ബിനോയ് എം. ജെ.
മനസ്സ് എപ്പോഴും കലപില കൂട്ടിക്കൊണ്ടിരിക്കുന്നു. അത് തർക്കിക്കുകയും, വാദിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നു . മനസ്സ് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ മനസ്സിനെ അത്യുന്നതമായ പദവിയിൽ പ്രതിഷ്ഠിക്കുന്നു. അവർ ആരാധനാമനോഭാവത്തോടെയാണ് മനസ്സിനെ നോക്കി കാണുന്നത്. ഈ മനസ്സ് എവിടെ നിന്നുമാണ് വരുന്നത് എന്നവർക്കറിഞ്ഞുകൂടാ. അതിന്റെ പ്രവർത്തനങ്ങൾ ആത്മവഞ്ചനയാണെന്നും അവർക്കറിഞ്ഞുകൂടാ. നമുക്കറിവുള്ളതുപോലെ നാമുള്ളിലേക്ക് നോക്കുമ്പോൾ മനസ്സിനെയാണ് അവിടെ കാണുന്നത്. ആത്മാവിനെ ആരും കാണുന്നില്ല. കാരണം മനസ്സ് ആത്മാവിനെ മറയ്ക്കുന്നു എന്നത് തന്നെ. മനസ്സിന്റെ ചേതന ആത്മാവിൽ നിന്നും കടം വാങ്ങിയതാണ്. അത് ചന്ദ്രന്റെ പ്രകാശം പോലെയാണ്. ഈയർത്ഥത്തിൽ മനസ്സ് ക്രിയാത്മകമായ ഒരു സത്തയല്ല.
മനസ്സ് നിറയെ ദ്വൈതങ്ങളാണ്. മനസ്സിന് വസ്തുതകളെ ദ്വൈതങ്ങളായി ഗ്രഹിക്കുവാനേ കഴിയൂ. എന്തിനെ കിട്ടിയാലും മനസ്സ് അതിനെ രണ്ടായി വിഭജിക്കുന്നു. ഉദാഹരണത്തിന് ജീവിതാനുഭവങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു – സുഖവും ദുഃഖവും. അസ്ഥിത്വത്തെയും മനസ്സ് രണ്ടായി വിഭജിക്കുന്നു- ജീവിതവും മരണവും. ഗുണങ്ങളെയും മനസ്സ് രണ്ടായി വിഭജിക്കുന്നു – നല്ലതും ചീത്തയും. കർമ്മത്തെ മനസ്സ് രണ്ടായി വിഭജിക്കുന്നു – ശരിയും തെറ്റും. ഭൗതിക ജീവിത സാഹചര്യങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു- സമ്പത്തും ദാരിദ്ര്യവും. ജീവിതാവസ്ഥകളെ മനസ്സ് രണ്ടായി വിഭജിക്കുന്നു- വിജയവും പരാജയവും. കർമ്മഫലങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു – പ്രതിഫലവും ശിക്ഷയും. ഇപ്രകാരം ദ്വൈതങ്ങളെ സൃഷ്ടിക്കുന്നതുകൊണ്ട് നമുക്ക് എന്തു നേട്ടമാണുള്ളത്? വിഭജിക്കാനാവാത്ത സത്ത (അഖണ്ഡദ്വൈതം) പലതായി വിഭജിക്കപ്പെടുന്നു. അവക്കിടയിൽ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും സദാ സംഭവിക്കുന്നു. എവിടെ രണ്ടുണ്ടോ അവിടെയെല്ലാം സംഘട്ടനങ്ങളുമുണ്ട്.ഇപ്രകാരം മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.
രണ്ടുള്ളിടത്തൊക്കെ ദിശാബോധവും ജനിച്ചു വീഴുന്നു. ഒന്നിനെ ത്യജിച്ചുകൊണ്ട് മറ്റൊന്നിനെ തിരഞ്ഞെടുക്കുന്നതാണല്ലോ ദിശാബോധം. ഉദാഹരണത്തിന് ദാരിദ്ര്യത്തെ ത്യജിച്ചുകൊണ്ട് സമ്പത്തിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ. ഇവിടെ ദ്വൈതം ജനിക്കുന്നു. ദ്വൈതം നമ്മുടെ മനസ്സിൽ സംഘട്ടനങ്ങൾ ഉണ്ടാക്കുന്നു. പണത്തെയും, അധികാരത്തെയും, പ്രശസ്തിയെയും മറ്റും ഇഷ്ടപ്പെടുന്ന വ്യക്തി അതിന് വിപരീതമായവയെ വെറുക്കുവാനും പഠിക്കുന്നു. അവയെ വെറുത്തെങ്കിൽ മാത്രമേ ആ ദിശാബോധത്തിന് അർത്ഥമുള്ളൂ. ഇപ്രകാരം നമ്മുടെ മനസ്സ് രണ്ടായി വിഭജിക്കപ്പെടുന്നു. വിജയം എത്രയോ മധുരം; പരാജയമോ നമുക്ക് മരണത്തേക്കാൾ കയ്പുള്ളതും. ലക്ഷ്യബോധം നമ്മുടെ ജീവിതത്തെ അപകടത്തിൽ ചാടിക്കുന്നു. ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ മാത്രമാണ് നാമതിന്റെ ദോഷഫലം അറിയുന്നത്. ആശയുള്ളിടത്തൊക്കെ നിരാശയും ഉണ്ട്. ജീവിതത്തിന് ഒരു ദിശാബോധം വേണമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതിരിക്കുവിൻ. കാരണം ദിശാബോധം പാരതന്ത്ര്യമാണ്. അത് നമ്മെ ഒരു ലക്ഷ്യവുമായി ബന്ധിക്കുന്നു. ലക്ഷ്യബോധം തലക്കു പിടിച്ചാൽ നാമൊക്കെ ഭ്രാന്തന്മാരായി മാറുന്നു. അപ്പോൾ നമുക്ക് യാഥാർഥ്യത്തെ അതിന്റെ തനി സ്വരൂപത്തിൽ നോക്കി കാണുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. എല്ലാം നമ്മുടെ ഇഷ്ടപ്രകാരം വളച്ചൊടിക്കപ്പെടുന്നു. പണത്തെ ലക്ഷ്യം വയ്ക്കുന്നവൻ എല്ലായിടത്തും പണത്തെ കാണുന്നു. അത് നേടി എടുക്കുന്നതിനുവേണ്ടി അയാൾ എന്തും ചെയ്യുന്നു. ലക്ഷ്യത്തിനുവേണ്ടിയുള്ള ഈ ഓട്ടത്തിൽ ശാന്തിക്കും സമാധാനത്തിനും എന്തു വില? ജീവിതത്തിന് അതിന്റെ നൈസർഗ്ഗികമായ മാധുര്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഈ മനസ്സിനെനിശ്ശബ്ദമാക്കുക! സംഘർഷങ്ങളിൽ നിന്നും അതിനെ മോചിപ്പിക്കുക. അതിനായി നാം ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്ക് ചുവടുവയ്ക്കേണ്ടിയിരിക്കുന്നു. സുഖവും ദുഃഖവും എടുക്കുക. സുഖത്തിന് ശേഷം ദുഃഖവും ദു:ഖത്തിനു ശേഷം സുഖവും മാറി മാറി വരുന്നു. അതിനാൽ തന്നെ അവ പരസ്പര കാരണങ്ങളാണ്. ഒന്ന് മറ്റൊന്നിനെ ജനിപ്പിക്കുന്നു. ഇവ കോഴിയും കോഴി മുട്ടയും തമ്മിലുള്ള ബന്ധം പോലെയേ ഉള്ളൂ.കോഴിയും കോഴി മുട്ടയും വാസ്തവത്തിൽ ഒന്നു തന്നെയല്ലേ? അതുപോലെ സുഖവും ദുഃഖവും വാസ്തവത്തിൽ ഒന്നുതന്നെ! അല്ലായിരുന്നെങ്കിൽ അവ പരസ്പരം സൃഷ്ടിക്കുമായിരുന്നില്ല. ദുഃഖവും ഒരുതരം സുഖം തന്നെ. പരിശ്രമിച്ചാൽ നമുക്കതിനെയും ആസ്വദിക്കുവാൻ കഴിയും. ഇവിടെ ദ്വൈതത്തിന്റെ സ്ഥാനത്ത് അദ്വൈതം പ്രവേശിക്കുന്നു. ഇതുപോലെ വിജയവും പരാജയവും വാസ്തവത്തിൽ ഒന്നുതന്നെ. അവ പരസ്പര കാരണങ്ങളാണ്. പരാജയത്തെ പരാജയമായി കാണേണ്ടതില്ല. അത് വിജയം തന്നെയാണ്! ഇനി ജനനത്തെയും മരണത്തെയും എടുക്കുക. മരണം ജനനത്തിന്(പുനർജ്ജന്മത്തിന്) മുന്നോടിയാണ്. അവക്കിടയിൽ അൽപം സമയത്തിന്റെ അന്തരമേയുളളൂ. അതിനാൽ തന്നെ മരണത്തെ ജനനത്തിൽ നിന്നും ഭിന്നമായി കാണേണ്ടതില്ല. അവ രണ്ടും ഒന്നുതന്നെ. മരണത്തെ ഒഴിവാക്കുവാൻ എന്തിന് പാടുപെടണം? ആ ദിശാബോധത്തെ ദൂരെയെറിയുമ്പോൾ മനസ്സ് ശാന്തി എന്തെന്നറിയുന്നു. മറിച്ച് മരണത്തിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞുകൊണ്ട് ജീവിതത്തിന്റെ പിറകേ സദാ ഓടിക്കൊണ്ടിരുന്നാൽ മരണം ഒരു ഭൂതത്തെപോലെ നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കും. അത് ജനിപ്പിക്കുന്നു ഭയം നിങ്ങളെ സദാ വേട്ടയാടുന്നു. ഇതാകുന്നു നിങ്ങളുടെ മനസ്സമാധാനം തകർക്കുന്ന ഏക കാരണം. ഇനി നല്ലതിന്റെയും ചീത്തയുടെയും കാര്യമെടുക്കാം. ഇപ്രകാരം ഗുണങ്ങളെ വിവേചിക്കുവാൻ ആർക്കാണവകാശം? ദൈവം എല്ലാറ്റിനെയും നന്നായി തന്നെ സൃഷ്ടിച്ചിരിക്കുന്നു. ശരിയെന്നും തെറ്റെന്നും രണ്ടു സംഗതികൾ ഉണ്ടോ? ഇന്നത്തെ ശരി നാളത്തെ തെറ്റും ഇന്നത്തെ തെറ്റ് നാളത്തെ ശരിയുമാണ്. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവയെ എല്ലാം തെറ്റായി നിങ്ങൾ മുദ്ര കുത്തുന്നു. അതിന് ശേഷം ഒരു ഭാരതയുദ്ധം തന്നെ നിങ്ങളുടെ മനസ്സിൽ അരങ്ങേറുന്നു. ശരിയും തെറ്റും തമ്മിലുള്ള യുദ്ധം. യുദ്ധഭൂമിയിഉൽ ശാന്തിക്കെന്തു പ്രസക്തി?
ഇപ്രകാരം യുക്തിയുക്തം ചിന്തിച്ചുകൊണ്ട് എല്ലാ ദ്വൈതങ്ങളെയും ജയിക്കുവിൻ! നിങ്ങളുടെ ഉള്ളിലേക്ക് അദ്വൈതത്തിന്റെ സൂര്യപ്രകാശം പ്രവേശിക്കട്ടെ. മനസ്സ് നിശ്ശബ്ദമാകട്ടെ. ഒന്നിന്റെയും പിറകേ ഓടേണ്ടതില്ല. എല്ലാം നല്ലതുതന്നെ. പ്രത്യേകിച്ച് ഒന്നിനെയും തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. പൊരുതലുകൾ അവിടെ അവസാനിക്കട്ടെ. ജീവിതം തന്നെ തിരോഭവിക്കട്ടെ. ജഗത് തിരോഭവിക്കട്ടെ. മനസ്സ് തിരോഭവിക്കട്ടെ. അപ്പോൾ നിങ്ങൾ ആ പരബ്രഹ്മം തന്നെയാണെന്ന സത്യം നിങ്ങൾ അറിയുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply