ബിനോയ് എം. ജെ.

മനുഷ്യന്റെ ആവശ്യങ്ങൾ അനന്തമാണ്. എന്നാൽ അവയെ തൃപ്തിപ്പെടുത്തുവാനുള്ള ബാഹ്യലോകത്തിന്റെ കഴിവ് പരിമിതവും ആണ്. അതിനാൽതന്നെ അവൻ സദാ അസംതൃപ്തനായി കഴിയുന്നു. ഇപ്പോൾ നിങ്ങൾ കുറെ കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ടാവാം. അവ കിട്ടിക്കഴിയുമ്പോൾ നിങ്ങൾ കൂടുതൽ കാര്യങ്ങൾ ആഗ്രഹിക്കുന്നു. പത്തു കോടി രൂപയ്ക്ക് നിങ്ങളെ തത്കാലത്തേക്ക് തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞേക്കാം. എന്നാൽ അത് കിട്ടിക്കഴിയുമ്പോൾ നിങ്ങൾ നൂറുകോടി ആഗ്രഹിക്കുന്നു. അതങ്ങനെ ആകുവാനേ വഴിയുള്ളൂ. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അനന്തമാണ്. കാരണം നിങ്ങളാ അനന്തസത്തയാണ്.

അനന്തമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ പരിമിതമായ ഈ ജഗത്തിന് കഴിയില്ലെങ്കിലും അനന്തസത്തയായ ഈശ്വരന് കഴിയും. ഈ ജഗത്തിൽ ഈശ്വരൻ ഇല്ലെന്ന് പലരും വാദിക്കുന്നു. അതുകൊണ്ട് തന്നെ അവരതിനെ അന്വേഷിക്കുന്നുമില്ല. അധരം കൊണ്ട് ഈശ്വരൻ ഉണ്ടെന്ന് നാമെല്ലാം പറയുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളുകൊണ്ട് ഈശ്വരൻ ഇല്ലെന്ന് നാമും വിശ്വസിക്കുന്നു. നിരീശ്വരവാദികളെ ഞാൻ അഭിനന്ദിക്കുന്നു. കാരണം അവർ സത്യം പറയുന്നുണ്ട്. നാമെല്ലാവരും നുണയന്മാരാണ്. നാം മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി പ്രാർത്ഥന ചൊല്ലുകയും ഈശ്വരപൂജ നടത്തുകയും ചെയ്യുന്നു. യഥാർത്ഥമായ ഈശ്വരവിശ്വാസം നമുക്കുണ്ടായിരുന്നുവെങ്കിൽ നമ്മുടെ ഉള്ളിലും പുറത്തും നിറഞ്ഞു നിൽക്കുന്ന ആ അനന്തസത്തയെ നാം പണ്ടേ കണ്ടെത്തുമായിരുന്നു.

ഈശ്വരനിൽ നിന്നും ഭിന്നമായി ജഗത്തിന് അസ്ഥിത്വമുണ്ടോ? ഈ പ്രപഞ്ചം എവിടെ നിന്നും വന്നു? ഉള്ളിൽ വസിക്കുന്ന അനന്തസത്തയായ ഈശ്വരന്റെ പ്രതിബിംബം മാത്രമായിരിക്കാം പരിമിതമായ ഈ ബാഹ്യ പ്രപഞ്ചം. പരിമിതമായ ഈ ബാഹ്യ പ്രപഞ്ചത്തിൽ ആ അനന്തസത്തയെ കണ്ടുതുടങ്ങുമ്പോൾ നാം ഈശ്വരവിശ്വാസികളായി മാറുന്നു. അനന്തമായ നമ്മുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തൃപ്തിപ്പെടുത്തുവാൻ ആ അനന്തസത്തയ്ക്കല്ലാതെ മറ്റെന്തിനാണ് കഴിയുക. അതിനാൽ നമുക്കീ ബാഹ്യലോകത്തിൽ ഈശ്വരനെ കണ്ടുതുടങ്ങാം. ഈശ്വരൻ നമുക്ക് എത്തിപ്പിടിക്കുവാൻ ആവാത്ത വിധത്തിൽ അപ്രാപ്യനല്ല. അത് മറ്റേതോ ലോകത്തിൽ വസിക്കുന്ന സത്തയുമല്ല. അതിവിടെത്തന്നെയുണ്ട്. നാമതിനെത്തന്നെയാണ് സദാ കാണുകയും അറിയുകയും ചെയ്യുന്നത്.എന്നാൽ നാമതിനെക്കുറിച്ച് ബോധവാന്മാരല്ല. പ്രപഞ്ചത്തെ കാണുമ്പോൾ ഈശ്വരനെ കാണുന്നില്ല. ഈശ്വരനെ കാണുമ്പോൾ പ്രപഞ്ചത്തെയും കാണുന്നില്ല. ഇരുട്ടത്ത് കിടക്കുന്ന കയറിനെ സർപ്പമായി തെറ്റിദ്ധരിക്കുന്നപോലെ ബ്രഹ്മത്തെ നാം ജഗത്തായി തെറ്റിദ്ധരിക്കുന്നു. ഇതാണ് മനുഷ്യന്റെ പ്രശ്നം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനാൽ നമുക്ക് സത്യത്തെ സത്യമായി തന്നെ കാണുവാൻ ശ്രമിക്കാം. പഞ്ചഭൂതങ്ങൾകൊണ്ട് നിർമ്മിതമായ ഈ ജഗത്തിന് നമ്മെ അതിലേക്ക് ആകർഷിക്കുവാനുള്ള കഴിവുണ്ടോ? നിങ്ങൾ ഒരു മുഖത്തിന്റെ പിറകേ കൂടുന്നത് അതിലെ അസ്ഥിയുടെയും മാംസത്തിന്റെയും രക്തത്തിന്റെയും സൗന്ദര്യം കണ്ടുകൊണ്ടാണോ? തീർച്ചയായും ഇവയുടെ പിറകിൽ ഈശ്വരൻ മറഞ്ഞിരിക്കുന്നുണ്ടാവണം. ആ ഈശ്വരന് മാത്രമേ നമ്മുടെ അനന്തമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ കഴിയൂ. സൗന്ദര്യത്തിലും ശക്തിയിലും അറിവിലുമെല്ലാം ഈശ്വരനെ തന്നെ കാണുവിൻ. നിങ്ങൾ അന്വേഷിക്കുന്നതും അതിനെത്തന്നെയല്ലേ? നിങ്ങൾ ഈശ്വരനെ അന്വേഷിക്കുന്നു; എന്നാൽ നിങ്ങളത് അറിയുന്നില്ല. ഈശ്വരന് പകരം വക്കുവാൻ മറ്റൊരു സത്തയില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120