ബിനോയ് എം. ജെ.
ഒരർത്ഥത്തിൽ ചിന്തിച്ചാൽ ഭൂമിയിലെ ജീവിതം സ്വർഗ്ഗത്തിലേതിനേക്കാൾ ആനന്ദപ്രദമാകേണ്ടതാണ്. കാരണം സ്വർഗ്ഗത്തിലേതിനേക്കാൾ വൈജാത്യങ്ങൾ ഈ ഭൂമിയിലുണ്ട്. ഭൂമിയിലെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. ഇവിടെ എന്താണില്ലാത്തത്? ഭൂമിയിൽ ഇല്ലാത്തതായി യാതൊന്നുമില്ല. നമുക്കറിയാവുന്നതുപോലെ സമ്പത്ത് മാത്രമല്ല ഭൂമിയിലുള്ളത്; ഇവിടെ ദാരിദ്ര്യവുമുണ്ട്. അതുപോലെ പ്രകാശവും അന്ധകാരവും ഇവിടെയുണ്ട്. ജനനവും മരണവുമുണ്ട്. മൂല്യവും മൂല്യച്യുതികളുമുണ്ട്. അറിവും അജ്ഞാനവും ഉണ്ട്. സാമൂഹിക ജീവിതവും ഏകാന്തതയും ,ആരോഗ്യവും രോഗവും, ആശയും നിരാശയും, പുരോഗതിയും അധോഗതിയും, വിജയവും പരാജയവും, ശരിയും തെറ്റും, പ്രശസ്തിയും ദുഷ്കീർത്തിയും , കരച്ചിലും പുഞ്ചിരിയും ഇങ്ങനെ അനന്തമായി നീളുന്നു ഭൂമിയിലെ വൈജാത്യങ്ങൾ. ആ അർത്ഥത്തിൽ ഭൂമിയിലെ ജീവിതം പരിപൂർണ്ണമാണ്.
എന്നാൽ ഈ പരിപൂർണ്ണതയുമായി നാമെത്രമാത്രം പൊരുത്തപ്പെടുന്നു? അതാണിവിടുത്തെ ചോദ്യം. നാമതിലമ്പേ പരാജയപ്പെട്ടുപോകുന്നു. അതാണ് നമ്മുടെ പ്രശ്നം. നാം ജീവിതം ആസ്വദിക്കുവാൻ വേണ്ടി വന്നു; എന്നാൽ നാം ജീവിതം ആസ്വദിക്കുന്നില്ല. നാം വാക്ക് മാറുവാൻ പാടില്ല. സമ്പത്തിനെ ആസ്വദിക്കുന്നവൻ ദാരിദ്ര്യത്തെയും ആസ്വദിച്ചേ തീരൂ. അത് പ്രകൃതിയുടെ നിയമമാണ്.
നമുക്ക് പൊരുത്തപ്പെടുവാൻ ആകുന്ന കാര്യങ്ങളെ മാത്രം കൂട്ടിയിണക്കി നാമൊരു ലോകം സൃഷ്ടിക്കുന്നു. അതാണ് സ്വർഗ്ഗം. അങ്ങനെ ഒന്നുണ്ടോയെന്ന് ദൈവത്തിന് മാത്രമേയറിയൂ. ഉണ്ടെങ്കിൽ തന്നെ അത് പരിപൂർണ്ണമാവില്ലെന്ന് ഞാൻ ശക്തമായി വാദിക്കുന്നു. കാരണം വൈജാത്യങ്ങൾ ഉള്ളിടത്തേ പൂർണ്ണതയും ഉള്ളൂ. ജനനവും മരണവുമുണ്ടെങ്കിലേ ജീവിതത്തിന് പൂർണ്ണതയുള്ളൂ. ഭൂമിയിൽ കൊതി തീരുവോളം ഒരാൾക്ക് ജനിക്കുകയും മരിക്കുകയും ചെയ്യാം. അതിന്റെ മധുരിമ ഒന്നു വേറേതന്നെയാണ്. സ്വർഗ്ഗത്തിൽ അതിന് സാധ്യതയില്ല. അതുപോലെ തന്നെയാണ് മറ്റു കാര്യങ്ങളും. രണ്ട് വശങ്ങൾ ഇല്ലാത്ത ഒരു നാണയം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?
