ബിനോയ് എം. ജെ.

മനുഷ്യന്റെ ഇന്ദ്രിയങ്ങൾ ബാഹ്യലോകത്തിലേക്ക് തുറക്കുന്നു. അവൻ അവിടെ വലിയ ഒരു പ്രപഞ്ചത്തെയും വലിയ ഒരു സമൂഹത്തെയും കാണുന്നു. അപ്പോൾ താനാര്? ഈ കാണുന്ന ചെറിയൊരു ശരീരവും അതിനുള്ളിൽ വസിക്കുന്ന-ഒരുപക്ഷെ ആ ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടി- ചെറിയ ഒരു മനസ്സും. ബാഹ്യലോകവുമായി തട്ടിച്ച് നോക്കുമ്പോൾ താൻ വെറും അൽപൻ. ഈ അപകർഷതയിൽനിന്നും സ്വാർത്ഥത ജനിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ ഞാനീ ശരീരത്തെ സംരക്ഷിക്കുവാൻ ബാധ്യസ്തനാണ്. കാരണം ഞാനതാണ്. ഈ ശരീരം നാമറിയുന്നതുപോലെ കാലികവും ക്ഷണഭംഗുരവുമാണ്. താനതാണെങ്കിൽ തന്റെ നിലനിൽപ്പ് എന്നും ഒരു ചോദ്യചിഹ്നമായിരിക്കും. അത് ഏത് സമയവും മരിച്ചു പോയേക്കാം; രോഗഗ്രസ്തമായേക്കാം; അപകടങ്ങളിൽ പെട്ടേക്കാം. ഇപ്രകാരം സ്വാർത്ഥതയോടൊപ്പം ആധിയും ജനിക്കുന്നു.

സ്വാർത്ഥത ഒരു വേദനയാണ്. അത് എല്ലാ ദുഃഖങ്ങളുടെയും കാരണമല്ല, മറിച്ച് ദുഃഖം തന്നെയാണ്. നമ്മുടെ സമയം മുഴുവൻ സ്വാർത്ഥതയെ പരിപോഷിപ്പിക്കുവാൻ വേണ്ടി നാം മാറ്റിവക്കുന്നു. ഫലമോ? ദുഃഖത്തോട് ദുഃഖം. ഈ ശാപത്തിൽ വീണാൽ പിന്നെ ശാന്തി കിട്ടുകയില്ല. വാസ്തവത്തിൽ നാമീകാണുന്ന ശരീരമല്ല. ഞാനീകാണുന്ന ശരീരമാണെന്ന ചിന്ത ഒരു വികൽപവും ആശയക്കുഴപ്പവും ആണ്. വാസ്തവത്തിൽ ഞാനീകാണുന്ന പ്രപഞ്ചം തന്നെയാണ്. ഞാൻ ഈശ്വരൻ ആണ്. ഞാനീകാണുന്ന പ്രപഞ്ചമോ ഈശ്വരനോ ആകുമ്പോൾ എന്നിലെ അൽപത്തം തിരോഭവിക്കുന്നു. എന്നിലെ വേദനകൾ തിരോഭവിക്കുന്നു. എന്നിലെ ആധിയും ദുഃഖവും തിരോഭവിക്കുന്നു. അവിടെ ഞാനാ അനന്തസത്തയിൽ വലയം പ്രാപിക്കുന്നു. ഞാൻ അനന്തമായ ശാന്തിയിലേക്ക് വഴുതി വീഴുന്നു.

സ്വാർത്ഥത ഒരു ദുശ്ശീലം മാത്രം. മറ്റേതൊരു ദുശ്ശീലത്തെയും മാറ്റിയെടുക്കുന്ന മാതിരി നമുക്ക് സ്വാർത്ഥതയെയും മാറ്റിയെടുക്കാം. തെറ്റായ ഒരു ചിന്താശീലവും ബോധ്യവും നമ്മുടെ ഉള്ളിൽ ചെറുപ്പം മുതലേ കടന്നു കൂടിയിരിക്കുന്നു. നമ്മുടെ സത്ത ശരീരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഞാനീകാണുന്ന ശരീരമാണെന്ന ചിന്ത സത്യമല്ലെങ്കിലും സ്വാഭാവികമാണ്. നാമാ കെണിയിൽ വീണുപോയിരിക്കുന്നു. യുക്തി ചിന്തയിലൂടെ മാത്രമെ അതിൽ നിന്ന് കരകയറുവാനാവൂ. ഈ ശരീരം എന്റേതായിരിക്കാം. എങ്കിലും ഞാനീ ശരീരമല്ല. ഈ ശരീരം പോയാലും എന്റെ സത്തക്ക് കേടൊന്നും സംഭവിക്കുന്നില്ല. ഞാനെന്നും ജീവിക്കുമെന്നും എനിക്ക് നാശമില്ലെന്നുമുള്ള ചിന്ത എന്നെ സദാ ഭരിക്കുന്നുണ്ട്. എന്നാൽ ആ ചിന്തക്ക് ശക്തി പോരാ. ആ ചിന്ത വളരെയധികം ദുർബലമാണ്. ആ ചിന്ത ശരീരാവബോധവുമായി സംഘട്ടനത്തിൽ ആവുകയും നാം ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. എന്റെ അസ്ഥിത്വം താത്കാലികമോ ശാശ്വതമോ? ഇവിടെ നിങ്ങളുടെ ബുദ്ധി ശക്തിയെ പ്രവർത്തിപ്പിക്കുവിൻ. ഇവിടെ നിങ്ങളുടെ യുക്തി ചിന്തയും വിവേചനശക്തിയും ഉണരട്ടെ. നിങ്ങൾക്ക് നാശമില്ലെന്ന് നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾ നാശമില്ലാത്ത ആ സത്ത- പരബ്രഹ്മം- ആകുന്നു. ഞാനാപരബ്രഹ്മം തന്നെയാകുന്നു എന്ന് ആവർത്തിച്ചാവർത്തിച്ച് പറയുവിൻ. അപ്പോൾ ഞാനീ ശരീരമാണെന്നുള്ള ആ പഴയ ചിന്ത തിരോഭവിക്കുന്നു. നാം പരമാനന്ദത്തിലേക്ക് വീഴുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120