ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്നേഹം എന്ന വ്യാജേന നാം നമ്മുടെ കുട്ടികൾക്ക് എന്താണ് കൊടുക്കുന്നത്? പാരതന്ത്ര്യം…. സ്നേഹത്തേക്കാൾ മനുഷ്യന് മൂല്യമേറിയതും വിലപ്പെട്ടതും സ്വാതന്ത്ര്യം ആകുന്നു. സ്വാതന്ത്ര്യം ഇല്ലാതെ എങ്ങനെയാണ് സ്വയം അവതരിപ്പിക്കുന്നതും പടർന്ന് പന്തലിക്കുന്നതും? നമ്മുടെ കുട്ടികൾക്ക് സ്വയം അവതരിപ്പിക്കുവാനും പടർന്ന് പന്തലിക്കുവാനും ആവുന്നില്ല. അവർക്ക് അതിന് ആഗ്രഹമുണ്ട്; പക്ഷേ അവർ ശക്തമായും അബോധമായും അടിച്ചമർത്തപ്പെട്ടു പോകുന്നു .അവർ കുറുവൃക്ഷം പോലെ ആകുന്നു. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്.

തങ്ങളുടെ കുട്ടികൾക്ക് ജീവിതത്തിൽ യാതൊരു പ്രശ്നവും ഉണ്ടാകരുത് എന്ന് മാതാപിതാക്കൾ വാശിപിടിക്കുന്നു. അതിനുവേണ്ട ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും മുൻകരുതലുകളും അവർ സ്വീകരിക്കുന്നു .ഇത് എത്രമാത്രം ശരിയാണ് ?പ്രശ്നങ്ങളെ നേരിടാതെ കുട്ടികൾ എങ്ങനെയാണ് മന:ക്കരുത്തും തന്റേടവും പക്വതയും ആർജ്ജിക്കുന്നത്? അവർ തങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ചും മറ്റും ആശങ്ക പ്രകടിപ്പിക്കുന്നു. ഈ ആശങ്ക(anxiety) ക്രമേണ കുട്ടികളിലേക്ക് പകരുന്നു. വാസ്തവത്തിൽ ഇങ്ങനെയൊരു ആശങ്കയുടെ ആവശ്യമുണ്ടോ? തങ്ങളുടെ കുട്ടികൾ ഏത് വിഷയം പഠിക്കണമെന്നും ഏത് ജോലി സ്വീകരിക്കണമെന്നും എന്തിന് ആരെ വിവാഹം ചെയ്യണമെന്ന് പോലും മാതാപിതാക്കൾ തീരുമാനിക്കുന്നു. അപ്പോൾ സ്വന്തം ജീവിതത്തിൽ കുട്ടികളുടെ റോൾ(role) എന്താണ്? അവർ കഴിവും ഉത്തരവാദിത്വം ഇല്ലാത്തവരായി മാറുന്നു.

കുട്ടികളെ വളർത്തേണ്ടത് മാതാപിതാക്കൾ അല്ല എന്ന് ഞാൻ ശക്തമായി വാദിക്കുന്നു. ഇന്ന് മാതാപിതാക്കൾക്ക് അതിനു സമയം എവിടെ? മാത്രവുമല്ല കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിലുള്ള പ്രായത്തിന്റെ വിടവ് (generation gap) ആര് മാറ്റി കൊടുക്കും? അതുകൊണ്ട് കുട്ടികളെ കുട്ടികളുടെ ഇടയിലേയ്ക്ക് തന്നെ അയക്കുക. 15 വയസ്സുള്ളവൻ 14കാരന്റെ കൂടി കാര്യങ്ങൾ നോക്കട്ടെ ; 14 കാരൻ 13കാരന്റെയും; 13 കാരൻ 12 കാരന്റെയും കൂടി കാര്യങ്ങൾ നോക്കട്ടെ. ഇപ്രകാരം കുട്ടികളെ കുട്ടികൾക്ക് തന്നെ വിട്ടു കൊടുക്കുക. ആധി പിടിക്കേണ്ട കാര്യമില്ല. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയിൽ അത് എളുപ്പം സാധിക്കാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അത് കൊണ്ട് മുതിർന്നവരോടും മാതാപിതാക്കളോടും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ.. നിങ്ങൾ കുട്ടികളുടെ കാര്യത്തിൽ ഇടപെടാതിരിക്കുക! നിങ്ങൾക്ക് അതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല. നിങ്ങൾ അവരുടെ രക്ഷിതാക്കൾ ചമയാതിരിക്കുക. അതൊക്കെ കാലഹരണപ്പെട്ട സാമൂഹിക വ്യവസ്ഥിതിയുടെ സവിശേഷത ആകുന്നു. ഇന്ന് കാലം മാറിയിരിക്കുന്നു. ഇത് കൂട്ടുകുടുംബത്തിന്റെ കാലമൊന്നുമല്ല. അണുകുടുംബങ്ങൾ പോലും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യക്തിയും അവന്റെ സ്വാതന്ത്ര്യവുമാണ് ഇന്നത്തെ പ്രധാനപ്പെട്ട വിഷയങ്ങൾ. കുട്ടികൾക്ക് ജീവിക്കാനാവാത്ത ഒരു സമൂഹമാണ് നമ്മുടേതെങ്കിൽ ആ സമൂഹത്തെ തിരുത്തുക അല്ലേ നമ്മുടെ കടമ ?കുട്ടികളെ തിരുത്തുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? അത് ആണുങ്ങൾക്ക് ഭൂഷണമല്ല.

ജീവിതത്തിൽ തങ്ങൾക്കുണ്ടാകുന്ന വെല്ലുവിളികളെ ആണത്തത്തോടെയും ചങ്കൂറ്റത്തോടെയും നേരിട്ട് കൊണ്ട് പുതിയ തലമുറക്ക് ഒരു ദിശാബോധം കൊടുക്കുകയാകുന്നു പ്രായപൂർത്തിയായവരുടെ കടമ. അതിനുള്ള ശക്തി സംഭരിക്കുവാൻ ആവാതെ ഞരമ്പുരോഗികളായിമാറി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ മാതിരി തങ്ങളുടെ പരാജയങ്ങൾക്കും കഴിവുകേടുകൾക്കും ഉള്ള ദേഷ്യം കുട്ടികളോട് തീർക്കുന്ന വികലമായ വ്യക്തിത്വങ്ങളായി പ്രായപൂർത്തിയായവർ മാറുന്നത് കാണുമ്പോൾ ലജ്ജിച്ച് തലതാഴ്ത്തി പോകുന്നു. അല്ലയോ മുതിർന്നവരേ.. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധിക്കുക. കുട്ടികളെ തൊട്ടുപോകരുത്!! അവർക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. നിങ്ങളുടെ കപട സ്നേഹം അല്ല. നിങ്ങൾ ഈ കാപട്യം എത്രനാൾ ചിലവാക്കും? നിങ്ങൾക്ക് അവരോട് സ്നേഹം ഇല്ല എന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. അവർക്ക് നിങ്ങളോടും സ്നേഹം ഇല്ല എന്ന് അറിഞ്ഞു കൊള്ളുക. അതുകൊണ്ടാണ് വാർദ്ധക്യത്തിൽ അവർ നിങ്ങളെ നോക്കാത്തത്..

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.