ആനന്ദത്തെയും സന്തോഷത്തെയും മറ്റും നാം നിർവ്വചിക്കുവാൻ ശ്രമിക്കുന്നു. ഉദാഹരണമായി സമ്പത്ത് ആനന്ദം തരുന്നു എന്ന് നാം നിർവ്വചിച്ചാൽ ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയാതെ പോകുന്നു. ഇത്തരം നിർവചനങ്ങൾ അനന്താനന്ദത്തെ നമ്മിൽ നിന്നകറ്റുന്നു. ഏത് സാഹചര്യത്തിലും ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയേണ്ടതാണ് . ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുന്നതിൽ വിജയിച്ചവരാണ് ഫ്രാൻസിസ് അസ്സീസ്സിയും മഹാത്മാഗാന്ധിയും മറ്റും. വിശാലമനസ്കതയാണ് ഇവിടെ ആവശ്യം. നമുക്കൊരു ജീവിതം കിട്ടിയിട്ടുണ്ടെങ്കിൽ അതിനെ പൂർണ്ണമായും ആസ്വദിക്കുക എന്നതാണ് നമ്മുടെ കടമ. അത് സാധ്യവുമാണ്. ടോട്ടാലിറ്റിയും പെർഫെക്ഷനും മറ്റും ഇവിടെത്തന്നെയുണ്ട്. കണ്ണ് തുറന്നു നോക്കുവിൻ! ജീവിത യാഥാർഥ്യങ്ങളിലല്ല പ്രശ്നം കിടക്കുന്നത്; നമ്മുടെ മനസ്സിൽ ആണ് പ്രശ്നം കിടക്കുന്നത്.
പൂർണ്ണതയാണ് മനുഷ്യന് വേണ്ടത്. അതാണ് അവൻ അന്വേഷിക്കുന്നതും. ആ പൂർണ്ണത ഇവിടെ, ഈ ഭൂമിയിൽ തന്നെയുണ്ട്. വേറെ ഒരിടത്തും അത് ലഭ്യമല്ല. മോക്ഷം പൂർണ്ണതയാകുന്നു. ദേവന്മാർക്കു പോലും പൂർണ്ണതയും മോക്ഷവും വേണമെങ്കിൽ ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കേണ്ടിയിരിക്കുന്നു. പൂർണ്ണതയുടെ സ്ഥാനത്ത് അപൂർണ്ണതയെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്താൽ അത് പ്രശ്നത്തിലേക്കേ നയിക്കൂ. മനുഷ്യൻ ഒരു കാലത്തും അപൂർണ്ണതയെ തേടുവാൻ പാടില്ല. എന്നാൽ നാം അപൂർണ്ണതയെ തന്നെ തേടുന്നു! ജീവിതത്തിൽ ഒരു ലക്ഷ്യമോ ആഗ്രഹമോ ഉണ്ടായാൽ നമ്മുടെ ജീവിതം അപൂർണ്ണമാകുന്നു. അത് പരിമിതമാകുന്നു. പൂർണ്ണതയെ സ്നേഹിക്കുന്നവന് ലക്ഷ്യമുണ്ടാകൂവാൻ പാടില്ല. കാരണം ലക്ഷ്യം പരിമിതിയെ സൂചിപ്പിക്കുന്നു. അതിനാൽ ഭൂമിയിൽ ജീവിക്കുമ്പോൾ പൂർണ്ണതയെ അന്വേഷിക്കുവിൻ. നിങ്ങൾ അതിൽ തീർച്ചയായും വിജയിക്കും. അതിന് വേണ്ടിയാണല്ലോ നാം ഭൂമിയിൽ ജനിച്ചു വീണിരിക്കുന്നത്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply