ബിനോയ് എം. ജെ.

മനസ്സ് ഒരു മിഥ്യയാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. അതിനാൽതന്നെ മനസ്സിൽ തോന്നുന്ന ചിന്തകൾക്ക് നാമധികം പ്രാധാന്യം കൊടുക്കുവാൻ പാടില്ല. മനസ്സിനെകുറിച്ചു പഠിച്ചാൽ അതിലെ ഭൂരിഭാഗം ചിന്തകളും നിഷേധാത്മകമാണെന്ന് കാണുവാൻ സാധിക്കും. മനസ്സ് നിഷേധാത്മകതയുടെ പര്യായമാണ്. ഇത്തരം നിഷേധാത്മക ചിന്തകളെ നാം ഗൗരവത്തിലെടുക്കുമ്പോൾ നമ്മുടെ ജീവിതം തന്നെ മിഥ്യയിലേക്ക് ചായുന്നു. നമുക്ക് യാഥാർഥ്യവുമായുള്ള ബന്ധം നഷ്ടപ്പെട്ടു പോകുന്നു. നമ്മുടെ പൊരുത്തപ്പടൽ അവതാളത്തിൽ ആകുന്നു. നമ്മുടെ സന്തോഷം പരിമിതപ്പെടുന്നു. നാമെല്ലാവരും തന്നെ നിഷേധാത്മകമായി ചിന്തിക്കുന്നവരാണ്. എന്നുമാത്രമല്ല അത്തരം ചിന്തകൾ യഥാർത്ഥവും സത്യവുമാണെന്ന് നാം വാദിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ എന്താണ് നമ്മുടെ പ്രശ്നം?

നിഷേധാത്മക ചിന്തയുടെ ഒരു ബീജം തുടക്കത്തിൽ തന്നെ മനുഷ്യന്റെ മനസ്സിൽ കടന്നു കൂടുന്നു. അത് മനുഷ്യനാകുന്നതിന് മുൻപേ തന്നെ-മൃഗജന്മങ്ങളിൽതൊട്ട് തന്നെ-സംഭവിക്കുന്നതാവാം. നിഷേധാത്മകചിന്തയുടെ ഈ അടിത്തറയിൽ നാം നിഷേധാത്മക ചിന്തയുടെ ഒരു സൗധം തന്നെ പടുതുയർത്തുന്നു. ഇതാണ് മനുഷ്യമനസ്സ്. അതിൽ ഭാവാത്മകതയുടെ കണികപോലുമില്ല. അതുകൊണ്ടാണ് മനുഷ്യൻ ഇത്രയധികം വേദനിക്കുന്നത്. ഇതിൽ നിന്നും മോചനം തേടണമെന്ന് അവന് ആഗ്രഹമുണ്ട്, പക്ഷേ സാധിക്കുന്നില്ല! ഇന്നല്ലെങ്കിൽ നാളെ താനതിൽ വിജയിക്കുമെന്ന് അവൻ പ്രത്യാശിക്കുന്നു, പക്ഷേ സാധിക്കുന്നില്ല! നിഷേധാത്മക ചിന്തയുടെ ആ ശക്തി അവനെ കൂടുതൽ കൂടുതൽ നിഷേധാത്മകമായി തന്നെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു. ഇതിൽ നിന്നും എങ്ങനെ മോചനം നേടാം?

