ബിനോയ് എം. ജെ.

മനുഷ്യന്റെ ദു:ഖങ്ങളെല്ലാം സമൂഹത്തിൽ നിന്നുമാണ് വരുന്നത്. നിങ്ങൾ ഒറ്റയ്ക്ക് ഒരു ദ്വീപിൽ അകപ്പെട്ടു എന്ന് കരുതുക. നിങ്ങൾക്ക് കുടിക്കുവാൻ ഉള്ള ജലവും കഴിക്കുവാനുള്ള ഫലങ്ങളും അവിടെ ലഭ്യമാണ്. അവിടെ നിങ്ങൾ ജീവിക്കുന്നുവോ മരിക്കുന്നുവോ എന്നുള്ളത് നിങ്ങൾക്ക് ഒരു വിഷയമായിരിക്കുകയില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നുണ്ടോ ഇല്ലയോ എന്നതും അപ്രധാനമാവുന്നു. എന്നാൽ നിങ്ങൾ സമൂഹത്തിൽ ആണെങ്കിലോ? കാര്യമാകെ മാറുകയാണ്. കൊച്ചു കുട്ടികൾ ഉരുണ്ടു വീഴുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതാരും കാണുന്നില്ലെങ്കിൽ അവർ വേഗത്തിൽ പൊടി തട്ടി എഴുന്നേറ്റ് പോകുന്നത് കാണാം. എന്നാൽ അതാരെങ്കിലും കണ്ടാലോ? അവർക്ക് ആശയക്കുഴപ്പവും കരച്ചിലും വരുന്നു. ഇപ്രകാരം ആശയക്കുഴപ്പവും ദു:ഖവും എപ്പോഴും സമൂഹത്തിൽ നിന്നുമാണ് വരുന്നത്.

എന്നാൽ നാമെല്ലാം സമൂഹത്തിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണ്. ഏകാന്തവാസം നമുക്ക് അസാദ്ധ്യവുമാണ്. അതുകൊണ്ടാണ് നാം ജീവിതകാലം മുഴുവൻ ദു:ഖത്തിൽ കഴിയുന്നത്. വാസ്തവത്തിൽ സമൂഹം പ്രകൃതിയുടെ അഥവാ മായയുടെ ഭാഗമാകുന്നു. നിങ്ങളാവട്ടെ പുരുഷൻ അഥവാ ഈശ്വരനും. സമൂഹവുമായുള്ള കൂട്ടുകെട്ടിനെ മായാബന്ധനമെന്നാണ് പറയുക. അതുകൊണ്ടുതന്നെ സമൂഹത്തിൽ ജീവിക്കുമ്പോൾ അതിന്റെ അടിമകളായി ജീവിക്കാതിരിക്കുക. സമൂഹത്തിൽ നമുക്ക് രണ്ട് രീതിയിൽ ജീവിക്കുവാനാകും. ഒന്ന് സമൂഹത്തിന്റെ അടിമകളായി, രണ്ട് സമൂഹത്തിന്റെ യജമാനന്മരായി. നാമെല്ലാവരും സമൂഹത്തിന്റെ അടിമകളാണ്. യജമാനനാകുവാനുള്ള അവസരങ്ങൾ നാം സദാ നഷ്ടപ്പെടുത്തുന്നു. നാം മായാബന്ധനത്തിൽ പെട്ടുപോകുന്നു.

ഇതിൽ നിന്നും എങ്ങനെ കരകയറാം?എങ്ങനെ സമൂഹത്തിന്റെ യജമാനനാവാം? ഈ ചോദ്യം എക്കാലത്തും സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാകുന്നു. ആദ്യത്തെ തിരുത്തൽ വരുത്തേണ്ടത് സമൂഹം എന്നേക്കാൾ ശ്രേഷ്ഠമല്ല മറിച്ച് ഞാൻ സമൂഹത്തേക്കാൾ ശ്രേഷ്ഠമാണ് എന്ന തത്വത്തിലാണ്. വ്യക്തിയിൽ ഈശ്വരൻ വസിക്കുന്നു; സമൂഹമാവട്ടെ പ്രകൃതി അഥവാ മായയുമാകുന്നു. അതിനാൽ തന്നെ വ്യക്തിയുടെ കൽപനകൾ സമൂഹം അനുസരിക്കേണ്ടിയിരിക്കുന്നു, മറിച്ചല്ല. നാം കരുതും പോലെ വ്യക്തി സമൂഹത്തിനല്ല ദാസ്യവൃത്തി ചെയ്യേണ്ടത് മറിച്ച് സമൂഹം വ്യക്തിക്കാണ് ദാസ്യവൃത്തി ചെയ്യേണ്ടത്. അവിടെ വ്യക്തിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. ആ സ്വാതന്ത്ര്യത്തെ മോക്ഷം എന്ന് വിളിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യക്തി ജീവിക്കേണ്ടതും കർമ്മം ചെയ്യേണ്ടതും സമൂഹത്തിൽനിന്നും പ്രതിഫലം സ്വീകരിക്കുന്നതിനുവേണ്ടിയല്ല,മറിച്ച് സ്വന്തം ആത്മാവിഷ്കാരത്തിനും അതിലൂടെ ലഭിക്കുന്ന അനന്താനന്ദത്തിനും വേണ്ടിയാവണം. പ്രതിഫലത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അങ്ങോട്ട് കൊടുക്കുന്നവയല്ല മറിച്ച് തിരിച്ചിങ്ങോട്ട് സ്വീകരിക്കുന്നവയാണ് നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നത്. എന്റെ ജീവിതത്തിൽ കൈ കടത്തുവാൻ ഞാൻ ഒരിക്കലും സമൂഹത്തെ അനുവദിക്കുകയില്ല; ഞാൻ സമൂഹവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു. ആ ഏകാന്തതയിൽ എന്റെ ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുകയും ഉള്ളിലുള്ള ഈശ്വരൻ ഉണരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120