ബിനോയ് എം. ജെ.

ലോകം അധപ്പതിക്കുകയാണ്. കുറ്റം വ്യക്തികളുടെ ഭാഗത്തോ,സമൂഹത്തിന്റെ ഭാഗത്തോ? വ്യക്തികൾ ചേർന്നാണ് സമൂഹം രൂപം കൊള്ളുന്നത്. അതിനാൽ വ്യക്തികൾ ആണ് സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന് ഒരു വാദം തുടക്കം തൊട്ടേ ഉയർന്ന് വരുന്നുണ്ട്. ഇവിടെയാണ് മതങ്ങളുടെ ആത്മാവ് കുടി കൊള്ളുന്നത് എന്ന് തോന്നുന്നു. മതങ്ങൾ വ്യക്തികളെ തിരുത്തുവാൻ വ്യഗ്രത കാട്ടുന്നു. പ്രാചീന സമൂഹങ്ങളിൽ ഇതിന് കുറെയൊക്കെ പ്രസക്തിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. വ്യക്തികൾ സമൂഹത്തെ സൃഷ്ടിക്കുന്നതുപോലെ തന്നെ സമൂഹം വ്യക്തികളെയും സൃഷ്ടിക്കുന്നു എന്ന വാദം ആധുനിക ലോകത്ത് ശക്തമായി വളർന്നു വരുന്നു. ഇത് രാഷ്ട്രതന്ത്ര ത്തിന്റെ ഉദയത്തെ സൂചിപ്പിക്കുന്നു.

സമൂഹത്തെ നന്നാക്കാതെ വ്യക്തികൾ നന്നാവുകയില്ല എന്ന് ഇന്ന് നല്ലൊരു പക്ഷം ആൾക്കാരും വിശ്വസിച്ചു പോരുന്നു. ഇത് ശരിയുമാണ്. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ ഇതിന് നല്ല ഒരു ഉദാഹരണവും ആണ്. ഈ ലോകത്തിലുള്ള വ്യക്തികളെ എല്ലാം നന്നാക്കിക്കൊണ്ട് സമൂഹത്തെ നന്നാക്കാമെന്ന ചിന്ത ഏറെക്കുറെ അപ്രായോഗികവുമാണ്. അവിടെ മതങ്ങളുടെ കടയ്ക്ക് കത്തി വീഴുന്നു. ആധുനിക ലോകത്തിൽ മതത്തിന് യാതൊരു സ്ഥാനവുമില്ല. മതങ്ങളുടെ തിരോധാനവും പകരം മറ്റൊരു സിസ്റ്റത്തിന്റെ അഭാവവും ആധുനികലോകത്തിലെ മൂല്യശോഷണത്തിന്റെ അടിസ്ഥാനപരമായ കാരണമാണ്. നമുക്ക് എത്തിപ്പിടിക്കുവാൻ ഒന്നും തന്നെയും ഇല്ല. കാൽ നിന്നിടത്തുനിന്ന് വഴുതുന്നു. എങ്ങും ആശയക്കുഴപ്പം!

രാഷ്ട്രതന്ത്രം ശക്തിയായി വളർന്നു വരേണ്ടിയിരിക്കുന്നു. നാശത്തിലേക്ക് നീങ്ങുന്ന മനുഷ്യ വംശത്തെ രക്ഷിക്കുവാൻ രാഷ്ട്രതന്ത്രത്തിനേ കഴിയൂ മതങ്ങൾക്ക് അതിനുള്ള കഴിവില്ല. പാവം വ്യക്തികളെ വെറുതെ വിട്ടേക്കുവിൻ. അവർ എന്ത് തെറ്റ് ചെയ്തു? തെറ്റ് മുഴുവൻ സമൂഹത്തിന്റെ ഭാഗത്തുനിന്നും ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ സ്വാർത്ഥതയാണ് അവന്റെ എല്ലാ തെറ്റുകളുടെയും കാരണമെന്ന് പറയപ്പെടുന്നു. ഈ സ്വാർത്ഥതയുടെ കാരണം സ്വകാര്യസ്വത്തല്ലാതെ മറ്റെന്താണ്? സ്വകാര്യ സ്വത്താകട്ടെ ഒരു സാമൂഹികമായ പ്രതിഭാസവുമാണ്. അത് രാഷ്ട്രതന്ത്രത്തിന്റെ വിഷയമാണ് മതത്തിന്റെ വിഷയമല്ല. ഒരൊറ്റ നിയമനിർമാണത്തിലൂടെ

സ്വകാര്യസ്വത്തിനെ നിരോധിച്ചു കഴിഞ്ഞാൽ ഈ ലോകം മുഴുവൻ നിമിഷങ്ങൾക്കകം സ്വർഗ്ഗമായി മാറും. നോക്കൂ…മതം എങ്ങനെയാണ് രാഷ്ട്രതന്ത്രത്തിന് വഴിമാറുന്നു എന്ന് നോക്കി കാണൂ. ഇവിടെ പ്രശ്നങ്ങളെല്ലാം സാമൂഹികമായി പരിഹരിക്കപ്പെടുന്നു. വ്യക്തികളുടെ നേർക്ക് കുറ്റാരോപണം സംഭവിക്കുന്നുമില്ല. നിയമങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. നിയമമില്ലാത്തിടത്ത് നിയമലംഘനവും ഇല്ല. നിയമമില്ലാത്തിടത്ത് അനന്തമായ സ്വാതന്ത്ര്യം പരിലസിക്കുന്നു. ഈ സ്വാതന്ത്ര്യം അല്ലേ മനുഷ്യന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മതത്തിന്റെ പിറകെ ഓടുന്ന മനുഷ്യൻ സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കളയുന്നു. വ്യക്തിയുടെ ഭാഗത്താണ് കുറ്റമെങ്കിൽ കുറ്റം ചെയ്യുന്ന വ്യക്തിയെ ശിക്ഷിക്കണമെന്ന് ഒരു വാദം ഉയർന്നു വരുന്നു. ശിക്ഷ കൊടുക്കാതെ എങ്ങനെയാണ് വ്യക്തികളെ തിരുത്തുന്നത്? ഇപ്രകാരം വ്യക്തികൾ സമൂഹത്തിന്റെ അടിമകളായി മാറുന്നു. ഈ അടിമത്തം വ്യക്തികളെ കാർന്നു തിന്നുന്ന അർബുദമായി മാറുന്നു. അടിമകളിൽ നിന്നും കാര്യമായിട്ടൊന്നും പ്രതീക്ഷിക്കുവാനില്ല. അവർ കഴകം കെട്ടവരാണ്. മാത്രമല്ല ശിക്ഷയോടുള്ള ഭയം നുണ പറയാൻ വ്യക്തികളെ പ്രലോഭിപ്പിക്കുന്നു. സത്യം പറഞ്ഞാൽ ശിക്ഷ കിട്ടും അപ്പോൾ പിന്നെ ആരാണ് സത്യം പറയാൻ ധൈര്യപ്പെടുന്നത്. ആധുനികലോകത്തിൽ സത്യസന്ധത കുറയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശിക്ഷയോടുള്ള ഈ ഭയമാണ്.

സമൂഹം എന്നാൽ എന്താണ്? അങ്ങനെയൊരു സംഗതി അവിടെയുണ്ടോ? അത് കുറേ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സമാഹാരം മാത്രമാണ്. അത് വ്യക്തികളുടെ ഒരു കൈവിലങ്ങാണ്. സമൂഹം തിരോഭവിക്കേണ്ടിയിരിക്കുന്നു. അപ്പോൾ വ്യക്തികൾ സ്വാതന്ത്ര്യം പ്രാപിക്കും. സ്വാതന്ത്ര്യം കിട്ടുന്നതോടെ വ്യക്തികൾ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. നിയമവാഴ്ച ആധുനിക സമൂഹത്തിന്റെ ശാപമാണ്. എല്ലാ മഠയന്മാരും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇവിടെ സമൂഹത്തിന് അതിന്റെ മനുഷ്യത്വം നഷ്ടപ്പെട്ടു പോകുന്നു. അത് യാന്ത്രികമായ ഒരു പ്രതിഭാസമായി മാറുകയും ചെയ്യുന്നു. മനുഷ്യൻ മനുഷ്യനായി തുടരണമെങ്കിൽ അവന് സ്വാതന്ത്ര്യം കൊടുത്തേ തീരൂ. വ്യക്തികളെ ചവിട്ടിത്തൂക്കുന്ന ഈ സമൂഹത്തെ വേരോടെ പിഴുതെറിയേണ്ടിയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120