ബിനോയ് എം. ജെ.

ജീവിതത്തിൽ സന്തോഷിക്കുവാൻ ഒരു കാരണം വേണമെന്ന് നാമെന്തിനാണ് വാശിപിടിക്കുന്നത്? ചില കാര്യങ്ങൾക്ക് നമ്മെ സന്തോഷിപ്പിക്കുവാൻ കഴിഞ്ഞേക്കാം. അപ്പോൾ അതിന്റെ വിരുദ്ധമായ കാര്യങ്ങൾക്ക് നമ്മെ ദു:ഖിപ്പിക്കുവാനും കഴിയും. നാമതിന്റെ അടിമയായി കഴിഞ്ഞു. ഇത്തരം അടിമത്തത്തെ വിഷയാസക്തി എന്നാണ് തത്വചിന്തകന്മാർ വിളിക്കുന്നത്. വിഷയാസക്തിയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. അതാകുന്നു ഏറ്റവും വലിയ ബന്ധനം. ഇത് മൂലമാണ് നാമീ സംസാരസാഗരത്തിൽ കിടന്ന് വട്ടം ചുറ്റുന്നത്. ഇത് മൂലമാണ് നമുക്ക് അനന്താനന്ദം നഷ്ടപ്പെട്ടു പോകുന്നത്. അതിനാൽതന്നെ ഇതാവുന്നു നമ്മുടെ ഒരേയൊരു പ്രശ്നവും.

വിഷയാസക്തിയിൽ അൽപം ഭാവാത്മകത ഉണ്ട് എന്ന സത്യത്തെ ഞാൻ നിഷേധിക്കുന്നില്ല. കാരണം അത് അയാളെ അല്പമെങ്കിലും സന്തോഷിപ്പിക്കുന്നു. ഉദാഹരണത്തിന് പണത്തോട് ആസക്തിയുള്ള ഒരാൾ പണം കിട്ടുമ്പോൾ സന്തോഷിക്കുന്നു. അത് കിട്ടാതെ വരുമ്പോൾ അതിന് വേണ്ടി ആഗ്രഹിക്കുകയും ആ ദിശയിൽ പ്രയത്നിക്കുകയും ചെയ്യുന്നു. ഇത് ഒരു സന്തോഷമാണ്. എന്നാൽ നിങ്ങളുടെ ചുറ്റുമുള്ളവരെ ഒന്ന് നിരീക്ഷിക്കുവിൻ. സന്തോഷത്തിന്റയും സംതൃപ്തിയുടെയും കാര്യത്തിൽ നിരവധി വ്യക്തികൾക്കിടയിൽ എന്തെങ്കിലും വ്യത്യാസം നിങ്ങൾ കാണുന്നുണ്ടോ? സംതൃപ്തിയുടെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. ദരിദ്രൻ ധനവാനെ തനിക്ക് ശ്രേഷ്ഠനായി കരുതുന്നതിന്റെ കാരണം അയാൾക്ക് ധനത്തോട് ആസക്തി ഉണ്ടെന്നതാണ്. അല്ലാതെ പണം അയാളെ സംതൃപ്തനാക്കുന്നതുകൊണ്ടല്ല.

എന്നിരുന്നാലും യാതൊരു കാരണവുമില്ലാതെയും നിങ്ങൾക്ക് സന്തോഷിക്കുവാൻ കഴിയും. ഇതിന് വേണ്ടത് ഭാവാത്മക ചിന്തകളാണ്. ഭാവാത്മകമായി ചിന്തിക്കുന്ന ഒരാൾക്ക് എന്തുതന്നെ സംഭവിച്ചാലും അയാൾ അതിന്റെ നല്ല വശങ്ങൾ കാണുകയും സന്തോഷിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ നല്ലതെന്നും ചീത്തയെന്നും രണ്ട് സംഗതികൾ ഈ ജീവിതത്തിൽ ഇല്ല. എല്ലാം നല്ലത് തന്നെ. ഇപ്രകാരം നല്ലത് മാത്രം കാണുന്ന ചിന്താശൈലിയെയാണ് ഭാവാത്മക ചിന്ത എന്ന് വിളിക്കുന്നത്. മറിച്ച് ചില കാര്യങ്ങൾ നല്ലതെന്നും മറ്റു ചിലവ ചീത്തയെന്നും ഒരു തരംതിരിവ് നടത്തുമ്പോൾ നാം പ്രശ്നങ്ങളിലേക്കും സംഘർഷങ്ങളിലേക്കും ആശയക്കുഴപ്പങ്ങളിലേക്കും നടന്നടുക്കുന്നു. അങ്ങിനെയാണ് സുഖദു:ഖങ്ങൾ ഉണ്ടാവുന്നത്.

