമീപിക്കുന്നത് കാണുമ്പോൾ അയാൾ അവിടെ നിന്നും മാറി വേറെയെവിടെയെങ്കിലും പോയി നിൽക്കും. ഇതു പോലെ ഈശ്വരന്റെ മധുര സംഗീതം നിങ്ങൾക്ക് കേൾക്കാം. എന്നാൽ അതെവിടെ നിന്നാണെന്ന് നിങ്ങൾക്ക് തിട്ടമില്ല. നിങ്ങൾ അതിനെ തിരയുന്നു. ബാഹ്യലോകത്തിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ആദ്യമേ പോകുന്നത്. നിങ്ങൾ ലോകത്തിന്റെ മാസ്മരികതയുടെ പിറകേ ആദ്യം ഓടിത്തുടങ്ങുന്നു. പക്ഷേ ഈശ്വരനെ അവിടെയെങ്ങും കണ്ടെത്തുന്നില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും പിറകേ നിങ്ങൾ ഓടിയേക്കാം. പേരിലും പ്രശസ്തിയിലും നിങ്ങൾ വല്ലാതെ ഭ്രമിച്ചു പോയേക്കാം. പക്ഷേ കാലക്രമേണ ഈശ്വരൻ അവിടെയെങ്ങും ഇല്ലെന്ന് നിങ്ങൾ തിരിച്ചറിയുന്നു. ബാഹ്യലോകത്തെല്ലാം നിങ്ങൾ അവിടുത്തെ തിരയുന്നു. പക്ഷേ കണ്ടെത്തുന്നില്ല. അപ്പോഴേക്കും നിങ്ങൾ തളർന്നു കഴിഞ്ഞിരിക്കും. നിരാശയിൽ വിശ്രമിക്കുമ്പോൾ നിങ്ങൾ വീണ്ടും ആ മധുര സംഗീതം കേൾക്കുന്നു. അത് പുറത്തുനിന്നല്ലെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതെ! അത് പുറത്തുനിന്നല്ല. അതുകൊണ്ട് തന്നെ നിങ്ങൾ ബാഹ്യലോകത്തെ മറക്കുന്നു. അപ്പോൾ നിങ്ങൾക്ക് അത് കൂടുതൽ വ്യക്തമായി കേൾക്കുവാൻ കഴിയുന്നു. അപ്പോഴാണ് നിങ്ങൾക്കാ തിരിച്ചറിവ് ഉണ്ടാകുന്നത്. ആ സംഗീതം ഉള്ളിൽ നിന്നു തന്നെ വരുന്നു. അതിലേക്ക് ശ്രദ്ധിക്കും തോറും നിങ്ങൾ ബാഹ്യലോകത്തെ വിസ്മരിക്കുന്നു. ബാഹ്യലോകത്തെ വിസ്മരിക്കും തോറും നിങ്ങൾ അത് കൂടുതൽ കൂടുതൽ വ്യക്തമായി കേൾക്കുന്നു.
ബാഹ്യലോകം നാനാത്വത്തിൽ അധിഷ്ഠിതമാണ്. അത് നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്നു. അത് നമ്മെ എത്രമാത്രം ഭ്രമിപ്പിക്കുന്നുവോ അത്രമാത്രം ദു:ഖിപ്പിക്കുകയും ചെയ്യുന്നു. അതിന് ലോകത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അതാകുന്നു ലോകത്തിന്റെ ധർമ്മം. ഈ സുഖദു:ഖങ്ങൾ നമ്മെ സദാ ആശയക്കുഴപ്പത്തിൽ ആക്കുന്നു. ദു:ഖങ്ങളില്ലാതുള്ള സുഖമാണ് നമുക്ക് വേണ്ടത്. അതാണ് നാം സദാ തിരയുന്നത്. അത് തീർച്ചയായും ഉണ്ട്. അതിന് നാം ആന്തരിക ലോകത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ആന്തരിക ലോകത്തിലേക്ക് തിരിയും തോറും നാനാത്വം തിരോഭവിക്കുന്നു. നിങ്ങൾ അനന്തമായ ആ ഏകാന്തതയിലേക്ക് വരുന്നു. ഈ ഏകാന്തതയെ ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും നിങ്ങളിൽ ഈശ്വരസാക്ഷാത്കാരത്തിനുള്ള മാനസികമായ അന്തരീക്ഷം സംജാതമായി കഴിഞ്ഞിരിക്കുന്നു! അതെ, ഏകാന്തതക്ക് മാത്രമേ നിങ്ങളെ ഈശ്വരസന്നിധിയിൽ കൊണ്ടുചെന്നെത്തിക്കുവാൻ കുഴിയൂ. ഏല്ലായിടത്തും ഏകനായ ഈശ്വരനെ വൈകാരികമായി അന്വേഷിക്കുന്ന ഭക്തനും, ഒരു കാര്യത്തിൽ മാത്രം മനസ്സിനെ ഏകാഗ്രമാക്കുന്ന താപസനും, വൈജ്ഞാനിക മണ്ഡലത്തിലെ ഏകത്വത്തെ അന്വേഷിക്കുന്ന ചിന്തകനും, എന്തിന്, സദാ സമൂഹ മദ്ധ്യത്തിൽ നിന്നുകൊണ്ട് കർമ്മത്തിൽ മുഴുകുന്ന കർമ്മയോഗി പോലും ഏകാന്തതയിലൂടെ മാത്രമേ ഈശ്വരനെ കണ്ടെത്തുന്നുള്ളൂ. കർമ്മയോഗിക്ക് സമൂഹമദ്ധ്യത്തിലും ഏകാന്തതയുടെ മാധുര്യം ആസ്വദിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അയാൾക്ക് കർമ്മയോഗി അകുവാനാവില്ല.