ആദ്യമായി നാം ഭാവാത്മക ചിന്തയെയും നിഷേധാത്മക ചിന്തയെയും വേർതിരിച്ചറിയേണ്ടിയിരിക്കുന്നു. നിഷേധാത്മക ചിന്തകൾ വരുന്ന മുറയിൽതന്നെ അവയെ തിരുത്തേണ്ടിയിരിക്കുന്നു. “യാഥാർത്ഥ്യം ഇതല്ല; യാഥാർത്ഥ്യം ഇതല്ല;” എന്നു പറഞ്ഞു കൊണ്ട് നിഷേധാത്മക ചിന്തകളെ തിരുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുക. ഇപ്രകാരം ഭാവാത്മക ചിന്തകൾക്ക് പ്രവേശിക്കുവാനുള്ള സ്ഥലം മനസ്സിൽ ഉണ്ടാക്കിയെടുക്കുക. ഭാവാത്മക ചിന്തകൾ വന്നു തുടങ്ങുമ്പോൾ മനസ്സിന്റെ ആനന്ദവും ആരോഗ്യവും മെച്ചപ്പെട്ട് വരുന്നതായി കാണാം. ധീരമായി മുന്നോട്ട് തന്നെ നീങ്ങുവിൻ! ഒരുനാൾ നിങ്ങളുടെ മനസ്സിൽ നിന്നും നിഷേധാത്മക ചിന്തകൾ പൂർണ്ണമായും തുടച്ചു നീക്കപ്പെടും. അന്ന് നിങ്ങൾ ഭാവാത്മകമായ ഒരു സത്തയായി മാറും. നിങ്ങളുടെ വ്യക്തി ബോധം തന്നെ തിരോഭവിച്ചുകഴിഞ്ഞിരിക്കും. നിങ്ങൾ ഈശ്വരനായി കഴിഞ്ഞിരിക്കും.

സത്യാന്വേഷണത്തെക്കുറിച്ച് നാമെല്ലാവരും കേട്ടിട്ടുണ്ട്; പറയുകയും ചെയ്യുന്നു. എന്താണ് സത്യാന്വേഷണം? ആത്മാവിനെ മിഥ്യയിൽനിന്നും മോചിപ്പിക്കുക. നിഷേധാത്മക ചിന്തകളുടെ സമാഹാരമായ മനസ്സാകുന്നു മിഥ്യ. ആ മനസ്സിന്റെ സൃഷ്ടിയായ പ്രപഞ്ചവും മിഥ്യ തന്നെ. ഭാവാത്മക ചിന്തകൾ മനസ്സിലേക്ക് കടന്നു വരട്ടെ. അപ്പോൾ പരിമിതവും നിഷേധാത്മകവുമായ ഈ പ്രപഞ്ചവും മനസ്സുതന്നെയും തിരോഭവിക്കുന്നു. നിങ്ങൾ ഈശ്വരനിൽ ലയിക്കുകയും ചെയ്യുന്നു. ഓരോ ഭാവാത്മക ചിന്തയും മനസ്സിൽ ഉദിക്കുമ്പോൾ “ഇതുതന്നെ സത്യം ഇതുതന്നെ സത്യം “എന്നു പറഞ്ഞു കൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുക. ഇപ്രകാരം കാലം കഴിയുന്തോറും നിങ്ങളുടെ മനസ്സ് കൂടുതൽ കൂടുതൽ ഭാവാത്മകവും യാഥാർഥ്യത്തിൽ ഉറച്ചതും ആയി മാറും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിഷേധാത്മകമായതെല്ലാം നുണയാകുന്നു. നിങ്ങൾ മരിച്ചുപോകുമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് നുണയാകുന്നു. കാരണം നിങ്ങൾ ജനനമോ മരണമോ ഇല്ലാത്ത ആ അനന്തസത്തയാണ്. നിഷേധാത്മകമായി കാണുന്ന ഈ ബാഹ്യ പ്രപഞ്ചവും ഒരു നുണ തന്നെ. അത്യന്തം ഭാവാത്മകവും അനന്തനന്മസ്വരൂപിയുമായ ഈശ്വരൻ മാത്രമാണ് സത്യം! നിഷേധാത്മകമായ എല്ലാ ചിന്തകളെയും തള്ളിക്കളയുകയും തത് സ്ഥാനത്ത് ഭാവാത്മകമായ ചിന്തകളെ പ്രതിഷ്ഠിക്കുകയും ചെയ്തുതുടങ്ങുമ്പോൾ നാം മാനസികാരോഗ്യത്തിൽ വളരുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120