ബിനോയ് എം. ജെ.
മുതലാളിത്തം (capitalism), മൂലധനത്തെയും(capital)പണത്തെയും (money)ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തികവ്യവസ്ഥിതിയാണ്. ഇവിടെ പണമാകുന്നു ജോലി ചെയ്യുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനം(motivation). എന്നാൽ മാനസികമായ പ്രചോദന(psychological motivation)മാണ് സാമ്പത്തികമായ പ്രചോദനത്തെക്കാൾ (economic motivation)ശക്തമെന്ന് മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. വാസ്തവത്തിൽ പ്രാഥമിക ആവശ്യങ്ങളായ ആഹാരം,വസ്ത്രം,പാർപ്പിടം ഇവ മാത്രമേ പണം ഉപയോഗിച്ച് വാങ്ങേണ്ടതായുള്ളൂ. ഇവ മൂന്നും നേടിയെടുത്ത ഒരാൾക്ക് പണമില്ലാതെയും ജീവിതത്തിന് അർത്ഥം കണ്ടെത്തുവാൻ കഴിയുന്നു. പിന്നീട് മാനസികമായ പ്രചോദനമാണ് ആവശ്യം. പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യന്റെ ആവശ്യങ്ങളെ (needs) ഇപ്രകാരം തരം തിരിക്കുന്നു.
1. ശാരീരികമായ ആവശ്യങ്ങൾ
2. സുരക്ഷിതത്തിനുള്ള ആവശ്യം
3.മാനസികമായ ആവശ്യങ്ങൾ
4.ആത്മബഹുമാനത്തിനുള്ള ആവശ്യം
5.ആത്മസാക്ഷാത്കരത്തിനുവേണ്ടിയുള്ള ആവശ്യം
ഈ ആവശ്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ അവയിൽ ആദ്യത്തെ രണ്ട് ആവശ്യങ്ങളെ (ശാരീരികമായ ആവശ്യം, സുരക്ഷിതത്വത്തിനുള്ള ആവശ്യം)മാത്രമേ പണം കൊണ്ട് നേടിയെടുക്കുവാൻ കഴിയൂ എന്ന് കാണാം . മറ്റുള്ള മൂന്നാവശ്യങ്ങൾ പണം കൊണ്ട് നേടിയെടുക്കുവാൻ ശ്രമിച്ചാൽ അത് പരാജയത്തിൽ കലാശിക്കും എന്ന് മാത്രമല്ല, അതിൽ നിന്നുണ്ടാകുന്ന മോഹഭംഗവും നിരാശയും പലവിധത്തിലുള്ള പ്രശ്നങ്ങൾക്കും പ്രക്ഷുബ്‌ധതകൾക്കും കാരണമാകുന്നു. ഉദാഹരണത്തിന് തൊഴിലാളികളെ വിലക്കെടുക്കുവാൻ കഴിയും. എന്നാൽ തൊഴിലാളികളുടെ സ്നേഹത്തെ വിലക്കെടുക്കുവാനാവില്ല. അതിനുള്ള ഓരോ ശ്രമവും പ്രശ്നങ്ങളിലേക്കും സംഘർഷത്തിലേക്കുമേ നയിക്കൂ. മൂതലാളിത്ത സമ്പദ് വ്യവസ്ഥയിലെ എല്ലാ പ്രക്ഷുബ്‌ധകളുടെയും അടിസ്ഥാന കാരണം ഇതാകുന്നു.
പണം എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല. മറിച്ച് അത് എല്ലാ പ്രശ്നങ്ങളുടെയും കാരണമാകുന്നു. പണം കൊണ്ട് പ്രശ്നങ്ങളെ പരിഹരിക്കുവാൻ ശ്രമിക്കുമ്പോൾ നാം കൂടുതൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്നു. ഈ ദൂഷിതവലയത്തിൽ നിന്നും പുറത്തു കടക്കുവാൻ മനുഷ്യന് കഴിയുന്നില്ല. കർമ്മം അഥവാ സേവനമാകുന്നു എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം. പണം കിട്ടിയെങ്കിലേ സേവനം ചെയ്യൂ എന്ന് വ്യക്തികൾ വാശിപിടിക്കുമ്പോൾ സേവനങ്ങളുടെ ഒഴുക്കിന് തടസ്സമുണ്ടാവുകയും തന്മൂലം സമൂഹത്തിലെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. ഇങ്ങനെ കുമിഞ്ഞു കൂടുന്ന പ്രശ്നങ്ങൾ കാലക്രമത്തിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് വഴിവച്ചേക്കാം.
മുതലാളിത്തം വിജയകരമായി ഓടുന്ന ഒരു രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം സംഭവിക്കുകയില്ല എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അതിനാൽതന്നെ സോഷ്യലിസം സാർവ്വലൗകീകമായ ഒരു പ്രതിഭാസമല്ലെന്ന് നമുക്ക് മനസ്സിലാക്കാം . അത് സാമൂഹിക പുരോഗതിയിലെ അനിവാര്യമായ ഒരു ഘട്ടമോ കമ്മ്യൂണിസത്തിന്റെ കാരണമോ മുന്നോടിയുമോ അല്ലതാനും. അത് മുഖ്യധാരയിൽനിന്നുള്ള ഒരു വ്യതിചലനം(deveation) മാത്രം. അതുകൊണ്ടാണ് അതിന് ആയുസ് കുറയുന്നതായി കാണപ്പെടുന്നത്. മുതലാളിത്തത്തിൽനിന്ന് കമ്മ്യൂണിസത്തിലേക്ക് നേരെ പോകാമെങ്കിൽ പിന്നെ സോഷ്യലിസത്തിന്റയും ,ടോട്ടാലിറ്റേറിയനിസത്തിന്റെയും ,ഡിക്ടേറ്റർഷിപ്പിന്റയും മറ്റും ആവശ്യമെന്ത്?
കമ്മ്യൂണിസം മുതലാളിത്തത്തിന് വിരുദ്ധമായ ഒരു സംവിധാനമല്ല, മറിച്ച് മുതലാളിത്തത്തെ പിന്തുടരുന്ന അതിന്റെ സന്താനം തന്നെയാകുന്നു. വ്യക്തി സ്വാതന്ത്ര്യമാകുന്നു ഇവയുടെ രണ്ടിന്റെയും പ്രത്യേകതയും സവിശേഷതയും. മുതലാളിത്തത്തെ പിന്തുണയ്ക്കുന്നവൻ കമ്മ്യൂണിസത്തെയും പിന്തുണച്ചേ തീരൂ. മുതലാളിത്തത്തിൽ പണത്താൽ പ്രചോദിതമായി വ്യക്തി കർമ്മം ചെയ്യുമ്പോൾ, കമ്മ്യൂണിസത്തിൽ സമൂഹത്തിന്റെ നന്മയ്ക്കായി വ്യക്തി കർമ്മം ചെയ്യുന്നു. ആദ്യത്തേത് സ്വാർത്ഥകവും രണ്ടാമത്തേത് പരാർത്ഥകവുമാണ്. ആദ്യത്തേത് ലൗകികവും രണ്ടാമത്തേത് ആദ്ധ്യാത്മികവും ആണ്. സൗജന്യ സേവനമാണ് കമ്മ്യൂണിസത്തിന്റെ മുഖമുദ്ര. പണത്താൽ പ്രചോദിതമായി ചെയ്യപ്പെടുന്ന അതേ കർമ്മം സമൂഹനന്മയെപ്രതി ചെയ്യപ്പെടുമ്പോൾ മുതലാളിത്തം കമ്മ്യൂണിസത്തിന് വഴിമാറുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ മുതലാളിത്തത്തിൽ പണത്തിന്റെ സാന്നിദ്ധ്യം ഉള്ളപ്പോൾ കമ്മ്യൂണിസത്തിൽ അങ്ങനെയൊന്നുണ്ടാവില്ല.
വ്യവസായ -വാണിജ്യ സ്ഥാപനങ്ങൾ പണം വാങ്ങാതെ സേവനങ്ങളും ഉത്പന്നങ്ങളും അവ ആവശ്യമുള്ളവർക്ക് ദാനമായി കൊടുക്കുമ്പോൾ കമ്മ്യൂണിസം രംഗപ്രവേശം ചെയ്യുന്നു. ഇത് മുതലാളിത്ത ത്തിന്റെ ഒരു തുടർച്ച മാത്രമാണ്. വ്യക്തികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള വ്യവസായങ്ങൾ തുടങ്ങുവാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. ക്രമേണ സാമ്പത്തിക വ്യവസ്ഥയിൽ നിന്നും പണം തിരോഭവിക്കുന്നു. പണം തിരോഭവിക്കുന്നതോടൊപ്പം സ്വകാര്യസ്വത്തും തിരോഭവിക്കുന്നു. ഇത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. സമൂഹം അതിനോട് പൊരുത്തപ്പെടുവാൻ സമയം എടുക്കും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply