ബിനോയ് എം. ജെ.
ക്രിസ്തീയ വിശ്വാസപ്രകാരം വിലക്കപ്പെട്ട, അറിവിന്റെ വൃക്ഷത്തിന്റെ കായ് ഭക്ഷിച്ചപ്പോൾ മുതലാണ് മനുഷ്യന് ക്ലേശങ്ങൾ ഉണ്ടാവുന്നത്. ഇത് ഏറെക്കുറെ ശരിയുമാണ്. വാസ്തവത്തിൽ മനുഷ്യന് അറിവിന്റെ ആവശ്യമുണ്ടോ? ഈശ്വരന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനിൽ അനന്തമായ അറിവും അനന്തമായ ശക്തിയും കുടികൊള്ളുന്നു. പിന്നെന്തിനാണ് മനുഷ്യൻ അറിവും ശക്തിയും പുറത്തന്വേഷിക്കൂന്നത്? വാസ്തവത്തിൽ മനുഷ്യൻ ആദ്യം ശക്തിയും രണ്ടാമത് അറിവും നഷ്ടപ്പെടുത്തുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം.
മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം അവന്റെ നിഷേധാത്മക ചിന്തകളും ഉത്കണ്ഠയുമാവുന്നു. ആശയക്കുഴപ്പങ്ങൾ ഇല്ലാത്ത ഒരാൾക്ക് അവയെ എളുപ്പത്തിൽ അതിജീവിക്കുവാൻ കഴിയും. എന്നാൽ സാധാരണ ഗതിയിൽ മനുഷ്യന്റെ മനസ്സ് നിറയെ ആശയക്കുഴപ്പങ്ങളാണ്. ‘എങ്ങനെ ചിന്തിച്ചാൽ പണവും പ്രശസ്തിയും ആർജ്ജിച്ചെടൂക്കുവാൻ കഴിയും? ”എങ്ങനെ ചിന്തിച്ചാൽ അധികാരം കരസ്ഥമാക്കുവാൻ കഴിയും?’ ഈ ആശയക്കുഴപ്പങ്ങളുടെ നടുവിൽ അവൻ നിസ്സഹായനാണ്. അവന് തന്റെ ഇച്ഛാശക്തിയെ വേണ്ടവണ്ണം ഉപയോഗിക്കുവാൻ കഴിയാതെ പോകുന്നു. ആശയക്കുഴപ്പങ്ങൾ ദു:ഖങ്ങളിലേക്കും ക്ലേശങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്നു. ആശയക്കുഴപ്പങ്ങളാവട്ടെ അറിവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
ഭാവാത്മകമായി ചിന്തിച്ചുകൊണ്ട് നിഷേധാത്മക ചിന്തകളെ തുരത്തുവാൻ ലൗകിക വിജ്ഞാനത്തിന്റെ ആവശ്യമില്ല. മറിച്ച് ലൗകിക വിജ്ഞാനം അതിനെ തടയുകയേ ചെയ്യുകയുള്ളൂ. അതിനാൽ ലൗകിക വിജ്ഞാനത്തിന്റെ പിറകെ ഓടാതെയിരിക്കുക. വാസ്തവത്തിൽ ലൗകിക വിജ്ഞാനമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ലൗകിക വിജ്ഞാനം ഭാഗികവും ആപേക്ഷികവും ആവുന്നു. അത് ഉള്ളിൽ കിടക്കുന്ന അനന്ത വിജ്ഞാനത്തെ മറക്കുകയേ ചെയ്യൂ…ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉദിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രകിയയാണ്. അതിനാൽ തന്നെ അത് അനാരോഗ്യകരവുമാകുന്നു. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മനുഷ്യന്റെ വേദനകൾക്ക് എന്തെങ്കിലും കുറവുണ്ടോ ? ശാസ്ത്രം തെറ്റായ ദിശയിലാണ് ഓടുന്നതെന്ന് ആധുനിക ലോകം സമ്മതിച്ച് കൊടുക്കുമെന്ന് തോന്നുന്നില്ല.
‘സത്യം’ അഥവാ എല്ലാത്തിനെയും കുറിച്ചുള്ള അറിവ് മനുഷ്യന്റെയുള്ളിൽ കിടപ്പുണ്ട്. ഭാഗികവും ആപേക്ഷികവുമായി അറിവ് അതിനെ മറച്ച് കളയുന്നു. അനന്ത ജ്ഞാനം മറക്കപ്പെടുമ്പോൾ ബാഹ്യമായ അറിവിനു വേണ്ടിയുള്ള തൃഷ്ണയും വർദ്ധിക്കുന്നു. ഇത് സത്യത്തെ കൂടുതൽ മറയ്ക്കുകയും ഒരു ദൂഷിതവലയത്തിന് (vicious cycle) രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
good