ബിനോയ് എം. ജെ.

മനുഷ്യന്റെ പെരുമാറ്റത്തെ ഈ ജീവിതത്തിലെ മാത്രം അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുവാൻ ശ്രമിച്ചാൽ നാം പല പ്രതിഭാസങ്ങളെയും വിശദീകരിക്കുന്നതിൽ പരാജയപ്പെടുമെന്ന് മാത്രമല്ല, അഥവാ വിജയിച്ചാൽതന്നെ ആ വിശദീകരണം അപര്യാപ്തവും അബദ്ധജഡിലവും ആകുവാനേ വഴിയുള്ളൂ. മനുഷ്യജീവിതം പല ജന്മങ്ങളിലൂടെയുള്ള ഒരു നീണ്ട യാത്രയാണെന്നുള്ള വാദത്തിന് ഒരുപക്ഷെ ശാസ്ത്രീയമായ തെളിവുകൾ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും (ഭാവിയിൽ അത് കണ്ടെത്തിയെന്നും വരാം),അത്തരമൊരു വാദം യുക്തിക്ക് നിരക്കാത്തതാണെന്ന് ആർക്കും പറയുവാനാവില്ല. ഒരു പക്ഷേ യുക്തി (logic)തെളിവുകൾക്ക് പകരം വക്കാവുന്നതോ ചിലപ്പോഴൊക്കെ തെളിവുകൾക്കുമുപരിയോ ആണെന്ന് തത്വശാസ്ത്രവുമായി പരിചയപ്പെട്ടിട്ടുള്ളവർക്ക് അറിവുള്ള കാര്യമാണ്.

വ്യക്തികൾ തമ്മിലുള്ള വ്യത്യാസത്തിന്റെയും വൈജാത്യത്തിന്റെയും കാരണങ്ങൾ ഈ ജന്മത്തിലെ അനുഭവങ്ങൾക്കും അറിവുകൾക്കുമപ്പുറം ഇതുവരെയുള്ള പല ജീവിതങ്ങളിലൂടെയുമുള്ള(ജന്മങ്ങൾ) അനുഭവങ്ങളുടെയും അറിന്റെയും പരിണതഫലമാണെന്ന് സമ്മതിക്കാതെ വയ്യ. അവരിൽ ചിലർ എണ്ണമറ്റ മനുഷ്യജന്മങ്ങളിലൂടെ കടന്ന് പോയി അറിവും ,പക്വതയും, വിരക്തിയുമാർജ്ജിച്ച് മോക്ഷത്തിനും കൈവല്യത്തിനും വേണ്ടി യത്നിക്കുമ്പോൾ, മറ്റുചിലർക്ക് ഇത് അവരുടെ ആദ്യത്തെയോ രണ്ടാമത്തെയോ മനുഷ്യജന്മം മാത്രം ആവുകയും, അതിനാൽതന്നെ അവരുടെ മനസ്സ് ഒരു വെള്ള കടലാസ് പോലെ ശൂന്യമായും വൃത്തിയും വെടിപ്പുമുള്ളതായും കാണപ്പെടുകയും ചെയ്യുന്നു . ഈ രണ്ടറ്റങ്ങൾക്കുമിടയിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ പരസപരം അനുകരിച്ചും മനസ്സിലാക്കിയും ഒരുതരം ശരാശരി ജീവിതം നയിച്ചുപോരുന്നു.

മുകളിൽ സൂചിപ്പിച്ചതു പോലെ ഈ ജീവിതം തങ്ങളുടെ ആദ്യത്തെയോ രണ്ടാമത്തെയോ മനുഷ്യജന്മമായിട്ടുള്ളവർക്ക് ശാസ്ത്രീയമായ വിദ്യാഭ്യാസവും പരിശീലനവും കൊടുക്കാത്തപക്ഷം അവർ എളുപ്പത്തിൽ തെറ്റായ വ്യക്തികളുടെയും കൂട്ടുകെട്ടുകളുടെയും സ്വാധീനത്തിൽ വരികയും കുടുംബത്തിനും സമൂഹത്തിനും ഒരിക്കലും പരിഹരിക്കാനാവാത്ത വെല്ലുവിളികളും പ്രശ്നങ്ങളും ഉയർത്തുന്നവരായി മാറുകയും ചെയ്യുന്നു. സമകാലീനസമൂഹത്തിൽ ഇത്തരം ഒരു സംവിധാനം ഇല്ലാത്തതിനാൽ അവരെ സാധാരണ കുട്ടികളുടെ ഇടയിലിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നു. അവർ ബൗദ്ധികമയി പിന്നോക്കം നിൽക്കുന്നതിനാൽ പഠനത്തിൽ പരാജയപ്പടുകയും മുഖ്യധാരയിൽ നിന്നും പുറത്താവുകയും ചെയ്യുന്നു. ഇവരിൽ കാലക്രമേണ സമൂഹത്തോട് വിദ്വേഷം വളർന്നുവരുകയും അവർ സാമൂഹികവിരുദ്ധതയിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു. ഇതോടൊപ്പം തങ്ങൾക്ക് അറിവും അനുഭവങ്ങളും കുറവാണെന്ന അവബോധത്തിൽ നിന്നുമുണ്ടാവുന്ന അതികഠിനമായ അപകർഷത , എങ്ങിനെയും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുവാനും ‘വലിയവ’നാകുവാനും അവരെ നിർബന്ധിക്കുന്നു. ഇങ്ങനെയാണ് “ഗുണ്ടകൾ” ജന്മമെടുക്കുന്നത്.

ഗുണ്ടകളുടെ മന:ശ്ശാസ്ത്രം ഒന്നു വേറെയാണ്. അറിവില്ലായ്മയും അപകർഷതയുമാകുന്നു അവരുടെ മുഖമുദ്ര. അത് നമുക്ക് ഊഹിക്കാനാവുന്നതിലും ആഴത്തിലുള്ളതാണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? വിവരമുള്ളവർ ഗുണ്ടാ കളിക്കുവാൻ പോകുമോ? അവർ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആർക്കും കഴിയുന്നില്ല . ഉപദ്രവിക്കുകയും ശിക്ഷിക്കുകയും ചെയ്താൽ പ്രശ്നം കൂടുതൽ വഷളാക്കുകയേ ചെയ്യുകയുളളൂ. അത് അവരെ കൂടുതൽ വലിയ ഗുണ്ടകളാക്കി മാറ്റുന്നു. തങ്ങളെ മനസ്സിലാക്കുവാൻ സമൂഹത്തിന് കഴിയുന്നില്ല എന്ന് വരുമ്പോൾ ഗുണ്ടകൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നു. എന്നാൽ തങ്ങളുടെ രോഗമെന്താണെന്ന് സമൂഹത്തിന് മനസ്സിലാകുന്നുണ്ട് എന്ന സ്ഥിതി വരുമ്പോൾ സ്വാഭാവികമായും അവരുടെ ശക്തി ചോരുകയും ചെയ്യും. ഒരിക്കൽ ഗുണ്ടയായി മാറിക്കഴിഞ്ഞാൽ അയാളെ രക്ഷപെടൂത്തുക ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തരക്കാരെ ചെറുപ്പം മുതലേ കൗൺസലിംഗിന് വിധേയമാക്കിയാൽ അവർക്ക് തങ്ങളുടെ മാനസിക അവസ്ഥയെക്കുറിച്ച് വേണ്ട ഉൾകാഴ്ച ലഭിക്കുകയും അവർ ക്രിയാത്മകമായി ജീവിക്കുവാൻ പഠിക്കുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120