ബിനോയ് എം. ജെ.
നിങ്ങൾക്ക് അമേരിക്കയ്ക്ക് പറക്കണമെന്ന് സങ്കല്പിക്കുക. എന്നാൽ നിങ്ങൾക്ക് അമേരിക്കയ്ക്ക് പോകുന്നത് ഇഷ്ടമില്ല. എന്നിരുന്നാലും നിങ്ങൾ പോയേ തീരൂ. നിങ്ങൾക്ക് പോകുവാൻ ഒട്ടും തന്നെ താത്പര്യമില്ല. പക്ഷെ പോകുവാനുള്ള തീയതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. നിങ്ങൾ ഒട്ട് പോവുകയുമില്ല. എന്തൊക്കെ തന്നെ വന്നാലും നിങ്ങൾ പോവുകയില്ല .പക്ഷേ നിങ്ങൾ പോയേ തീരൂ. ആ തീയതി അടുത്തുവരുന്തോറും നിങ്ങളുടെ മനസ്സ് അത്യന്തം വേദനിക്കുന്നു. നിങ്ങൾ മാത്രമല്ല നിങ്ങളുടെ ചുറ്റുമുള്ളവരും വേദനിച്ച് തുടങ്ങുന്നു. ഒടുവിൽ ആ ദിവസം വന്നുചേരുന്നു. നിങ്ങൾ ബോധം കെട്ടു നിലത്തുവീഴുന്നു. പിന്നീടുള്ള കാര്യങ്ങൾ നിങ്ങൾ അറിയുന്നുമില്ല. മറിച്ച് ചെറുപ്പം മുതലേ നിങ്ങൾ, അമേരിക്കയ്ക്ക് പോകുവാൻ കൊതിക്കുന്ന ആളാണ് എന്ന് സങ്കല്പിക്കുക. ക്രമേണ നിങ്ങൾക്ക് പോകുവാനുള്ള സമയമായി വരുന്നു. അതോർത്തുതുടങ്ങുന്നതോടെ നിങ്ങളുടെ മനസ്സും സന്തോഷിക്കുന്നു. ഓരോ ദിവസവും ചെല്ലുന്തോറും നിങ്ങളുടെ സന്തോഷവും കൂടികൂടി വരുന്നു. നിങ്ങളുടെ ചുറ്റുമുള്ളവരും നിങ്ങളോടൊത്ത് സന്തോഷിക്കുന്നു. ഒടുവിൽ ആ ദിവസം വന്നു ചേരുന്നു. നിങ്ങൾ ആനന്ദനിർവൃതിയിലേക്ക് കടക്കുന്നു .
ഏതാണ്ട് ഇതേപോലെയാണ് മരണത്തിന്റെ കാര്യവും. അത് ഒഴിവാക്കാനാവാത്ത ഒരു യാത്രയാണ്. ഒരു ശരീരം വിട്ട് മറ്റൊരു ശരീരത്തിലേക്കുള്ള യാത്ര; ഒരു സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര ; ഒരു ലോകം വിട്ടു മറ്റൊരു ലോകത്തിലേക്കുള്ള യാത്ര. ആ യാത്രയോട് നമുക്ക് രണ്ട് തരത്തിലുള്ള സമീപനം സ്വീകരിക്കാം. ആദ്യത്തേത് നിഷേധാത്മകമായത്; രണ്ടാമത്തേത് ഭാവാത്മകമായത്. നാമെല്ലാവരും മരണത്തോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് . മരണത്തെ ഒരിക്കലും ഒഴിവാക്കുവാൻ കഴിയുകയില്ല. എന്നാൽ നമുക്കത് വേണ്ടാ താനും. ഇത് മനസ്സിൽ വലിയ ആന്തരിക സംഘർഷം ഉണ്ടാക്കുന്നു. ഈ സംഘർഷം അത്രയധികം വലുതും ഗൗരവമുള്ളതും ആയതിനാൽ അത് നമ്മെ കണ്ടമാനം ഉലക്കുന്നു. നാം ദു:ഖത്തിന്റെ ആഴങ്ങളിലേക്ക് വീണു പോകുന്നു. സുബോധത്തോടെ നമുക്കതിനെ നേരിടാനാവുന്നില്ല. നാം അബോധാവസ്ഥയിലേക്ക് വീഴുന്നു.
എന്നാൽ മരണത്തോടുള്ള നമ്മുടെ സമീപനം ഭാവാത്മകമാണെങ്കിലോ? അത് സ്വാഭാവികമായും അങ്ങനെ ആവേണ്ടതാണ്. കാരണം അത് മനുഷ്യപ്രകൃതി ആവുന്നു. പക്ഷേ നമ്മുടെ സംസ്കാരം അതിനെ വേണ്ടാത്തതായി ഗണിക്കുന്നു. മാനവസംസ്കാരം പ്രകൃതിയിൽ നിന്നും അത്രമാത്രം അകന്ന് പോയിരിക്കുന്നു. ഓഷോ പറഞ്ഞതുപോലെ മരണത്തെ ആഘോഷിക്കേണ്ടതാണ്. നാം മരണത്തെ ചീത്തയായി പരിഗണിക്കുന്നു. ഒന്നു ചോദിച്ചുകൊള്ളട്ടെ, മരണം ഏതർത്ഥത്തിലാണ് ചീത്തയാകുന്നത്. പഴകിയ ഒരു ശരീരം മാറി പുതിയ ഒരു ശരീരം സ്വീകരിക്കുന്നതിനാലോ? പഴയ വ്യക്തിത്വം മാറ്റി പുതിയത് സ്വീകരിക്കുന്നതിനാലോ? അയോ പഴയ ജീവിത സാഹചര്യങ്ങൾ മാറ്റി പുതിയവയെ സ്വീകരിക്കുന്നതിലോ? ഇതെല്ലാം ജീവിതത്തിന്റെ തുടർച്ചക്ക് അനിവാര്യമായ കാര്യങ്ങളാണ്. അതായത് മരണം ഒരവസാനമല്ല മറിച്ച് ഒരു തുടർച്ച മാത്രമാണ്. അത് മധുരമായ ഒരു തുടർച്ച തന്നെയാണ്. അത് അത്രമാത്രം മധുരമായതിനാൽ നാമതിനെ സ്നേഹിക്കുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
എന്നാൽ മരണത്തെ നിഷേധാത്മകമായി കരുതിയാൽ അതുകൊണ്ട് പലതരം ദോഷങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി അത് നമ്മുടെ ജീവിതത്തിൽ ആകമാനം കരിനിഴൽ വീഴ്ത്തുന്നു. അതും ജീവിതത്തിന്റെ ഭാഗമായതിനാൽ അതിനെ ത്യജിച്ചുകൊണ്ടുള്ള ജീവിതം എപ്പോഴും അപൂർണ്ണമാണ്. ജീവിതത്തെ പൂർണ്ണമായും ഉൾക്കൊള്ളാതെ ജീവിച്ചാൽ ജീവിതവുമായി നമുക്ക് വേണ്ടവിധം പൊരുത്തപ്പെടുവാൻ ആവാതെവരുന്നു. ഇത് കഠിനമായ ആന്തരിക സംഘർഷത്തിലേക്ക് നമ്മെ കൊണ്ടുവന്നെത്തിക്കുന്നു. ഇതാകുന്നു എല്ലാ ജീവിതദു:ഖങ്ങളുടെയും അടിസ്ഥാനപരമായ കാരണം. മരണത്തിൽനിന്നും സദാ ഓടിയൊളിച്ചുകൊണ്ടിരുന്നാൽ നമുക്കെങ്ങനെ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയും?
മരണത്തിനു ശേഷം ഒരു പുനർജ്ജന്മം ഉണ്ടെന്നും ആ പുനർജ്ജന്മം അത്യന്തം മനോഹരമായിരിക്കുമെന്നും നാം മറക്കാതിരിക്കേണ്ടിയിരിക്കുന്നു. ജനിക്കുന്നവന് മരണം നിശ്ചയം, മരിക്കുന്നവന് ജനനം നിശ്ചയം. ഇനി മരണത്തെ മാത്രമായി എടുത്താലും അത് അത്യന്തം മനോഹരമാണ്. ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്ന ധന്യമായ മുഹൂർത്തമാണത്. അത് നമുക്ക് വേദനാജനകമായി അനുഭവപ്പെടുന്നത് അതിനെക്കുറിച്ചുള്ള നമ്മുടെ സമീപനം തെറ്റായതുകൊണ്ട് മാത്രമാണ്. മരണത്തെക്കുറിച്ച് നിങ്ങൾക്ക് അത്യന്തം ഭാവാത്മകമായ സമീപനമാണുള്ളതെങ്കിൽ നിങ്ങൾക്ക് മരണം സംഭവിക്കുകയില്ലെന്ന് ഞാൻ പറയുന്നു. ആ മരണം ‘സമാധി’ ആയിരിക്കും. അത് ഈശ്വരനിലുള്ള ശാശ്വതമായ ലയനമായിരിക്കും. നമ്മുടെ സമീപനത്തിലാണ് പ്രശ്നങ്ങൾ എല്ലാം കിടക്കുന്നത്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply