ബിനോയ് എം. ജെ.

ആനന്ദത്തിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. ഇതിനെ ശരാശരി ആനന്ദമെന്ന് വിളിക്കാം. ഈ ശരാശരി ആനന്ദത്തിൽ ഒരു ഔൺസുപോലും കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കും കഴിയില്ല. ആന്തരികമായ പരിശ്രമത്തിലൂടെ ആനന്ദത്തിൽ വർദ്ധന ഉണ്ടാക്കാൻ കഴിഞ്ഞേക്കാം; എന്നാൽ ബാഹ്യമായ കാര്യങ്ങളിലൂടെ അത് അസാദ്ധ്യമാണ്. ലോക സുന്ദരി പട്ടം ചൂടുന്ന വനിതയും തെരുവിലലയുന്ന യാചികയും ആനന്ദത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഒരാൾ മറ്റേയാളെക്കാൾ ശ്രേഷ്ഠയല്ല. ലോകത്തിലുള്ള എല്ലാവരും തന്നെ ശരാശരി ആനന്ദത്തിൽ കഴിയുന്നവരാണ്. കർമ്മം കൊണ്ട് യാതൊന്നും നേടുവാനില്ല. ചിലത് നേടുമ്പോൾ മറ്റ് ചിലത് നഷ്ടമാവും.

ഒരു തരത്തിൽ ചിന്തിച്ചാൽ ആഗ്രഹത്തിലും അൽപം ആനന്ദം ഉള്ളതായി കാണുവാൻ കഴിയും. ആഗ്രഹം സഫലമാകുമ്പോൾ ആ ആനന്ദവും തിരോഭവിക്കുന്നു. ശൈശവത്തിൽ നമുക്ക് ധാരാളം ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു ശൈശവത്തിന്റെ മധുരിമയും. യൗവനത്തിലെത്തുമ്പോഴേക്കും അവയിൽ പലതും സഫലമായിക്കഴിഞ്ഞിരിക്കും. അതോടെ ജീവിതത്തിന് അതിന്റെ മധുരിമ നഷ്ടപ്പെടുകയും നമുക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. പ്രണയത്തിലായിരിക്കുന്ന കമിതാക്കളെ സംബന്ധിച്ചിടത്തോളം വിവാഹിതരാവുക എന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ വിവാഹിതരാകുമ്പോഴേക്കും ആ ആഗ്രഹം സഫലമാകുകയും വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. ഭാരതത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് നമുക്കൊരു സ്വപ്നമുണ്ടായിരുന്നു -സ്വതന്ത്ര ഇന്ത്യ. എന്നാൽ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോഴേക്കും ആ സ്വപ്നം തിരോഭവിക്കുകയും നമുക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു.

പണ്ട് ജന്മിമാരും കുടിയാന്മാരും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിൽ ജന്മിമാർക്കാണോ കൂടുതൽ ആനന്ദമുണ്ടായിരുന്നത് അതോ കുടിയാന്മാർക്കാണോ കൂടുതൽ ആനന്ദമുണ്ടായിരുന്നത് ? ആനന്ദം കുടികൊള്ളുന്നത് തീറ്റിയിലും കുടിയിലും അല്ലെന്നും നമുക്കറിയാം. വാസ്തവത്തിൽ രണ്ട് കൂട്ടരും ഒരുപോലെ ആനന്ദം അനുഭവിച്ചിരുന്നു എന്ന് വേണം കരുതുവാൻ. ഇന്നാക്കാലം മാറി മുതലാളിത്തം വന്നു. നാളെ അത് മാറി സോഷ്യലിസവും അതിനു ശേഷം കമ്മ്യൂണിസവും വന്നേക്കാം . എന്നാൽ ആനന്ദത്തിനുണ്ടോ എന്തെങ്കിലും വർദ്ധന സംഭവിക്കുന്നു? ഉണ്ടെന്ന് കരുതുന്നെങ്കിൽ നിങ്ങൾക്ക് തെറ്റി. മനുഷ്യന് സംതൃപ്തി കൂടിയേക്കാം. പക്ഷേ ആനന്ദം പഴയത് പോലയേ ഉണ്ടാവൂ. ശരാശരി ആനന്ദം എന്നും ഒന്നു തന്നെ ആയിരിക്കും.

അപ്പോൾ പിന്നെ ഇതിന്റെയെല്ലാം അർത്ഥമെന്താണ്? വലിയ അർത്ഥമൊന്നുമില്ല എന്നതാണ് സത്യം. സമൂഹം ഒരു പ്രത്യേക ദിശയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. അതിൽ പങ്കാളികളാകുമ്പോൾ നാം കർമ്മം ചെയ്യുന്നു. ആ കർമ്മം കൊണ്ട് യാതൊന്നും നേടുവാനില്ല. അത് നിഷ്കാമകർമ്മം ആയിരിക്കട്ടെ ! നിഷ്കാമകർമ്മം ചെയ്യുമ്പോൾ നിങ്ങളുടെ ആനന്ദം ശരാശരി ആനന്ദത്തിൽ നിന്നും ഉയർന്ന് അനന്തമായ ആനന്ദത്തെ സമീപിക്കുന്നു. ഇതാണ് ജീവിതത്തിൽ നിന്നും പഠിക്കേണ്ട ഏറ്റവും വലിയ പാഠം. ശരാശരി ആനന്ദത്തിന്റെ മതിൽ കെട്ടുകളെ ഭേദിച്ച് പോകുവാൻ നമുക്ക് ആവില്ലെന്ന് പഠിച്ച് കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ നിർണ്ണായകമായ ആ മാറ്റം സംഭവിക്കുന്നു – നാമെല്ലാറ്റിനോടും പൊരുത്തപ്പെടുവാൻ പഠിക്കുന്നു. പിന്നീട് സുഖദു:ഖങ്ങൾ നമ്മെ ബാധിക്കുന്നില്ല. സുഖദു:ഖങ്ങൾക്ക് അപ്പുറംപോകുന്നവൻ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. അതിനാൽ ജീവിതത്തിൽ രണ്ടു സാധ്യതകളേ കാണുന്നുള്ളൂ -ശരാശരി ആനന്ദവും അനന്താനന്ദവും. ഈ കാര്യങ്ങളെകുറിച്ചുള്ള അറിവില്ലായ്മ ശരാശരി ആനന്ദത്തിലേക്കും അറിവ് അനന്താനന്ദത്തിലേക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നു. അത് വെറും അറിവിന്റെ പ്രശ്നം മാത്രമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120