ബിനോയ് എം. ജെ.

മനുഷ്യൻ ഒരേസമയം രണ്ട് ലോകങ്ങളിൽ ജീവിക്കുന്നു -ആന്തരിക ലോകത്തിലും ബാഹ്യലോകത്തിലും. ഈ രണ്ടു ലോകവും പരസ്പരസംഘട്ടനത്തിലാണ്. ഈ സംഘട്ടനം ആകുന്നു മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ബാഹ്യ ലോകം പറയുന്നു-നീ തീർച്ചയായും മരിക്കും; ആന്തരിക ലോകം പറയുന്നു- എനിക്ക് മരണമില്ല. നാം ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുന്നു. ആന്തരിക ലോകം ഭാവാത്മകമാണ്; ബാഹ്യ ലോകമാവട്ടെ നിഷേധാത്മകവും. ആന്തരിക ലോകമാവട്ടെ അനന്തസാധ്യതകളുടെ ലോകമാണ്, അവിടെ അസാധ്യമായി യാതൊന്നുമില്ല. ബാഹ്യലോകം പരിമിതികളുടെ ലോകമാണ്.

ഈ സംഘട്ടനം സദാ നടന്നുകൊണ്ടേയിരിക്കുന്നു. ഈ സംഘട്ടനത്തിൽ നിന്നുമാണ് മനസ്സും അതിന്റെ പ്രവർത്തനങ്ങളും ഉത്ഭവിക്കുന്നത്. എങ്കിലും അതിനെക്കുറിച്ച് അധികമാളുകൾ ബോധവാന്മാരല്ല എന്ന് തോന്നുന്നു. അതിനാൽതന്നെ അവർ അതിന് പരിഹാരം അന്വേഷിക്കുന്നുമില്ല. മനസ്സ് ഈ രണ്ടു ലോകങ്ങളെയും സമന്വയിപ്പിക്കുവാൻ സദാ പരിശ്രമിക്കുന്നു. എങ്കിലും അതതിൽ വിജയിക്കുന്നില്ല. ഈ പ്രക്രിയയാവട്ടെ അനന്തമായി നീളുന്നു. പ്രതിഭയും ചിന്താശീലവും ഇല്ലാത്തവർ ഈ പ്രതിഭാസത്തെക്കുറിച്ച് അധികം ബോധവാന്മാരല്ല. അവർ കഥയറിയാതെ ആടുകയാണ്. ജീവിതത്തെക്കുറിച്ച് അവർക്ക് വലിയ ഗ്രാഹ്യമില്ല. അനുകരണത്തിലൂടെയും അഭിനയത്തിലൂടെയും അവർ എങ്ങിനെയൊക്കെയോ ജീവിച്ചു പോകുന്നു. എന്നാൽ പ്രതിഭയും ചിന്താശീലവും ഉള്ളവർ ഈ സംഘട്ടനത്തെക്കുറിച്ച് അൽപമെങ്കിലും ബോധവാന്മാരാണ്. അവർ ബാഹ്യലോകത്തെ ആന്തരികലോകം കൊണ്ട് ജയിക്കുവാൻ ശ്രമിക്കുന്നു.

മാനവരാശിയുടെ ഇന്നേവരെയുള്ള എല്ലാ നേട്ടങ്ങളും ബാഹ്യലോകത്തിന് മേലുള്ള ആന്തരികലോകത്തിന്റെ വിജയത്തെ പ്രഘോഷിക്കുന്നു. അത് ചിന്താശീലമുള്ള ഏതാനും പ്രതിഭാശാലികളുടെ സംഭാവനയാണെന്ന് പറയേണ്ടതില്ലല്ലോ. ചിന്തതന്നെ ബാഹ്യലോകത്തെ ജയിക്കുവാനുള്ള ആന്തരിക ലോകത്തിന്റെ പ്രയത്നമാകുന്നു. ആന്തരിക ലോകം ഈശ്വരനെയും ബാഹ്യലോകം മായയെയും പ്രതിനിധാനം ചെയ്യുന്നു. മനുഷ്യരിലുറങ്ങുന്ന ഈശ്വരൻ ഉണരുമ്പോൾ മായയുടെ മേലുള്ള ആത്യന്തികമായ വിജയം സംഭവിക്കുന്നു. അത് അവന്റെ മോക്ഷവും ആകുന്നു.

അതിനാൽ ബാഹ്യലോകത്തിന്റെ അടിമത്തത്തിൽ നിന്നും മോചനം പ്രാപിക്കുവിൻ. പുറം ലോകത്തേക്കുള്ള ഓട്ടം അവസാനിപ്പിച്ചു കൊണ്ട് അന്തരംഗത്തേക്ക് പ്രവേശിക്കുവിൻ! അവിടെ നിങ്ങൾ ഈശ്വരനുമായി കണ്ടുമുട്ടുന്നു. അവിടെ നിങ്ങൾ പൂർണ്ണമായും സുരക്ഷിതനാണ്. ആധിക്കും വ്യാധിക്കും അവിടെ സ്ഥാനമില്ല. അസ്വസ്ഥതകൾക്ക് അവിടേക്ക് കടന്നു വരുവാനാവില്ല. അവിടെ നിങ്ങൾ മാത്രമേയുള്ളൂ. അവിടെ നിങ്ങൾ സർവ്വ ശക്തനാണ്. അവിടെ ബാഹ്യലോകം തിരോഭവിക്കുന്നു. ഒരേസമയം ഈശ്വരനെയും മായയെയും കൂടി പൂജിക്കുവാനാവില്ല. മായയെ തള്ളിക്കളയുമ്പോൾ ഈശ്വരദർശനം സാധ്യമാകുന്നു. മായയുടെ പിറകേ ഓടുമ്പോൾ ഈശ്വരൻ മറക്കപ്പെടുന്നു.

പാശ്ചാത്യ ചിന്താപദ്ധതി ബാഹ്യലോകത്തേക്ക് നോക്കിക്കൊണ്ടുള്ളതാണ്. ബാഹ്യലോകത്തെ ബാഹ്യോപായങ്ങൾ കൊണ്ട് നിയന്ത്രിക്കുവാൻ അവർ പരിശ്രമിക്കുന്നു. ഇതിൽ അൽപസ്വല്പം വിജയമുണ്ടെങ്കിൽ പോലും അന്തിമ വിശകലനത്തിൽ ഇതൊരു വൻ പരാജയമാണ്. സങ്കല്പിക്കുവാൻ പോലുമാവാത്ത വിധം അതിബൃഹത്തായ ഈ പ്രപഞ്ചത്തെ മനുഷ്യൻ എങ്ങനെയാണ് ബാഹ്യോപായങ്ങൾകൊണ്ട് നിയന്ത്രിക്കുക? എന്നാൽ ആന്തരിക ലോകത്തേക്ക് പിൻവാങ്ങുന്ന മനുഷ്യന്റെ ഇച്ഛാശക്തിയുടെ പിടിയിൽ ബാഹ്യലോകം ക്രമേണ അമരുന്നു. പ്രപഞ്ചം ഒരിക്കലും ഈശ്വരനേക്കാൾ വലുതല്ല. ഈശ്വരനാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. ഈശ്വരനിൽ ലയിച്ചവൻ പ്രപഞ്ചത്തിന്മേലുള്ള പൂർണ്ണമായ നിയന്ത്രണം ആർജ്ജിച്ചുകഴിഞ്ഞു. “സർവ്വാധിപത്യം” എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. അതിനാൽ ഈശ്വരനിൽ ലയിക്കുവാൻ ശ്രമിക്കുവിൻ. അത് മാത്രമാണ് ബാഹ്യലോകത്തെ ജയിക്കുവാനുള്ള ഏകമാർഗ്ഗം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120