ബിനോയ് എം. ജെ.
അടിച്ചമർത്തപ്പെടുന്ന വ്യക്തിത്വങ്ങൾക്ക് ആത്മാവിഷ്കാരത്തിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ആത്മാവിഷ്കാര ത്തിനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ അവർക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാകാതെ വരുന്നു. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ആകാത്തവർ സ്വപ്ന ലോകത്തിലേക്ക് പിൻവാങ്ങുന്നു .ഇതല്ലേ നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? അവർ സ്വപ്നലോകത്തിൽ ജീവിക്കുന്നു. ഇത് അവരുടെ പ്രകൃതം ആണെന്ന് കരുതേണ്ടാ .. മറിച്ച് അതിന്റെ പുറകിൽ ഒരു കാരണം കിടക്കുന്നു .ആ കാരണം അടിച്ചമർത്തലും ആകുന്നു.
ജനിക്കുമ്പോൾ മുതൽ കുട്ടികൾ സ്വപ്നലോകത്തിൽ ആണോ ജീവിക്കുന്നത് എന്നത്, പരിശോധിക്കേണ്ട ഒരു വസ്തുതയാണ് . തങ്ങൾക്ക് വിവേചനശക്തി കിട്ടുമ്പോൾ കുട്ടികൾ മനസ്സിലാക്കുന്ന ഒരു വലിയ സത്യമുണ്ട്. ഈ ലോകം തങ്ങളുടേത് അല്ല …ഈ ലോകത്തിൽ തങ്ങൾക്ക് ജീവിക്കുവാൻ ആവില്ല… അത് അവർക്കൊരു വലിയ പ്രഹരം തന്നെയാണ്. അപകർഷതയും ഭയവും നിസ്സഹായതയും അവരെ വിഴുങ്ങുന്നു. അവർ മുതിർന്നവരെ അനുകരിച്ച് തുടങ്ങുന്നു! അപകർഷതയിൽ നിന്നും ആരംഭിക്കുന്ന ഈ അനുകരണം ഒരു അർബുദം പോലെ അവരുടെ വ്യക്തിത്വങ്ങളെ ബാധിക്കുന്നു. അതിനുശേഷം അവരിൽനിന്നും സമൂഹത്തിന് കാര്യമായ സംഭാവന ഒന്നും കിട്ടുവാൻ പോകുന്നില്ല. ഇതാണ് മനുഷ്യ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഇതിൻറെ കൂടെ അധ്യാപകരുടെയും മുതിർന്നവരുടെയും ക്രൂരമായ സമീപനങ്ങളും, വികലമായ വിദ്യാഭ്യാസത്തിന്റെ ചുമക്കാനാവാത്ത ഭാരവും കുട്ടികളെ കുരിശു ചുമക്കുന്ന ക്രിസ്തുവിനു തുല്യരാക്കുന്നു. ഇത് ഒന്നോ രണ്ടോ വർഷത്തെ കഥയല്ല. നീണ്ട രണ്ടു പതിറ്റാണ്ടുകൾ ഇങ്ങനെ പോകുന്നു. എവിടെയാണ് നമുക്ക് തെറ്റ് പറ്റിയിരിക്കുന്നത്?
അടിസ്ഥാനപരമായ തെറ്റ് നമ്മുടെ അജ്ഞത തന്നെ. കുട്ടികളെ കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞുകൂടാ. ആകെക്കൂടി നമുക്ക് അറിയാവുന്നത് അവർ നമ്മെക്കാൾ ചെറിയവരാണ് എന്നതാകുന്നു. അവർ കഴിവ് കുറഞ്ഞവരാണ് എന്നും അതിനാൽ തന്നെ നമ്മുടെ സംരക്ഷണം അവർക്ക് ആവശ്യം ഉണ്ട് എന്നും നാം ധരിച്ചു വശായിരിക്കുന്നു. ഈ ഉത്കർഷതാ ബോധം(Superiority Complex) പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. കാര്യങ്ങളുടെ നിജസ്ഥിതി ഇതിൽനിന്നും എത്രയോ ഭിന്നമാണ് . കുട്ടികൾ നമുക്ക് തുല്യരാണെന്ന് നാം ഒരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല. അത് നമുക്ക് ഒരു വാശിപോലെയാണ് .അവർ നമുക്ക് തുല്യർ മാത്രമല്ല, ചിലയിടങ്ങളിൽ നമ്മെക്കാൾ ശ്രേഷ്ഠരുമാണ് .എട്ടു വയസ്സിനു ശേഷം കുട്ടികൾ കാര്യമായി വളരുന്നില്ല എന്ന് മന:ശ്ശാസ്ത്രജ്ഞൻമാർ പറയുന്നു. അവിടെ അവർക്ക് തിരിച്ചറിവായി കഴിഞ്ഞു .അതിനപ്പുറത്തേക്ക് വളരുവാൻ അവർക്ക് കഴിയുന്നില്ല. അഥവാ വളരണമെങ്കിൽ അവർക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ …എന്തിനുള്ള സ്വാതന്ത്ര്യം? എന്തിനും! അത് നിർവചിക്കാനാവാത്ത താണ് .അതവർക്കേയറിയൂ.. നമുക്കറിഞ്ഞുകൂടാ.
അവിടെ ആരംഭിക്കണം കുട്ടികളുടെ ആത്മാവിഷ്ക്കാരം. അത് അത്ഭുതത്തോടു കൂടി നോക്കി കണ്ടുകൊണ്ടിരിക്കുവാനേ നമുക്കാവൂ.. അത് എന്താണെന്ന് നമുക്ക് പൂർണമായി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരു പക്ഷെ ഒട്ടുംതന്നെ മനസ്സിലായെന്നും വരികയില്ല .അതുകൊണ്ടാണ് കുട്ടികൾ നമ്മെക്കാൾ ശ്രേഷ്ഠരാണെന്ന് ഞാൻ സൂചിപ്പിച്ചത് .അവരുടെ ആത്മാവിഷ്കാരം ആത്മസാക്ഷാത്കാരത്തിലേക്കുള്ള വാതിൽ തുറന്നിടുന്നു. എട്ടുവയസ്സു വരെ വളർന്ന അതേ വേഗതയിൽ തുടർന്നും അവർ വളർന്നാൽ മദ്ധ്യവയസ്സിൽ എത്തുമ്പോഴേക്കും അവർ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതി ആർജ്ജിച്ചെടുത്ത് കഴിഞ്ഞിരിക്കും .അവരിൽ ചിലരെങ്കിലും ആത്മസാക്ഷാത്കാരത്തിൽ എത്തുകയും ചെയ്യും. സമൂഹത്തെയും ജീവിത സാഹചര്യങ്ങളെയും അടിമുടി മാറ്റാനുള്ള ശക്തി അവർക്ക് ഉണ്ടായിരിക്കും. പിന്നീട് നമുക്ക് ഒന്നിനെക്കുറിച്ചും ദു:ഖിക്കേണ്ടതായി വരികയില്ല.
ആത്മസാക്ഷാത്കാരത്തിൽ എത്തുവാനായി കഠിനസാധന ചെയ്യുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. കാരണം ഈ ലോകത്തിന്റേതായ മൂഢതകളും തിന്മകളും നമ്മുടെ വ്യക്തിത്വത്തിൽ പണ്ടേ പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. അവയെ പിഴുതെറിയുക എത്രയോ ദുഷ്കരം . എന്നാൽ കുട്ടികളെ നൈസർഗ്ഗികമായി വളരുവാൻ വിട്ടാൽ ഇത് സംഭവിക്കുകയില്ല. പിറന്ന് വീഴുന്ന ഓരോ കുഞ്ഞും ഒരുപരിധിവരെ നിഷ്കളങ്കൻ ആണ് .ആ നിഷ്കളങ്കത അവർ കാത്തു സൂക്ഷിക്കട്ടെ! അപ്പോൾ സാധന എന്ന പ്രക്രിയയുടെ പോലും ആവശ്യം ഉണ്ടായിരിക്കുകയില്ല .അവർ ആത്മസാക്ഷാത്കാരത്തിലേക്ക് താനെ വളർന്നുകൊള്ളും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
Leave a Reply