സമൂഹ മദ്ധ്യത്തിലെ ഏകാന്തതയാണ് നിഷ്കാമകർമ്മത്തിന്റെ തത്വം. നാമെല്ലാവരും സദാ കർമ്മമണ്ഠലത്തിലായിരിക്കുന്നവരാണ്.നാമനുദിനം നൂറുകണക്കിന് ആൾക്കാരോടിടപെടുന്നു. ഈ നാനാത്വം സമ്മാനിക്കുന്ന ആശയക്കുഴപ്പത്തിൽ വീണുപോകാതെ സൂക്ഷിക്കുന്നതിനുള്ള ഏക മാർഗ്ഗം തിരക്കിനിടയിലും ഏകാന്തത പരിശീലിക്കുക എന്നതാണ്. ഏകാന്തതയെ ആസ്വദിച്ചു കൊണ്ട് മറ്റുള്ളവരോട് ഇടപെടുവാനുള്ള ‘രാസവിദ്യ’ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. കാരണം മുറ്റുള്ളവരുടെ സ്വാധീനവലയത്തിലായിരിക്കുമ്പോൾ നാം സ്വന്തം മൂല്യങ്ങളെയും ആദർശങ്ങളെയും വിസ്മരിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകത്തെ സ്നേഹിക്കുന്നവൻ തന്നെ തന്നെ വെറുത്തേക്കാം. സ്വയം വെറുക്കുന്നവൻ സ്വയം നശിക്കുന്നു. താമരയിലയെ നോക്കുവിൻ! അത് വെള്ളത്തിലാണ് നിൽക്കുന്നതെങ്കിലും വെള്ളത്തിനതിനെ നനക്കു വാനാകുന്നില്ല. അതുപോലെ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്താൽ ബാധിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ. ആത്മസ്നേഹത്തിലൂടെയും ആത്മബഹുമാനത്തിലൂടെയും അതിലൂടെ ജനിച്ചുവീഴുന്ന സുർഗ്ഗാത്മകതയിൽ അധിഷ്ഠിതമായ ഏകാന്തതയിലൂടെയും ലൗകികതയെ ജയിക്കുവിൻ.
ലോകത്തിന് ഗണ്യമായ സംഭാവനകൾ ചെയ്തിട്ടുള്ള മഹത് വ്യക്തികളെ പഠിച്ചാൽ അവരെല്ലാം തങ്ങളോടുതന്നെ അളവറ്റ മതിപ്പുള്ളവരായിരുന്നുവെന്ന് കാണാം. അവരെല്ലാവരും തന്നെ ഏകാന്തതയെ സ്നേഹിക്കുകയും ചെയ്തിരുന്നു. വേണ്ടി വന്നാൽ സമൂഹത്തെ തള്ളിക്കളയുവാനുമുള്ള മനോധൈര്യം നാം ആർജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ അടിമയായി, സമൂഹം സമ്മാനിക്കുന്ന ‘പ്രതിഫല’മാകുന്ന അപ്പകഷണത്തിന്റെ പിറകേ ഓടുന്നവർക്ക് സമൂഹത്തെ തിരുത്തുവാനുള്ള ഇച്ഛാശക്തി ആർജ്ജിച്ചെടുക്കുവാനാവില്ല. ഈ സാമൂഹിക അടിമത്തത്തിൽ നിന്നും മോചനം നേടണമെങ്കിൽ ഏകാന്തതയെ ആസ്വദിച്ചേ തീരൂ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു.
ഭാരതീയ ദാർശനികന്മാരെല്ലാം ഒരു കാര്യം അടിവരയിട്ട് പറയുന്നു – കേവലനായി നിൽക്കുവാൻ യത്നിക്കുവിൻ! ബന്ധുമിത്രാദികളും(primary group), സമൂഹവും (secondary group) പ്രകൃതിയുമായും ഉള്ള ബന്ധനത്തെ അറുത്തു മാറ്റുവിൻ. അപ്പോൾ നിങ്ങൾ സ്വതന്ത്രരാവും. ഇപ്പോൾ നിങ്ങൾ ഇവയുടെയൊക്കെ അടിമകളാണ്. അവയില്ലാതെ നിലനിൽക്കുവാൻ നിങ്ങൾ പഠിക്കണമെങ്കിൽ നിങ്ങൾ വിജനമായ പാതയിലൂടെ സഞ്ചരിച്ചു ശീലിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തിൽ നിങ്ങൾ മാത്രമേ ഉള്ളൂ. ബാക്കിയുള്ളവയെല്ലാം നിങ്ങളുടെ പ്രതിബിംബങ്ങൾ മാത്രം. എല്ലാറ്റിലും നിങ്ങളെത്തന്നെ കാണുവിൻ. അപ്പോൾ സർവ്വചരാചരങ്ങളോടുമുള്ള നിങ്ങളുടെ സ്നേഹം അനന്തമാകുകയും നിങ്ങൾ മോക്ഷത്തിലേക്കുള്ള നിർണ്ണായകമായ ആ ചുവടുവയ്പ്പ് നടത്തുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply