ബിനോയ് എം. ജെ.

നാമെപ്പോഴും സ്ഥലകാലങ്ങളാൽ വഞ്ചിക്കപ്പെടുന്നു. അനന്തമായ ആനന്ദത്തെക്കുറിച്ചുള്ള ആശയം എല്ലാവരുടെയും മനസ്സിൽ കിടപ്പുണ്ട്. അതാകുന്നു എല്ലാവരെയും മുന്നോട്ട് നയിക്കുന്ന ശക്തി. എന്നാൽ അതൊട്ട് അനുഭവിക്കുവാൻ കഴിയുന്നുമില്ല. കാരണം നാം വഞ്ചിതരാക്കപ്പെടുന്നു. ഇപ്പോൾ അതില്ല എന്നതിനാൽ തന്നെ സാഹചര്യങ്ങൾ ഒന്നു മാറിയാൽ അത് കിട്ടുമെന്ന് നാം പ്രത്യാശിക്കുന്നു. ഇതിനെ ആഗ്രഹം എന്ന് വിളിക്കാം. ഇപ്രകാരം ജോലി കിട്ടിയാലോ, പണം ഉണ്ടാക്കിയാലോ, വിവാഹം കഴിച്ചാലോ നമ്മുടെ പ്രശ്നങ്ങളെല്ലാം മാറുമെന്നും ജീവിതത്തിൽ വലിയ പുരോഗതി ഉണ്ടാവുമെന്നും നാം വിശ്വസിക്കുന്നു. എന്നാൽ ഇതിനോടകം തന്നെ ജോലി കിട്ടിയവരോ, പണം ഉണ്ടാക്കിയവരോ, വിവാഹം കഴിച്ചവരോ ഒന്നും പരമാനന്ദത്തിൽ അല്ലെന്നും അവരും നമ്മെപ്പോലെ ദു:ഖിതരാണെന്നും പരിശോധിച്ചാൽ കാണുവാൻ കഴിയും. അപ്പോൾ പിന്നെ അത്തരം ഒരാഗ്രഹം അസ്ഥാനത്താകുവാനേ വഴിയുള്ളൂ. വാസ്തവത്തിൽ എല്ലാ ജീവിതസാഹചര്യങ്ങളും ഒരുപോലെയേ ഉള്ളൂ. ഉദാഹരണത്തിന് വിവാഹം കഴിക്കുന്നതാണോ വിവാഹം കഴിക്കാത്തതാണോ കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെയേ ഉള്ളൂ എന്നായിരിക്കും നിഷ്പക്ഷമതിയായ ഒരാൾ പറയുക. അത് പോലെ ദാരിദ്ര്യമാണോ സമ്പത്താണോ കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെയേ ഉള്ളൂ എന്ന് മാത്രമേ നമുക്ക് പറയുവാനാകൂ. പണ്ടൊക്കെ നാമെല്ലാവരും ദാരിദ്ര്യത്തി ലായിരുന്നു. ഇപ്പോൾ സമ്പത്ത് വന്നു തുടങ്ങിയിരിക്കുന്നു. പണ്ട് ദാരിദ്ര്യത്തിൽ ആയിരുന്നപ്പോൾ ജീവിതത്തിനുണ്ടായിരുന്ന മധുരിമ ഇന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു.

പണ്ട് നമുക്ക് സമ്പത്തുണ്ടാക്കുവാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹത്തിന് ഒരു മധുരിമയും ഉണ്ടായിരുന്നു. ഇന്ന് സമ്പത്തുണ്ടായപ്പോൾ ആ ആഗ്രഹങ്ങൾ തിരോഭവിച്ചു എന്ന് മാത്രമല്ല സമ്പത്തിന്റെ നടുവിലും ജീവിതം വ്യർത്ഥമായി അവശേഷിക്കുന്നു. ഇപ്രകാരം ജീവിതം കുറെ അനുഭവച്ച് തീർന്നവർക്ക് പറയുവാനാവും ജീവിതസാഹചര്യങ്ങൾക്ക് ആനന്ദത്തെ കൊണ്ടുവന്ന് തരുവാനുള്ള കഴിവില്ലെന്ന്. ജീവിത സാഹചര്യം ഒന്ന് മാറിയാൽ പുതിയ കുറെ ആനന്ദം ലഭിക്കുന്നതോടൊപ്പം പഴയ കുറെ ആനന്ദം നഷ്ടപ്പെടുകയും ചെയ്യുന്നു. അന്തിമവിശകലനത്തിൽ ആനന്ദത്തിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല.അപ്പോൾ പിന്നെ ആനന്ദം എവിടെയാണ് കിടക്കുന്നത്?

