ബിനോയ് എം. ജെ.

മനുഷ്യൻ പ്രശ്നങ്ങളുടെ ലോകത്ത് ജീവിക്കുന്നു. വാസ്തവത്തിൽ ഈ പ്രശ്നങ്ങൾ അവിടെ ഉള്ളവയാണോ? നാം ജന്മാന്തരങ്ങളിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നു. പ്രശ്നങ്ങൾ ഇല്ലെങ്കിൽ ജീവിതവുമില്ല. നമുക്ക് എന്തെങ്കിലും പണി വേണ്ടേ? സമയം കളയുവാൻ വേണ്ടി നാം തുടങ്ങി വയ്ക്കുന്ന, പ്രശ്നം പരിഹരിക്കുവാനുള്ള പരിശ്രമങ്ങൾ, ഒടുവിൽ നമ്മെത്തന്നെ വിഴുങ്ങുന്നു. നാം അഗാധ ദു:ഖത്തിലേയ്ക്ക് വഴുതിവീഴുന്നു. നാം കുരുക്കിൽ പെട്ടു പോവുന്നു. പിന്നീട് നമുക്ക് അവിടെ നിന്നും മോചനമില്ല.

വാസ്തവത്തിൽ പ്രശ്നങ്ങൾക്ക് ഉണ്മയുണ്ടോ? പ്രശ്നങ്ങൾ യാഥാർത്ഥ്യങ്ങളാണോ? അതോ അവ യാഥാർഥ്യത്തെ മറക്കുകയാണോ? പ്രശ്നങ്ങൾ യാഥാർഥ്യമാണെങ്കിൽ നമുക്ക് പ്രതീക്ഷയ്ക്ക് വകയില്ല. ജീവിതം എന്നും അന്ധകാരാവൃതമായി തുടരും. പ്രശ്നങ്ങൾ മിഥ്യയാണെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഒരു നാൾ നമുക്കവയിൽനിന്ന് പുറത്തു കടക്കാം. പ്രശ്നങ്ങൾ യാഥാർത്ഥ്യത്തെ മറക്കുകയാണ് ചെയ്യുന്നതെങ്കിൽ ആ യാഥാർഥ്യം അത്യന്തം ഭാവാത്മകമായിരിക്കും. അവിടെ അനന്താനന്ദം ഉണ്ടായിരിക്കും. വെറും ശീലത്തിന്റെ ബലം മൂലം, ഇല്ലാത്ത പ്രശ്നങ്ങളെ ഉണ്ടെന്ന് സങ്കല്പിച്ചുകൊണ്ട്, ജീവിതത്തെ നരകമാക്കി മാറ്റുന്ന മനുഷ്യൻ വാസ്തവത്തിൽ മൂഢനാണ്. എന്നാൽ യുക്തിയുടെയും ബുദ്ധിയുടെയും ബലം കൊണ്ട് പ്രസ്തുത ശീലങ്ങൾ അനാവശ്യവും അനാരോഗ്യകരവും ആണെന്ന് മനസ്സിലാക്കി അവയെ ദൂരെയെറിയുന്നവൻ ഈശ്വരപദം പുൽകുന്നു.

ഈ പ്രശ്നങ്ങളെല്ലാം എവിടെ നിന്നും വരുന്നു? നമുക്കൊരു പ്രശ്നമുള്ളതായി നാമാദ്യമേ സങ്കല്പിച്ചു വയ്ക്കുന്നു. പ്രശ്നം ഉണ്ടെങ്കിൽ അതിന് പരിഹാരവും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി നാം വീണ്ടും വീണ്ടും പ്രശ്നങ്ങളെ മനസ്സിലേക്ക് കൊണ്ടു വരുന്നു. അങ്ങനെ പ്രശ്നങ്ങൾ ഒരു ഒഴിയാബാധയായി നമ്മുടെ മനസ്സിൽ കടന്നു കൂടുന്നു. പ്രശ്ന പരിഹാരം ജീവിതവ്രതമായി സ്വീകരിക്കുന്ന മനുഷ്യന് അവന്റെ നൈസർഗ്ഗികമായ സ്വാതന്ത്ര്യവും ആഹ്ളാദവും ശക്തികളും നഷ്ടപ്പെട്ടു പോകുന്നു. പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അറിവ് അനുപേക്ഷണീയമായി വരികയും ആ അറിവാകട്ടെ എല്ലായിടത്തും തെറ്റുന്നതായി നാം കാണുകയും ചെയ്യുന്നു. അറിവ് തെറ്റുന്നതിനൊപ്പിച്ച് നാം കൂടുതൽ കൂടുതൽ അറിവ് സമ്പാദിക്കുന്നതിൽ വ്യഗ്രത കാട്ടുകയും അറിവും പ്രശ്നങ്ങളും തീർക്കുന്ന മായാബന്ധനത്തിൽ നാമകപ്പെട്ടു പോവുകയും ചെയ്യുന്നു. സദാ തെറ്റുന്ന ഈയറിവ് ആപേക്ഷികവും മിഥ്യയുമാകുന്നു. അതിന്റെ പിറകെ ഓടുന്നതു കാരണം നമുക്ക് നൈസർഗ്ഗികമായ സർവ്വജ്ഞ്വത്വം അഥവാ ‘സത്യം’ നഷ്ടപ്പെട്ടു പോവുകയും നമ്മിലെ ഈശ്വരഭാവം തിരോഭവിക്കുകയും ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120