അതിനാൽ തന്നെ സുഖം തരുന്ന വിഷയങ്ങളുടെ പിറകെ ഓടുകയല്ല നാം ചെയ്യേണ്ടത്, മറിച്ച് ഭാവാത്മകമായി ചിന്തിച്ചുതുടങ്ങുകയാണ്. അത്തരമൊരു സമീപനം എല്ലാറ്റിലും സുഖം കണ്ടെത്തുവാൻ നമ്മെ സഹായിക്കുന്നു. അപ്പോൾ പിന്നെ സുഖത്തിന് പിറകേ ഓടേണ്ട ആവശ്യം വരുന്നില്ല. അപ്പോൾ നാം കാരണമില്ലാതെ സന്തോഷിക്കുവാൻ പഠിക്കുന്നു. ആ ആനന്ദം ശാശ്വതമാണ്. അതിനെ നിങ്ങളിൽ നിന്നും എടുത്തു കളയുവാൻ ആർക്കും കഴിയുകയില്ല. മറിച്ച് നിങ്ങൾ വിഷയങ്ങളുടെയും സുഖത്തിന്റെയും പിറകേ ഓടിയാൽ നിങ്ങൾക്ക് അനന്തമായ സുഖം കിട്ടില്ലെന്ന് മാത്രമല്ല ആ പരിമിതമായ സുഖം നിങ്ങളിൽനിന്ന് ഏതു നിമിഷവും എടുത്തു മാറ്റപ്പെടുകയും ചെയ്യാം. സുഖവും ആനന്ദവും കൊണ്ടുവന്ന് തരുന്നത് ബാഹ്യവസ്തുക്കളല്ല മറിച്ച് നിങ്ങളുടെ മനോഭാവം തന്നെയാണ്.

ബാഹ്യമായ കാരണങ്ങൾ നമുക്ക് സുഖം തരുന്നു എന്ന സങ്കൽപം മൂഢമാണ്. മറിച്ച് ആകാരണങ്ങളോടുള്ള നമ്മുടെ സമീപനമാണ് അസുഖത്തിന്റെ അടിസ്ഥാനപരമായ കാരണം. ഉദാഹരണത്തിന് പണം നിങ്ങൾക്ക് സുഖം കൊണ്ടുവന്ന് തരുന്നുവെങ്കിൽ ആ സുഖത്തിന്റെ യഥാർത്ഥ കാരണം പണത്തൊടുള്ള നിങ്ങളുടെ ഭാവാത്മകമായ സമീപനം തന്നെ. നിങ്ങൾക്ക് പണം ഇഷ്ടമല്ലെങ്കിൽ നിങ്ങളെ സന്തോഷിപ്പിക്കുവാൻ അതിന് കഴിയുമോ? സന്തോഷം കിടക്കുന്നത് നിങ്ങളുടെ ഉള്ളിലാണ് – ഭാവാത്മകമായ സമീപനത്തിലാണ് സന്തോഷം കിടക്കുന്നത്. അതാണ് കാര്യങ്ങളുടെ നിജസ്ഥിതി എങ്കിൽ എല്ലാവിധ കാര്യങ്ങളോടും ഭാവാത്മകമായ ഒരു സമീപനം വളർത്തിയെടുത്താൽ നമുക്ക് അനന്താനന്ദം ലഭിക്കുകയില്ലേ?

ബാഹ്യ വസ്തുക്കളുടെ പിറകേ മൂഢമായി ഓടിക്കൊണ്ടിരുന്നാൽ നമ്മുടെ വളരെയധികം സമയവും ഊർജ്ജവും പാഴായിപ്പോകും. യഥാർത്ഥമായ സുഖം കിട്ടുകയുമില്ല. അതുകൊണ്ടാണ് മനുഷ്യർ ജീവിതത്തിൽ വളരാത്തത്. പലപ്പോഴും സുഖത്തിനു പകരം ദു:ഖമായിരിക്കും കിട്ടുക. ജീവിതം ഒരു ചൂതാട്ടമായി അധ:പ്പതിക്കുന്നു. ദൂരെയെറിയുവിൻ ഇത്തരം മഠയത്തരങ്ങളെ! നിങ്ങൾ ഇനിമേൽ ശിശുക്കളല്ല! വിഡ്ഢികളുമല്ല! ജീവിത രഹസ്യമെന്തെന്ന് ആദ്യമേ അറിയുവിൻ! അത് കണ്ടെത്തിയവർ സമൂഹത്തിൽ ഉണ്ടായിരുന്നിട്ടുണ്ട്; ഇപ്പോഴും അത്തരക്കാർ ജീവിച്ചിരിക്കുന്നു. അവരിൽ നിന്നും പഠിക്കുവിൻ! ജീവിതം പാഴാക്കിക്കളയുവാനുള്ളതല്ല. നാമിതിനോടകം ധാരാളം ജന്മങ്ങൾ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്ക് തിരുത്താം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120