അത് ഭാവിയിൽ എവിടെയോ കിടപ്പുണ്ടെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഭാവിയിലും അത് കിട്ടുവാൻ വഴിയില്ല. അൽപം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതിൽ കവിഞ്ഞ് സമയത്തിന് എന്ത് സ്വാധീനമാണ് നമ്മുടെ ജീവിതത്തിൽ ഉള്ളത്?ഇന്ന് സൂര്യൻ കിഴക്കുദിച്ചപോലെ നാളെ യും അത് കിഴക്കുതന്നെ ഉദിക്കും. അത് പടിഞ്ഞാറ് ഉദിക്കുവാൻ പോകുന്നില്ല. ശൈശവത്തിൽ നിന്നും യൗവനം വന്നുചേരുന്നു. എന്നാൽ യൗവനം ശൈശവത്തേക്കാൾ മെച്ചപ്പെട്ടതാണെന്ന് ആർക്ക് പറയുവാൻ കഴിയും. ഈ പ്രശ്നത്തിനുള്ള ഉത്തരം ലളിതമാണ്. അനന്താനന്ദം ഇപ്പോൾ ഇവിടെ തന്നെ ഉണ്ട്. അതിനെ ഭാവിയിൽ തിരയേണ്ട കാര്യമില്ല. അതിനെ ഭാവിയിലേക്ക് തള്ളിവിടുന്നത്കൊണ്ടാണ് വർത്തമാനത്തിൽ നമുക്കത് ലഭിക്കാതെ പോകുന്നത്. അത് ഭാവിയിലാണ് കിടക്കുന്നതെന്ന് കരുതുന്ന കാരണം നാം വർത്തമാനത്തിൽ അതിനെ തിരയുന്നില്ല. അതിനാൽതന്നെ ആഗ്രഹങ്ങൾ മൂഢവും വർജ്ജ്യവുമാണ്. ആഗ്രഹങ്ങൾ ഉള്ള ഒരു മനസ്സ് ആനന്ദത്തെ സംഭരിക്കുന്നത് വല്ലകൊട്ടയിൽ വെള്ളം കോരുന്നതുപോലെയാണ്.അനന്താനന്ദം വർത്തമാനത്തിൽ ആണ് കിടക്കുന്നതെന്ന് അറിഞ്ഞു കൊണ്ട് അതിനെ ഇവിടെ തന്നെ തിരയുക.

ഇപ്പോഴത്തെ സാഹചര്യങ്ങളെ ആവോളം ആസ്വദിക്കുക. ഇതിലും മെച്ചപ്പെട്ട ഒന്ന് നിങ്ങൾക്ക് കിട്ടുവാൻ പോകുന്നില്ല. എല്ലാം ഇതുപോലൊക്കെത്തന്നെ ഇരിക്കും. അതിനാൽ ആനന്ദത്തെ വർത്തമാനത്തിൽ തിരയുക. ഓരോ നിമിഷവും അനന്തമായ ആസ്വാദനം സംഭവിക്കട്ടെ .കഴിഞ്ഞ നിമിഷം വേണ്ടവണ്ണം ആസ്വദിച്ചില്ല; സാരമില്ല ഈനിമിഷം നമുക്ക് ആസ്വദിക്കാം. ഈ നിമിഷം കഴിയുമ്പോഴേക്കും അടുത്ത നിമിഷം വന്നിരിക്കും! ഇപ്രകാരം നാം സദാ വർത്തമാനത്തിൽ ആയിരിക്കുകയും ആ വർത്തമാനത്തിൽ അനന്താനന്ദം കണ്ടെത്തുകയും ചെയ്യും. ഇവിടെ ഭാവിയും ഭൂതവും തിരോഭവിക്കുന്നു. സമയം എന്നൊന്ന് ഇല്ല. അനന്തമായി നീളുന്ന വർത്തമാനം. അവിടെ നാം അനന്താനന്ദത്തിലായിരിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120