ബിനോയ് എം. ജെ.
ദൈവരാജ്യം ഭൂമിയിൽ വരുന്നതിനു വേണ്ടി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നാം. എന്നാൽ നാമിപ്പോൾ തന്നെ ദൈവരാജ്യത്തിലാണെന്ന് എത്രപേർക്കറിയാം? എന്നിട്ടും നാം അസംതൃപ്തരായി കാണപ്പെടുന്നതെന്തുകൊണ്ട്? അത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്നമാണ്. സത്ത ഒന്നു മാത്രമേയുള്ളൂ, അത് ഈശ്വരനുമാണ്. ആ ഏകസത്തയാണ് സ്വർഗ്ഗമായും, നരകമായും , ഭൂമിയായും മറ്റും കാണപ്പെടുന്നത്. അത് കാണുന്ന ആളെ ആശ്രയിച്ചിരിക്കുന്നു. നീലക്കണ്ണാടിയിൽ കൂടി നോക്കുന്നയാൾ എല്ലാം നീലയായി കാണുന്നു. ചുവന്ന കണ്ണാടിയിൽ കൂടി നോക്കുന്നയാൾ എല്ലാം ചുവപ്പായി കാണുന്നു. കാണപ്പെടുന്ന സത്തയാകട്ടെ നീലയുമല്ല ചുവപ്പുമല്ല.
ദൈവം എത്ര മനോഹരമായാണ് ഈ ലോകത്തെ സൃഷ്ടിച്ചതെന്നും എത്ര അത്ഭുതകരമായാണ് അതിനെ പരിപാലിക്കുന്നതെന്നും നോക്കിയാൽ അത്ഭുതം തോന്നും. ഇത്രയധികം വൈജാത്യവും ആവൈജാത്യങ്ങളുടെയെല്ലാം നടുവിൽ അത്ഭുതകരമായ സമത്വവും. ആ സമത്വത്തെ തകർക്കുവാൻ മനുഷ്യനെന്നല്ല ഒരു ശക്തിക്കും കഴിയുകയില്ല. മറ്റുള്ളവരേക്കാൾ കേമനാകുവാനും ,സമർത്ഥനാകുവാനും നാം എത്രയധികം കഷ്ടപ്പെടുന്നു. എന്നാൽ ഈശ്വരൻ വരച്ച സമത്വത്തിന്റെ പരിധികളെ അതിലംഘിക്കുവാൻ നമുക്കൊരിക്കലും കഴിയുകയില്ല കൂട്ടുകാരേ. നാം ശ്രേഷ്ഠരാണെന്ന് സ്വയം കരുതിയേക്കാം – എല്ലാവരും അങ്ങനെതന്നെയാണ് കരുതുന്നതും – അത് നമ്മുടെ മനസ്സിന്റെയൊരു വികൽപം മാത്രം!
വൈജാത്യങ്ങൾ തീർച്ചയായും ഉണ്ട് -അത് ഉണ്ടാവുകയും വേണം – എന്നാൽ ആവൈജാത്യങ്ങളെ അസമതയായി തെറ്റിദ്ധരിക്കാതിരിക്കുക. വാസ്തവത്തിൽ നാം ആശയക്കുഴപ്പത്തിലാണ്. വൈജാത്യങ്ങളെ നാം അസമതയായി തെറ്റിദ്ധരിക്കുന്നു. ഈ ആശയക്കുഴപ്പങ്ങളാണ് നമ്മെ സുഖദു:ഖങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നത്. അതുകൊണ്ടാണ് ഇത് ദൈവരാജ്യമായി നമുക്കനുഭവപ്പെടാത്തതും. നോക്കൂ..ആന സസ്യം ഭക്ഷിക്കുന്നു, സിംഹം മാംസം ഭക്ഷിക്കുന്നു. അതൊരുതരം വൈജാത്യം മാത്രം, ശ്രേഷ്ഠതയുടെ അളവുകോലല്ല. ഇതുപോലേയുള്ളൂ മനുഷ്യന്റെ കാര്യവും! എല്ലാവരും വ്യത്യസ്തരാണ്, അതേസമയം സമന്മാരുമാണ്.
ആയിരക്കണക്കിന് വൈജാത്യങ്ങളുടെ നടുവിലും ആനന്ദത്തിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. തെരുവിൽ അലയുന്ന യാചകനും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും ആനന്ദത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഈ സമത്വത്തെ അതിലംഘിക്കുവാൻ ദേവേന്ദ്രൻ വിചാരിച്ചാലും സാധിക്കില്ല. പണം ഉണ്ടാക്കിയാൽ ആനന്ദം കൂടുമെന്ന് നാം വെറുതേ മോഹിക്കുന്നു. മരണം കാത്ത് കഴിയുന്ന വൃദ്ധനും കഴിഞ്ഞയിടെ ജനിച്ച ശിശുവും മധ്യവയസ്സിൽ എത്തിനിൽക്കുന്ന യുവാവും സന്തോഷത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഈ യാഥാർഥ്യത്തെ വേണ്ട വണ്ണം മനസ്സിലാക്കുന്നവന് ഈ ലോകം ദൈവരാജ്യം പോലെ അനുഭവപ്പെടും!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply